കോവിഡ് മരണം: റിപ്പോർട്ടിൽ‌ തിരിമറി; സര്‍ക്കാര്‍ കണക്കുകളില്‍ വൈരുധ്യം

covid-volunteers
SHARE

കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ തിരിമറിയെന്ന സംശയം ബലപ്പെടുത്തി ആരോഗ്യവകുപ്പിന്റെ തന്നെ കണക്കുകള്‍. രോഗവ്യാപന മേഖലകളേക്കുറിച്ചുളള റിപ്പോര്‍ട്ടില്‍ 34 എന്നും ആരോഗ്യവകുപ്പ് ഡയറക്ടറുടെ വെബ്സൈറ്റില്‍  22 എന്നും വ്യത്യസ്ത കണക്കുകളാണ് തിരുവനന്തപുരത്തെ ഒൗദ്യോഗിക മരണസംഖ്യയായി നല്‍കിയിരിക്കുന്നത്. ശാന്തികവാടത്തില്‍ മാത്രം 24 മൃതദേഹങ്ങള്‍ അടക്കം ചെയ്തതില്‍ ആറെണ്ണം മാത്രമാണ് ഒൗദ്യോഗിക രേഖയില്‍ ഉള്‍പ്പെടുത്തിയത്.  എന്നാല്‍ എല്ലാ മരണങ്ങളും കോവിഡ് മരണമായി കണക്കാക്കാറില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. 

ജയാനന്ദന്‍, രമേശന്‍, തങ്കപ്പന്‍, ജമ,  ക്രിസ്തുദാസ് , ക്ളീറ്റസ്, തുടങ്ങി ജീവിച്ചിരിക്കുമ്പോഴോ മരണ ശേഷമോ കോവിഡ് സ്ഥിരീകരിച്ച 24 പേരാണ് രണ്ടു മാസത്തിനിടെ ശാന്തികവാടത്തില്‍ എരിഞ്ഞടങ്ങിയത്. കോവിഡെന്ന ഒററക്കാരണത്താല്‍ ഇതര മതവിശ്വാസികളേയും ഇവിടെ ആചാര പ്രകാരം സംസ്കരിച്ചിട്ടുണ്ട്. എന്നാല്‍ അവരില്‍ സര്‍ക്കാര്‍ കോവിഡ് മരണമായി കണക്കാക്കിയത് ആറുപേരുടേത് മാത്രം. ഇന്നലെ വരെയുളള കണക്കുകള്‍ പ്രകാരം തിരുവനന്തപുരം ജില്ലയില്‍ മരിച്ചത് 22 പേര്‍ മാത്രം. 

എന്നാല്‍ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച രോഗവ്യാപന മേഖലകളേക്കുറിച്ചുളള വിശദമായ റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ: ജില്ലയിലെ വലിയ ക്ളസ്റററുകളില്‍ 31 പേരും ചെറിയ ക്ളസ്റററുകളില്‍ 3 പേരും ഉള്‍പ്പെടെ 34 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. സംസ്ഥാനത്ത് ഒൗദ്യോഗിക മരണ സംഖ്യ 120 ആണ്. ഒാരോ ജില്ലകളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് മരണങ്ങള്‍ അനൗദ്യോഗിക കണക്ക്് പ്രകാരം 214 ആയി. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ചാണ്  കോവിഡ് മരണം കണക്കാക്കുന്നതെന്നാണ് ഇതിന് ആരോഗ്യവകുപ്പിന്‍റെ വിശദീകരണം. അര്‍ബുദമുള്‍പ്പെടെ ബാധിച്ചിരുന്നവരേയും കോവിഡ് മരണങ്ങളുടെ പട്ടികയില്‍പ്പെടുത്തിയിട്ടില്ലെന്ന് ആരോഗ്യവകുപ്പിന്റെ വെബ്സൈററില്‍ പറയുന്നു. എന്നാല്‍ അര്‍ബുദ ബാധിതരുള്‍പ്പെടെ കോവിഡ് സ്ഥിരീകരിച്ച ശേഷം  മരിച്ചാല്‍ അത് കോവിഡ് മരണമായി കണക്കാക്കണമെന്നാണ് ലോകാരോഗ്യസംഘടനയും കേന്ദ്ര ആരോഗ്യമന്ത്രാലയും നിര്‍ദേശിക്കുന്നത്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...