സ്വര്‍ണക്കടത്തില്‍ ആരെയും സംരക്ഷിക്കില്ല; സിപിഐയ്ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

pinarayi-kanam-3
SHARE

സ്വര്‍ണക്കടത്തു കേസില്‍ സ്വീകരിച്ച നടപടികള്‍ പാര്‍ട്ടി നേതൃത്വത്തോട് വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശിവശങ്കറിനെതിരെ ഉചിതമായ നടപടിയുണ്ടാകുമെന്നും അറിയിച്ചു. കേസില്‍ ആരെയും സംരക്ഷിക്കില്ലെന്ന് സിപിഐ മന്ത്രിമാരെയും പിണറായി അറിയിച്ചു. സിപിഐയുടെ ഭാഗത്തുനിന്ന് കൂടുതല്‍ വിമര്‍ശനമുണ്ടാകാതിരിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമാണിത്.

സ്വര്‍ണക്കടത്തുകേസ് സര്‍ക്കാരിന്റെ പ്രതിച്ഛായ കൂടുതല്‍ നഷ്ടമാക്കില്ലെന്ന ആത്മവിശ്വാസമാണ് പാര്‍ട്ടി നേതൃത്വത്തോടും സിപിഐയോടും മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കുവച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസ് വിവാദകേന്ദ്രമായി മാറിയത് സര്‍ക്കാരിന് ദോഷം ചെയ്തെന്ന വിലയിരുത്തല്‍ പാര്‍ട്ടി നേതൃത്വത്തിനുണ്ട്. ഈ സാഹചര്യത്തിലാണ് കുറ്റക്കാര്‍ക്കെതിരെ നടപടിക്രമം പൂര്‍ത്തിയാക്കി ഉചിതമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചത്. 

ശിവശങ്കറിനപ്പുറത്തേക്ക് കേസും വിവാദവും വളരില്ലെന്ന ആത്മവിശ്വാസവും മുഖ്യമന്ത്രി വച്ചുപുലര്‍ത്തുന്നു. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിലും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികള്‍ മുഖ്യമന്ത്രി വിശദീകരിച്ചേക്കും. സര്‍ക്കാരിന്റെ മുഖം മിനുക്കുന്നതിനുള്ള നടപടികളും സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും. 

വിവാദത്തെ തുടര്‍ന്ന് സിപിഐയെ കൂടി ഒപ്പം നിര്‍ത്തി മുന്നോട്ടുപോകാനും നടപടി തുടങ്ങി. ഇതിന്റെ ഭാഗമായാണ് സിപിഐ മന്ത്രിമാരുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തിയത്. കേസില്‍ ആരെയും സംരക്ഷിക്കില്ലെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് സിപിഐ മന്ത്രിമാര്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ അറിയിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസ് പ്രശ്നത്തില്‍ കാനവുമായി പരസ്യ ഏറ്റുമുട്ടലുണ്ടായതിനെ തുടര്‍ന്നാണ് മന്ത്രിമാര്‍ വഴി മുഖ്യമന്ത്രി ആശയവിനിമയം നടത്തിയതെന്നാണ് സൂചന.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...