കാണാതായ ഹംസയെ കണ്ടെത്തി; ആശുപത്രിയിൽ ചികിത്സയിൽ

Hamsa-02
SHARE

കരിപ്പൂരില്‍ അപകടത്തില്‍പെട്ട എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിന്റെ ഫ്ലൈറ്റ് റെക്കോര്‍ഡര്‍ കണ്ടെടുത്തു. അപകടകാരണം അറിയുന്നതില്‍ നിര്‍ണായകമാണ് ഇത്. വിമാന അപകടത്തില്‍ മരണം 18 ആയി. ചികില്‍സയില്‍ കഴിയുന്ന 172 പേരില്‍ 16 പേരുടെ നില ഗുരുതരമാണ്. ദുരന്തത്തില്‍ മരിച്ച  ഒരാളെക്കൂടി തിരിച്ചറിഞ്ഞു. മെഡി. കോളജിലുള്ള കോഴിക്കോട് പുറമേരി രമ്യ മുരളീധരനെയാണ് തിരിച്ചറിഞ്ഞത്.  കോഴിക്കോട് മെഡിക്കല്‍ കോളജ്, ബീച്ച് ആശുപത്രി, ബേബി മെമ്മോറിയല്‍ ആശുപത്രി, മിംസ് എന്നിവിടങ്ങളിലാണ് പരുക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. കുറ്റിപ്പുറത്തുകാരനായ ചോയിമഠത്തില്‍ ഹംസയെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതിയുമായി എത്തിയെങ്കിലും ഇദ്ദേഹം ബീച്ച് ആശുപത്രിയില്‍ അത്യാഹിതവിഭാഗത്തില്‍ ചികില്‍സയിലാണെന്നു പിന്നീട് കണ്ടെത്തി.

വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായില്‍ നിന്ന് വന്ന എ.ഐ.1334 ബോയിങ് വിമാനമാണ് ലാന്‍ഡിങ്ങിനിടെ അപകടത്തില്‍ പെട്ടത്. റണ്‍വേയില്‍ നിന്ന് തെന്നിമാറി വിമാനം 35 അടി താഴ്ചയിലേക്ക് വീണ് പിളരുകയായിരുന്നു. ഇന്നലെ വൈകീട്ട് 7 മണി കഴിഞ്ഞായിരുന്നു ദുരന്തം. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ വ്യോമയാന മന്ത്രാലയ ഉദ്യോഗസ്ഥരും എയര്‍ ഇന്ത്യാ അധികൃതരും കരിപ്പൂരില്‍ എത്തിയിട്ടുണ്ട്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും അല്‍പസമയത്തിനകം കരിപ്പൂരില്‍ എത്തും. ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയും ഡിജിപി ലോക്നാഥ് ബെഹ്റയും ഇവരെ അനുഗമിക്കുന്നുണ്ട്. ചികില്‍സ ഉറപ്പാക്കുന്നതിനും മൃതദേഹങ്ങള്‍ വിട്ടുകൊടുക്കുന്നതിനും നടപടികള്‍ തുടരുകയാണെന്ന് മലപ്പുറം ജില്ലാ കലക്ടര്‍ പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...