
കോവിഡ് വിവര കൈമാറ്റത്തിൽ വൻ സുരക്ഷ വീഴ്ച. ഇടുക്കിയിലെ 51 കോവിഡ് രോഗികളുടെ വിവരങ്ങൾ ചോർന്നു. ഇന്ന് പോസിറ്റീവായ 51 പേരുടെ വിവരങ്ങളാണ് ചോർന്നത്. വിലാസവും മൊബൈൽ ഫോൺ നമ്പറും അടക്കമുള്ള വിവരങ്ങൾ പുറത്ത്. പട്ടിക സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. വിവര ചോർച്ച ആരോഗ്യവകുപ്പിൽ നിന്ന്. ഇടുക്കി ജില്ല കലക്ടർ ഡിഎംഒയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.
ഇതിനിടെ, സംസ്ഥാനത്ത് സമ്പര്‍ക്ക വ്യാപനം നിയന്ത്രണാതീതം. ഒാരോ ജില്ലയിലും അയ്യായിരം രോഗികള്‍ വരെയാകാമെന്നും പ്രതിരോധം കടുപ്പിക്കണമെന്നും സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഏററവും കൂടുതല്‍ രോഗബാധിതരുളള തിരുവനന്തപുരത്താണ് സ്ഥിതി അതീവ ഗുരുതരം. നൂറിലേറെ പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായാണ് വിവരം. പൂന്തുറയ്ക്കും ചെല്ലാനത്തിനും പുറമേ കൂടുതല്‍ തീരമേഖലകളിലേയ്ക്ക് കോവിഡ് വ്യാപിച്ചേക്കാമെന്നും ജാഗ്രത വേണമെന്നും മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ മുന്നറിയിപ്പ് നല്കി.
ഈ മാസം ഒന്നിന് ആകെ രോഗബാധിതരില്‍ സമ്പര്‍ക്ക രോഗബാധിതര്‍ വെറും ഒന്‍പതു ശതമാനമായിരുന്നു. 14 ദിവസം പിന്നിട്ടപ്പോള്‍ സമ്പര്‍ക്ക രോഗബാധയുടെ നിരക്ക് അറുപത്തഞ്ച് ശതമാനമായി കുതിച്ചുയര്‍ന്നിരിക്കുന്നു. മുങ്ങി മരിച്ചയാള്‍ക്കും തെന്നിവീണ് മരിച്ചയാള്‍ക്കും ചക്ക തലയില്‍ വീണയാള്‍ക്കും ആത്മഹത്യചെയ്തവര്‍ക്കും കോവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യം. സമൂഹ വ്യാപനത്തിലേയ്ക്ക് ഇനി ഒൗദ്യോഗിക സ്ഥിരീകരണത്തിന്റെ ദൂരം മാത്രം.
ഈ ഘട്ടത്തിലാണ് ഒാരോ ജില്ലയിലും അയ്യായിരം രോഗികള്‍ വരെയാകാമെന്ന മന്ത്രി സഭായോഗത്തിന്റെ വിലയിരുത്തല്‍. തിരുവനന്തപുരത്ത് നിയന്ത്രണങ്ങളെല്ലാം പാളിയ നിലയിലാണ്. പുല്ലുവിളയില്‍ 27 ഉം പാറശാലയില്‍ ഇരുപത്തിരണ്ടും ഉള്‍പ്പെടെ നൂറിലേറെ പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായാണ് വിവരം. ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനേത്തുടര്‍ന്ന് മേഖലയുള്‍പ്പെടുന്ന കരുംകുളം പഞ്ചായത്ത് ഒാഫീസ് അടച്ചു. എറണാകുളത്തിന്റെ തീരമേഖലയിലും ആലുവയിലും ആശങ്ക പടരുന്നു. ചെല്ലാനത്ത് 103 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. കൊല്ലം മലപ്പുറം ആലപ്പുഴ ജില്ലകളിലെ തീരമേഖലകളിലും 23 വരെ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി രോഗബാധ പിടിച്ചുകെട്ടാനുളള ശ്രമത്തിലാണ്.
കൊച്ചി നഗരസഭയിലെ നാല് ഡിവിഷനുകളടക്കം ഒമ്പത് പുതിയ കണ്ടെയിന്മെന്റ് സോണുകള്‍കൂടി പ്രഖ്യാപിച്ചു. സംസ്ഥാനത്താകെ 35 രോഗവ്യാപന മേഖലകളുണ്ട്. കോഴിക്കോട് തൂണേരിയും തൃശൂരില്‍ കുന്നംകുളവുമാണ് പുതിയ ആശങ്കാമേഖല,കള്‍. വര്‍ഷാവസാനത്തോടെ മാത്രമേ രോഗനിയന്ത്രണം കൈവരിക്കാന്‍ കഴിയൂ എന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്കി കഴിഞ്ഞു. ഒരല്പം പിടിവിട്ടാല്‍ തിരിച്ചുപിടിക്കാന്‍ പ്രയാസമായ ഘട്ടത്തില്‍ എത്തിയ നിലയ്ക്ക് അതീവ കരുതലും ജാഗ്രതയും ഒാരോരുത്തര്‍ക്കും വേണമെന്ന് ചുരുക്കം.