കോണ്‍ഗ്രസില്‍ സമ്പൂര്‍ണ പൊളിച്ചെഴുത്ത് വേണം; സോണിയക്കു നേതാക്കളുടെ കത്ത്

aicc-meeting
SHARE

കോൺഗ്രസിൽ സമ്പൂർണ പൊളിച്ചെഴുത്ത് ആവശ്യപ്പെട്ട് 23 മുതിർന്ന നേതാക്കൾ സോണിയാ ഗാന്ധിക്ക് കത്തു നൽകി. മുഴുവൻ സമയ അധ്യക്ഷൻ, സംഘടനാ തിരഞ്ഞെടുപ്പ് തുടങ്ങി ആറു പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് കത്ത്. നാളെ പ്രവർത്തക സമിതി ചേരാനിരിക്കെയാണ് നേതാക്കളുടെ നീക്കം. രാഹുലോ പ്രിയങ്കയോ അധ്യക്ഷ പദവി ഏറ്റെടുത്തില്ലെങ്കിൽ ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നു ആളെ കണ്ടെത്തണമെന്ന് കത്തിൽ ഒപ്പിട്ട പി.ജെ.കുര്യൻ മനോരമ ന്യൂസിനോട് പറഞ്ഞു. 

ഗുലാം നബി ആസാദ്, ആനന്ദ് ശർമ, ഭൂപീന്ദർ ഹൂഡ, മനീഷ് തീവാരി, മുകുൾ വാസ്നിക്, ശശി തരൂർ തുടങ്ങി 23 സുപ്രധാന നേതാക്കൾ ഒപ്പിട്ട കത്താണ് പത്ത് ജൻപഥിൽ സോണിയാ ഗാന്ധിക്ക് മുൻപിലുള്ളത്. ലോക്സഭാ തിരഞ്ഞെടുപ്പ് നടന്ന് ഒരു വർഷം പിന്നിട്ടിട്ടും ദയനീയ തോൽവി വിലയിരുത്താൻ ആത്മാർഥമായ ശ്രമമുണ്ടായില്ലെന്ന രൂക്ഷവിമർശനം ഉയർത്തുന്ന കത്തിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ സ്വീകരിക്കേണ്ട നടപടികൾ വിശദമാക്കുന്നുണ്ട്. മുഴുവൻ സമയ അധ്യക്ഷനെ തിരത്തെടുക്കണം , ബ്ലോക്ക് തലം മുതൽ എഐസിസി വരെ സംഘാടനാ തിരഞ്ഞെടുപ്പ്, സുതാര്യമായ രീതിയിൽ തിരഞ്ഞെടുപ്പ് നടത്താൻ സ്വതന്ത്ര അതോറിറ്റി, പാർലമെന്ററി ബോർഡ് രൂപീകരണം , കോൺഗ്രസ് വിട്ടു പോയവരെയും അകന്നു നിൽക്കുന്നവരെയും തിരിച്ചു കൊണ്ടുവരാൻ നടപടി, മുന്നണി ശക്തിപ്പെടുത്തൽ തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ. പാർട്ടിയെ ശക്തിപ്പെടുത്തൽ മാത്രമാണ് ലക്ഷ്യമെന്ന് കത്തിൽ ഒപ്പിട്ട പി.ജെ.കുര്യൻ മനോരമ ന്യൂസിനോട് പറഞ്ഞു.

എന്നാൽ, രാഹുൽ ഗാന്ധി അല്ലാതെ മറ്റൊരാളെക്കുറിച്ച് ചിന്തിക്കാനാവില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. അതേസമയം, സോണിയ ഗാന്ധിക്കുള്ള കത്തിൽ രാജ്യത്തെ 300 പ്രധാന നേതാക്കൾ ഒപ്പുവച്ചിട്ടുണ്ടെന്ന് കോൺഗ്രസിൽ നിന്ന് അടുത്തിടെ സസ്പെൻഡ് ചെയ്യപ്പെട്ട സഞ്ജയ് ഝാ ടിറ്ററിൽ  കുറിച്ചു. അധ്യക്ഷ പദവിയിലേക്കില്ലെന്ന് രാഹുല്യം പ്രിയങ്കയും ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തിൽ നാളത്തെ പ്രവർത്തക സമിതിയിൽ കത്ത്ചൂടുപിടിക്കുമെന്നാണ് സൂചന

MORE IN BREAKING NEWS
SHOW MORE
Loading...
Loading...