എസ്പി മുൻ നേതാവ് അമര്‍ സിങ് അന്തരിച്ചു

amar-shigh-1
SHARE

രാജ്യസഭാംഗവും സമാജ് വാദി പാർട്ടി മുൻ നേതാവുമായ അമർ സിങ് അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെത്തുടർന്ന് ഏറെ നാളായി ചികിൽസയിലായിരുന്നു. സിംഗപ്പൂരിലെ ആശുപത്രിയിൽവച്ചാണ് മരണം. 64 വയസായിരുന്നു. പതിനഞ്ചു വർഷത്തോളം അമർ സിങ് രാജ്യതലസ്ഥാനത്തും അധികാര കേന്ദ്രങ്ങളിലും സമാജ് വാദി പാർട്ടിയുടെ മുഖമായിരുന്നു. 

ആണവ കരാറിന്റെ പേരിൽ ഇടതുപാർട്ടികൾ യുപിഎ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചപ്പോൾ സമാജ്വാദി പാർട്ടിയുടെ സഹായമെത്തിയത് അമർ സിങ്ങിന്റെ കരുനീക്കമായിരുന്നു. യുപിഎ സർക്കാരിന് അനുകൂലമായി നിലപാടെടുക്കാൻ ബിജെപി എംപിമാർക്ക് കോഴ നൽകിയെന്ന വിവാദത്തിലും പെട്ടു. യുപി രാഷ്ട്രീയത്തിൽ ശ്രദ്ധയൂന്നിയിരുന്ന മുലായം സിങ് യാദവിന്റെ ഡൽഹിയിലെ വിശ്വസ്ത പ്രതിനിധിയായി. ബോളിവുഡ് താരങ്ങളും വൻകിട ബിസിനസുകാരുമായുള്ള ബന്ധം അമർ സിങ്ങിനെ കൂടുതൽ കരുത്തനാക്കി. 1996ൽ രാജ്യസഭയിൽ. നിരവധി പാർലമെന്ററി സമിതികളിൽ അംഗം. 1956 ജനുവരി 27ന് അലിഗഡിൽ ജനനം. 

കൊൽക്കത്ത സെന്റ് സേവ്യേഴ്സ് കോളേജിൽ നിന്ന് ബിരുദം. അമർ സിങിനെ അഖിലേഷ് യാദവ് എന്നും ശത്രുപക്ഷത്തായിരുന്നു നിർത്തിയിരുന്നത്. 2010ൽ ജയപ്രദയ്ക്കൊപ്പം അമർ സിങ്ങിനെയും സമാജ് വാദി പാർട്ടിയിൽ നിന്ന് പുറത്താക്കി. 2011ൽ രാഷ്ട്രീയ ലോക് മഞ്ച് എന്ന പേരിൽ സ്വന്തമായി പാർട്ടിയുണ്ടാക്കി. 2016ൽ സമാജ് വാദി പാർട്ടിയുടെ പിന്തുണയോടെ അമർ സിങ് സ്വതന്ത്രനായി രാജ്യസഭയിലെത്തി. ബോംബെ മിഠായി എന്ന മലയാള സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...