സുശാന്തിന്റെ മരണം; സിബിഐ കേസെടുത്തു; നടി റിയ ഉള്‍പ്പെടെ 6 പ്രതികൾ

sushanth-reha-1
SHARE

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്‍പുത്തിന്‍റെ മരണത്തില്‍ കേസേറ്റെടുത്ത സിബിഐ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്‍തു. നടി റിയ ചക്രവര്‍ത്തി, മാതാപിതാക്കള്‍, സഹോദരന്‍, ഉള്‍പ്പടെ ആറ് പേരാണ് പ്രതികള്‍. കൂടുതലാളുകള്‍ പ്രതിപ്പട്ടികയില്‍ വരുമെന്നാണ് അന്വേഷണസംഘം നല്‍കുന്ന വിവരം. എന്‍ഫോഴ്‍സ്മെന്‍റ് ഡയറക്ട്രേറ്റ് റജിസ്റ്റര്‍ ചെയ്‍ത കള്ളപ്പണ ഇടപാട് കേസില്‍ റിയ ചക്രവര്‍ത്തിയെ നാളെ ചോദ്യം ചെയ്യും.

സുശാന്തിന്‍റെ മരണത്തിലെ നേരറിയാന്‍ സിബിഐ എത്തുന്നു. ബിഹാര്‍ പൊലീസിന്‍റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ കേസെടുത്ത സിബിഐ സംഘം സുശാന്തിന്‍റെ കുടുംബമുള്ള ബിഹാറിലെ പട്‌നയിലാകും ആദ്യം എത്തുക. മരണത്തില്‍ ദുരൂഹത ഉയര്‍ത്തിയ സുശാന്തിന്‍റെ പിതാവ് ഉള്‍പ്പടെയുള്ളവരില്‍നിന്ന് മൊഴിയെടുക്കും. തുടര്‍ന്നാകും മുംബൈയിലെ അന്വേഷണം. നടന്‍റെ മരണം അന്വേഷിക്കാന്‍ വിദഗ്‍ധരുള്‍പ്പടെ പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ചു.

എസ്.പി നുപുര്‍ പ്രസാദായിരിക്കും സിബിഐ അന്വേഷണസംഘത്തലവന്‍. ബിഹാര്‍ പൊലീസില്‍നിന്ന് കേസിന്‍റെ വിശദാംശങ്ങള്‍ ശേഖരിക്കും. എന്നാല്‍ കേസന്വേഷണത്തിന്‍റെ അധികാരപരിധി സംബന്ധിച്ച തര്‍ക്കത്തില്‍ സുശാന്തിന്‍റെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പടെ മുംബൈ പൊലീസ് ബിഹാറില്‍നിന്നുള്ള അന്വേഷണസംഘത്തിന് കൈമാറിയിരുന്നില്ല. കേസ് സിബിഐക്ക് വിടാന്‍ ബിഹാര്‍ സര്‍ക്കാരിന് അധികാരമില്ലെന്ന വാദം സുപ്രീംകോടതിയില്‍ ഉയര്‍ത്തിയ മഹാരാഷ്ട്ര സര്‍ക്കാര്‍ സിബിഐ അന്വേഷണത്തെ ഇപ്പോളും എതിര്‍ക്കുകയാണ്. അതേസമയം, സുശാന്തിന്‍റെ കാമുകി റിയ ചക്രവര്‍ത്തിയുടെ സുഹൃത്തും സുശാന്തിന്‍റെ മുന്‍മാനേജറുമായ സാമുവേല്‍ മിറണ്ടയെ ചോദ്യം ചെയ്‌ത ഇഡി നാളെ റിയയെ ചോദ്യം ചെയ്യും. 

അതേസമയം, ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മുൻ മാനേജർ ദിഷ സാലിയന്റെ മരണത്തിൽ മുംബൈ പൊലീസിന്റെ നിലപാട് സംശയകരമെന്ന് ആരോപണം. ദിഷയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നതോടെ മുംബൈ പൊലീസിന്റെ വീഴ്ചകൾ അക്കമിട്ടു രംഗത്തു വന്നിരിക്കുകയാണ് ദേശീയ മാധ്യമങ്ങൾ.

സുശാന്ത് ജീവനൊടുക്കിയതിന് ഒരാഴ്ച മുൻപ് ജൂൺ 8 നാണ് മുംബൈ മലാഡിലെ കെട്ടിട സമുച്ചയത്തിൽനിന്നു വീണു മരിച്ച നിലയിൽ ദിഷയെ കണ്ടെത്തിയത്. സുശാന്ത് മരിച്ചപ്പോൾ അതിനെ ദിഷയുടെ മരണവുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നായിരുന്നു മുംബൈ പൊലീസിന്റെ നിലപാട്. അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ച് സുശാന്തിന്റെ പിതാവ് ബിഹാർ പൊലീസിനു പരാതി നൽകി.

ബിഹാർ പൊലീസിനോട് തുടക്കം മുതൽ മുംബൈ പൊലീസ് കാട്ടിയ നിസ്സഹകരണം സംശയകരമാണെന്ന് മാധ്യമങ്ങളടക്കം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി, ദിഷ സാലിയന്റെ മരണവുമായി ബന്ധപ്പെട്ട ഫയലുകൾ ബിഹാർ പൊലീസിന് കൈമാറാനാകില്ലെന്ന് മുംബൈ പൊലീസ് വ്യക്തമാക്കി. സുശാന്തിന്റെ കാമുകിയും ഇപ്പോൾ ആരോപണ വിധേയയുമായ റിയ ചക്രവർത്തിയുടെ മാനേജരായും ദിഷ പ്രവർത്തിച്ചിട്ടുണ്ട്.

ഇതാണ് നടന്റെയും ദിഷയുടെയും മരണങ്ങൾ തമ്മിൽ ബന്ധമുണ്ടോ എന്നന്വേഷിക്കാൻ ബിഹാർ പൊലീസിനെ പ്രേരിപ്പിച്ചത്. ദിഷയുടെ മരണം സംബന്ധിച്ച പല നിർണായക വിവരങ്ങളും നശിപ്പിക്കാൻ മുംബൈ പൊലീസ് ശ്രമിച്ചെന്നു തുടക്കം മുതൽ പരാതി ഉണ്ടായിരുന്നു. രണ്ടു മരണങ്ങളും തമ്മിൽ ബന്ധമുണ്ടോയെന്ന് പരിശോധിക്കണമെന്ന ബിഹാർ പൊലീസിന്റെ ആവശ്യത്തെ ഫയലുകൾ കാണാനില്ലെന്ന ഒഴുക്കൻ മറുപടിയുമായാണ് മുംബൈ പൊലീസ് പ്രതിരോധിച്ചത്.

പക്ഷേ ദിഷയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നതോടെയാണ് മുംബൈ പൊലീസിന്റെ വീഴ്ചകൾ വ്യക്തമാക്കി ദേശീയ മാധ്യമങ്ങൾ രംഗത്തെത്തിയത്. തലയ്ക്കേറ്റ പരുക്കുകൾ കൂടാതെ ദിഷയുടെ ശരീരത്തിൽ ചില അസ്വാഭാവിക പരുക്കുകൾ കൂടി കണ്ടെത്തിയതായി കഴിഞ്ഞ ദിവസം പുറത്തു വന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാണ്. ജൂൺ 8 ന് മരിച്ച ദിഷയുടെ പോസ്റ്റ്മോർട്ടം ജൂൺ 11 ന് ആണ് നടന്നത്. അതു വൈകിപ്പിച്ചത് ബോധപൂർവമാണെന്നും പരാതിയുയർന്നിരുന്നു.

മൃതദേഹത്തിലുണ്ടായിരുന്ന വസ്ത്രങ്ങൾ പരിശോധനയ്ക്ക് അയയ്ക്കാനോ തുടർപരിശോധനയ്ക്കായി സൂക്ഷിക്കാനോ മുംബൈ പൊലീസ് തയാറായില്ല. ഇത് വിമർശനത്തിന് കാരണമായി. തെളിവെടുപ്പിന് ഫൊറൻസിക് സംഘമെത്താതിരുന്നതും സംശയകരമായിരുന്നു. ദിഷയുടെ മരണത്തിൽ തന്റെ പേര് വലിച്ചിഴയ്ക്കുന്നതിനെതിരെ നടൻ സൂരജ് പാഞ്ചോളി രംഗത്തെത്തി. തന്റെയും ദിഷയുടേതും എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങൾ സുഹൃത്ത് അനുശ്രീ ഗൗറിന്റെതെന്നു വ്യക്തമാക്കിയ സൂരജ് ജീവിതത്തിൽ ഒരിക്കൽ പോലും ദിഷയെ കണ്ടിട്ടില്ലെന്നും പറഞ്ഞു.

ദിഷയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ അസ്വാഭാവികത ഒന്നുമില്ലെന്നും മുംബൈ പൊലീസിന്റെ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നുമാണ് ദിഷയുടെ കുടുംബം പറയുന്നത്. കേസ് അട്ടിമറിക്കാൻ മഹാരാഷ്ട്ര സർക്കാർ തലത്തിൽ ശ്രമങ്ങളുണ്ടെന്നും ദിഷയുടെ കുടുംബത്തിനു മേൽ സമ്മർദം ഉണ്ടെന്നുമുള്ള ആരോപണവുമായി ബിജെപി രംഗത്തത്തി.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...