അഴിമതി: ശിവശങ്കറിനെതിരെ അന്വേഷണത്തിന് വിജിലൻസും; അനുമതി തേടി

sivasankar-pinarayi-1
SHARE

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരെയുള്ള വിജിലന്‍സ് അന്വേഷണത്തിനു അനുമതി തേടി വിജിലന്‍സ് സര്‍ക്കാരിനെ സമീപിച്ചു. അഴിമതി നിരോധന നിയമ ഭേദഗതി പ്രകാരം അന്വേഷണത്തിനു സര്‍ക്കാര്‍ അനുമതി ആവശ്യമാണ്. ഒന്നും മറയ്ക്കാനില്ലെങ്കിൽ അന്വേഷണാനുമതി വൈകുന്നത് എന്തുകൊണ്ടെന്നു മുഖ്യമന്ത്രി വ്യക്തമാക്കണമെന്നു പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

അഴിമതി നിരോധന നിയമ ഭേദഗതി 17 (എ) പ്രകാരം മന്ത്രിമാര്‍, എം.എല്‍.എമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണത്തിനു സര്‍ക്കാര്‍ അനുമതി ആവശ്യമാണ്. ഇതു പ്രകാരം  വിജിലന്‍സ് ഡയറക്ടര്‍ അനില്‍കാന്ത് പരാതികൾ ഫയലാക്കി അനുമതി ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അനുമതി ലഭ്യമായാല്‍ അന്വേഷണം ആരംഭിക്കാനാണ് തീരുമാനം. ബെവ് ക്യൂ ആപ് ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് പ്രതിപക്ഷ നേതാവിന്‍റെ പരാതിയിലുള്ളത്.

ഐ.ടി.വകുപ്പിനു കീഴിലുള്ള നിയമനങ്ങളില്‍ അഴിമതി, സ്വജനപക്ഷപാതം, സര്‍ക്കാരിനു സാമ്പത്തിക നഷ്ടം വരുത്തി തുടങ്ങിയകാര്യങ്ങളിലും മറ്റു പരാതികള്‍ വിജിലന്‍സില്‍ എത്തിയിട്ടുണ്ട്. എന്നാൽ സംസ്ഥാനത്തെ വിജിലൻസിനെ സർക്കാർ നിർവീര്യമാക്കിയെന്നു പ്രതിപക്ഷ നേതാവ് ആരോപിച്ചു.

തുറമുഖ വകുപ്പില്‍ ഡ്രെഡ്ജര്‍ വാങ്ങിയതില്‍ ധനകാര്യ പരിശോധനാ വിഭാഗം കണ്ടെത്തിയ സാമ്പത്തിക ക്രമക്കേടില്‍ വിജിലന്‍സ് മുന്‍ ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെതിരെ  അന്വേഷണം നടക്കുന്നുണ്ട്. സർക്കാർ ആവശ്യപ്പെട്ടതനുസരിച്ചാണ് ജേക്കബ് തോമസിനെതിരെയുള്ള വിജിലൻസ് അന്വേഷണം.

.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...