പിഎസ്‌സിക്ക് മുന്നിൽ ഏറ്റുമുട്ടൽ; യൂത്ത് കോണ്‍ഗ്രസ് സമരപ്പന്തല്‍ ആക്രമിച്ചു

dyfi-youth-congress-01
SHARE

തിരുവനന്തപുരം പി എസ് സി ഓഫീസിനു മുമ്പിൽ ഡിവൈഎഫ്ഐ യൂത്ത് കോൺഗ്രസ് തെരുവുയുദ്ധം. യൂത്ത് കോൺഗ്രസ് സമരപന്തൽ സംഘടിച്ചെത്തിയ ഡിവൈഎഫ്ഐ ക്കാർ ആക്രമിച്ചതിനു പിന്നാലെയായിരുന്നു സംഘർഷം. പ്രതിപക്ഷ നേതാവ് വേദിവിട്ട് നിമിഷങ്ങൾക്കകമുണ്ടായ സംഘർഷം മുൻകൂട്ടി കാണുന്നതിലും തടയുന്നതിലും ഗുരുതര വീഴ്ചയാണ് പൊലീസിന്റെ ഭാഗത്തുണ്ടായത്.

പി എസ് സി ഓഫീസിനു മുൻ വശം പത്തു മിനിറ്റോളം യുദ്ധക്കളമായിരുന്നു. പി എസ് സി റാങ്ക് ലിസ്റ്റിലുണ്ടായിരുന്ന ഉദ്യോഗാർഥിയുടെ ആത്മഹത്യയിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് പട്ടിണി സമരം നടത്തിയത്. പ്രതിപക്ഷ നേതാവ്  സമരം ഉദ്ഘാടനം ചെയ്ത് വേദി വിട്ട് നിമിഷങ്ങൾക്കകമാണ് 50 ലേറെ ഡി വൈ എഫ് ഐ പ്രവർത്തകർ ഇരച്ചെത്തിയത്. ഡി വൈ എഫ് ഐ പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിലെത്തിയ സംഘം യൂത്ത് കോൺഗ്രസ് സമര പന്തലിനു നേരെ കല്ലെറിഞ്ഞു. തുടർന്നു കല്ലും കസേരകളുമായി ഇരു കൂട്ടരും ഏറ്റുമുട്ടി. 

എം എൽ എ മാരായ എം വിൻസന്റ് , ഷാഫി പറമ്പിൽ , കെ എസ് ശബരീ നാഥൻ തുടങ്ങിയവർ വേദിയിലുണ്ടായിരുന്നു. ചുരുക്കം ചില പൊലീസുകാർക്ക് അക്രമം തടയാനായില്ല. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ഡി വൈ എഫ് ഐക്കാർ തുടർന്ന് പിരിഞ്ഞു പോയി. എം എൽ എ മാർ ഉൾപ്പെടെയുള്ള കോൺഗസ് നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി .

നേരത്തെ രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക വസതിയിലേയ്ക്ക് തള്ളിക്കയറാൻ ശ്രമിച്ച ഡി വൈ എഫ് ഐ പ്രവർത്തകരെ പൊലീസ് നീക്കിയിരുന്നു. അക്രമമുണ്ടാകുമെന്ന ആശങ്ക ഡിജിപിയേയും കമ്മീഷണറേയും അറിയിച്ചിരുന്നെന്നും പൊലീസ് ഒത്തു കളിക്കുകയായിരുന്നുവെന്നും പ്രതിപക്ഷ നേതാവിന്റെ ഓഫീസ് ആരോപിച്ചു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...