സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മോടിപിടിപ്പിക്കലിന് വിലക്ക്; ചെലവ് ചുരുക്കാൻ നീക്കം

kerala-secretariat-1
SHARE

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാര്‍ കടുത്ത സാമ്പത്തി അച്ചടക്ക നടപടികളിലേക്ക്. ജീവനക്കാരുടെ ശമ്പളം മാറ്റിവെയ്ക്കുന്നത് ഏപ്രില്‍ വരെ തുടരാന്‍ സര്‍ക്കാര്‍ നീക്കം. പിഎഫില്‍ ലയിപ്പിക്കുന്ന നിലവില്‍ പിടിച്ച ശമ്പളം  ജൂണിന് ശേഷം മാത്രമേ പിന്‍വലിക്കാന്‍ അനുമതിയൊള്ളൂ. ജീവനക്കാരുടെ ശൂന്യവേത അവധി അഞ്ചുവര്‍ഷമായി വെട്ടിക്കുറച്ചു. തദ്ദേശതിരഞ്ഞെടുപ്പില്‍ വോട്ടിങ് സമയം ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിക്കുന്നതിനും കോവിഡ് രോഗികള്‍ക്കും തപാല്‍ വോട്ട് അനുവദിക്കുന്നതിനും ഓഡിനന്‍സ് കൊണ്ടുവരാനും സര്‍ക്കാര്‍ തീരുമാനിച്ചു. 

സാമ്പത്തിക അച്ചടക്കം പാലിച്ച് ചിലവ് ചുരുക്കുന്നത് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച രണ്ടു സമിതികളുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് മന്ത്രിസഭയുടെ തീരുമാനം. ജീവനക്കാരുടെ ശമ്പളം നിലവിലെ പോലെ ഏപ്രിലില്‍ വരെ മാറ്റിവെയ്ക്കുന്നത് തുടരും. പിടിക്കുന്ന ശമ്പളത്തിന് 9% പലിശ നൽകും. എന്നാല്‍ അന്തിമതീരുമാനം ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ചയ്ക്കുശേഷം മാത്രമാകും. സര്‍ക്കാര്‍ ജീവനക്കാരുടെ പി.എഫില്‍ ലയിപ്പിക്കുന്ന ശമ്പളം ജൂണ്‍ മുതല്‍ പിന്‍വലിക്കാം. പി.എഫ് ഇല്ലാത്ത പെന്‍ഷന്‍കാര്‍ അടക്കമുളളവര്‍ക്ക് തുക തുല്യതവണയായി നല്‍കും. ലീവ് സറണ്ടര്‍ ആനുകൂല്യവും പിഎഫില്‍ ലയിപ്പിക്കും. അടുത്ത സാമ്പത്തിക വര്‍ഷത്തെ ലീവ് സറണ്ടര്‍ ജൂണ്‍ മുതലെ അനുവദിക്കൂ. സര്‍ക്കാര്‍ ജീവനക്കാരുടെ ശൂന്യവേതന അവധി 20 വര്‍ഷമായിരുന്നത് അഞ്ചുവര്‍ഷമാക്കി. അവധിക്കുശേഷം ജോലിക്കെത്തിയില്ലെങ്കില്‍ രാജിവച്ചതായി കണക്കാക്കും.

സര്‍ക്കാര്‍ സ്ഥാപനങ്ങളും ഓഫീസുകളും മോടിപിടിപ്പിക്കുന്നതിന് ഒരുവര്‍ഷത്തേക്ക് കര്‍ശന  വിലക്ക് ഏര്‍പ്പെടുത്തി. പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിനും ഒരു വര്‍ഷത്തേക്ക് വിലക്ക്.  അധ്യാപകനിയമനങ്ങളിലും  ഇടപെടല്‍ വരികയാണ്. എഡി‍‍ഡസ് സ്കൂളുകളില്‍ അധ്യാപകനിയമനത്തില്‍ പ്രോട്ടക്ടഡ് അധ്യാപകര്‍ക്ക് മു‍ന്‍ഗണന. അധ്യാപന സമയം ആഴ്ചയില്‍ കുറഞ്ഞത് പതിനാറു മണിക്കൂര്‍ ഉണ്ടാകണമെന്ന വ്യവസ്ഥയിലെ കോളജ് അധ്യാപക തസ്തിക അനുവദിക്കൂ. കാലാവധി കഴിഞ്ഞ പദ്ധതികളിലെ ജീവനക്കാരെ മറ്റു വകുപ്പുകളിലേക്ക് മാറ്റി നിയമിക്കും. ക്ഷേമനിധികള്‍, കമ്മീഷനുകള്‍, അതോറിറ്റികള്‍, സൊസൈറ്റി തുടങ്ങി  സേവന ഉദ്ദേശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ  ഇരട്ടിപ്പ് ഒഴിവാക്കി ഒറ്റ ഭരണ സംവിധാനങ്ങളാക്കി മാറ്റും. വാടക മുറികളില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ ഒഴിവുള്ള  സര്‍ക്കാര്‍ കെട്ടിടങ്ങളിലേക്ക്  മാറ്റും. സര്‍ക്കാര്‍ ഭൂമിയുടെ പാട്ടത്തുക കമ്പോളവില അടിയന്തിരമായി പിരിച്ചെടുക്കാന്‍ ടാസ്ക്ക് ഫോഴ്സ രൂപീകരിക്കും. യോഗങ്ങള്‍ പരമാവധി ഓണ്‍ലൈനാക്കണം യാത്രാചിലവുകള്‍ കര്‍ശനമായി നിയന്തിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. വിവാദങ്ങള്‍ക്കിടെ കെ ടി ജലീല്‍ പങ്കെടുത്ത മന്ത്രസഭാ യോഗത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പടെ ആരു ജലീലുമായി ബന്ധപ്പട്ട വിവാദം പരാമര്‍ശിച്ചില്ല.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...