എംബാം ചെയ്യാൻ പറ്റുന്നില്ല; മെറിന്‍റെ സംസ്കാരം അമേരിക്കയിൽ തന്നെ

merin-01
SHARE

അമേരിക്കയിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് മെറിൻ ജോയിയുടെ സംസ്കാരം ബുധനാഴ്ച യുഎസിൽ നടക്കും. റ്റാംബെയിലെ സേക്രഡ് ഹാർട്ട് ക്നാനായ കാത്തലിക് പള്ളിയിലാണു സംസ്കാര ശുശ്രൂഷകള്‍‍‍ നടക്കുക. എംബാം ചെയ്യാൻ കഴിയാത്തതു മൂലമാണ് മെറിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ഒഴിവാക്കിയതെന്നാണ് സൂചന. 

മയാമിയിലെ ഫ്യൂണറൽ ഹോമിലാണ് നിലവിൽ മെറിന്‍റെ മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. മെറിന്റെ പിതാവ് ജോയിയുടെ മാതൃ സഹോദരന്മാർ ഉൾപ്പെടെയുള്ള ബന്ധുക്കൾ റ്റാംബെയിലുണ്ട്. മരണാനന്തര ചടങ്ങുകൾക്കായി തിങ്കളാഴ്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങും. തുടർന്ന് ഫ്ലോറിഡ ഡേവിയിലെ ജോസഫ് സ്കെറാനോ ഫ്യൂണറൽ ഹോമിൽ പൊതുദർശനത്തിന് വയ്ക്കും. മെറിൻ നഴ്സായി ജോലി ചെയ്തിരുന്ന ആശുപത്രിയിലെ സഹപ്രവർത്തകർ ഉൾപ്പെടെ ഇവിടെ അന്തിമോപചാരം അർപ്പിക്കും. തുടർന്ന് മൃതദേഹം ഫ്യൂണറൽ ഹോമിൽത്തന്നെ സൂക്ഷിക്കും.

ബുധനാഴ്ചയാണ് മൃതദേഹം സംസ്കാരത്തിനായി റ്റാംബെയിലെ സേക്രഡ് ഹാർട്ട് ക്നാനായപള്ളിയിലെത്തിക്കുക. അമേരിക്കൻ സമയം രാവിലെ 11ന് ആരംഭിക്കുന്ന സംസ്കാര ശുശ്രൂഷകൾക്ക് മലയാളിയായ ഫാ.ജോസ് ആദോപ്പള്ളിൽ കാർമികത്വം വഹിക്കും. ഇന്ത്യൻ സമയം രാത്രി പതിനൊന്നരയ്ക്ക് റ്റാംബെയ്ക്ക് അടുത്തുള്ള ബ്രാന്‍ഡന്‍ ഹിൽസ്ബൊറൊ ക്നാനായ ഗാര്‍ഡന്‍ സെമിത്തേരിയിൽ മൃതദേഹം അടക്കം ചെയ്യും. നാട്ടിലുള്ള മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും സംസ്കാരചടങ്ങുകള്‍ കാണാന്‍ സൗകര്യമൊരുക്കും. 

ബുധനാഴ്ചയാണ് ഭര്‍ത്താവ് ഫിലിപ് മാത്യു മെറിനെ ക്രൂരമായി കൊലപ്പെടുത്തിയത്. മെറിന്റെ ദേഹത്ത് 17 തവണ കുത്തേൽക്കുകയും വാഹനം കയറ്റുകയും ചെയ്തതിനാൽ എംബാം ചെയ്യാൻ കഴിയില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. മെറിന്‍റെ മകള്‍ രണ്ടുവയസുകാരി നോറ മെറിന്‍റെ മാതാപിതാക്കളോടൊപ്പം മോനിപ്പള്ളിയിലെ വീട്ടിലാണുള്ളത്. മെറിനെതിരെ സമൂഹ മാധ്യമങ്ങളിൽ വന്ന മോശം പരാമർശങ്ങൾക്കെതിരെ മാതാപിതാക്കൾ കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...