ഹനി ബാബുവിന്‍റെ അറസ്റ്റ് തെളിവില്ലാതെ; നക്സലായി മുദ്രകുത്തുന്നു: ഭാര്യ

hani-babu-jenny-rowena-1
SHARE

ഭീമ കൊറേഗാവ് കേസില്‍ തെളിവുകള്‍ ഇല്ലാതെയാണ് ഡല്‍ഹി സര്‍വകലാശാല മലയാളി അധ്യാപകന്‍ ഹനിബാബുവിനെ എന്‍ഐഎ അറസ്റ്റ് ചെയ്തതെന്ന് ഭാര്യ ജെന്നി റൊവേന. തെളിവെടുപ്പിന് വിളിച്ചുകൊണ്ടുപോയ ശേഷം ഹനിബാബുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിടിച്ചെടുത്ത ലാപ്ടോപ്പില്‍ മാവോയിസ്റ്റുകളുമായി ബന്ധിപ്പിക്കുന്ന രേഖകള്‍ ഉണ്ടെന്നാണ് എന്‍ഐഎ പറയുന്നത്. എന്നാല്‍ ഇത് അസംബന്ധമാണെന്നും ജെന്നി മനോരമ ന്യൂസിനോട് വ്യക്തമാക്കി. എന്‍ഐഎ എല്ലാവരെയും അര്‍ബന്‍ നക്സലുകളായി മുദ്രകുത്തുകയാണെന്നും ഹനിബാബുവിന്‍റെ അറസ്റ്റിനെ നിയമപരമായി നേരിടുമെന്നും ജെന്നി വ്യക്തമാക്കി. വിഡിയോ റിപ്പോർട്ട് കാണാം.

മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവിൽ രണ്ട് വർഷം  മുൻപുണ്ടായ അക്രമ സംഭവത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് മലയാളിയും ഡൽഹി സർവകലാശാല അദ്ധ്യാപകനുമായ ഹനി ബാബുവിനെ ദേശിയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിൽ എൻഐഎ യുടെ മുംബൈ ഓഫീസിൽ വെച്ച് ഹനി ബാബുവിനെ ചോദ്യം ചെയ്തിരുന്നു. മാവോയിസ്റുകളാണ് അക്രമത്തിന് പിന്നിലെന്നും ഇവരുമായി ഹനി ബാബുവിന് ബന്ധമുണ്ടെന്നുമാണ് എൻഐഎ പറയുന്നത്.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ മഹാരാഷ്ട്ര പൊലീസ് ഹനി ബാബുവിന്റെ ഡൽഹിയിലുള്ള വസതിയിൽ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിൽ കണ്ടെടുത്ത ലാപ്ടോപ്പിൽ നിന്നുള്ള  തെളിവുകൾ മാവോയിസ്റ് ബന്ധം സാധുകരിക്കുന്നതാണെന്നും എൻഐഐ അവകാശപ്പെടുന്നു. വരവര റാവു, ഗൗതം നവലാഖ്‌ തുടങ്ങി അദ്ധ്യാപകരും സാമൂഹ്യ പ്രവർത്തകരുമായ നിരവധി പേർ കേസിൽ നേരത്തെ അറസ്റ്റിൽ ആയിട്ടുണ്ട്.

മഹാരാഷ്ട്ര പൊലീസ് അന്വേഷിച്ചു കൊണ്ടിരുന്ന കേസ് പിന്നീട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം എൻഐഎ ഏറ്റെടുക്കുകയായിരുന്നു. 2018 ജനുവരി  1 ന് ഭീമ കൊറേഗാവിൽ  ദളിത്‌ വിജയാഘോഷ ചടങ്ങിനിടെയുണ്ടായ സംഘർഷത്തിൽ  ഒരു ദലിത് യുവാവ് ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തതാണ് കേസ് 

MORE IN breaking news
SHOW MORE
Loading...
Loading...