രാജസ്ഥാനിൽ ഇന്ന് നിർണായകം; സച്ചിൻ പൈലറ്റും സംഘവും എത്തുമോ?

രാജസ്ഥാനിൽ ആഭ്യന്തര തർക്കം രൂക്ഷമായിരിക്കെ വീണ്ടും നിയമസഭാ കക്ഷി യോഗം വിളിച്ച് കോൺഗ്രസ്‌. 10 മണിക്ക് ചേരുന്ന യോഗത്തിൽ സച്ചിൻ പൈലറ്റിനോടും പിന്തുണക്കുന്ന എം.എൽ.എമാരോടും പങ്കെടുക്കാൻ നിർദേശം നൽകി. സച്ചിന്‍ പൈലറ്റ് പങ്കെടുക്കുമോയെന്ന അനിശിച്തത്വം നിലനില്‍ക്കെ പിന്തുണയ്ക്കുന്ന എം.എല്‍.എമാരുടെ ദൃശ്യങ്ങള്‍ സച്ചിന്‍ ക്യാംപ് പുറത്തുവിട്ടു.

രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെ പരസ്യമായി വെല്ലുവിളിച്ച് രംഗത്തു വന്ന സച്ചിൻ പൈലറ്റിന് തിരിച്ചു വരാൻ അവസരമൊരുക്കുകയാണ് ഇന്നത്തെ നിയമസഭ കക്ഷി യോഗത്തിലൂടെ കോൺഗ്രസ്‌ ലക്ഷ്യമിടുന്നത്. എന്നാൽ സച്ചിൻ പൈലറ്റ് യോഗത്തിൽ പങ്കെടുക്കുമോയെന്ന  കാര്യത്തിൽ വ്യക്തതയില്ല. മുഖ്യമന്ത്രിയാകാനുള്ള സമ്മർദ്ദത്തിന്റെ ഭാഗമാണ് സച്ചിൻ പൈലറ്റിന്റെ ഇപോഴത്തെ നീക്കമെന്നാണ് ഹൈക്കമാൻഡ് കരുതുന്നത്. നിലവിലെ തർക്കത്തിൽ ഹൈക്കമാൻഡ് നിലയുറപ്പിച്ചിരിക്കുന്നതും അശോക് ഗെഹ്‌ലോട്ടിനൊപ്പം. എന്നാൽ എന്തെങ്കിലും  പ്രശ്നങ്ങൾ  ഉണ്ടെങ്കിൽ അത് ചർച്ചയിലൂടെ പരിഹരിക്കാം എന്ന ഉറപ്പും  സച്ചിന്  ഹൈക്കമാൻഡ് നൽകിയിട്ടുണ്ട് 

നിലവിൽ 107 പേരുടെ പിന്തുണയുണ്ടെന്ന്  അശോക് ഗെഹ്‌ലോട്ട് ക്യാമ്പ് അവകാശപ്പെടുന്നു. 30 പേരുടെ പിന്തുണ അവകാശപ്പെടുന്നുണ്ടെങ്കിലും രണ്ട് മന്ത്രിമാരുൾപ്പെടെ 12 പേരുടെ പിന്തുണ മാത്രമാണ് സച്ചിനുള്ളത് എന്നാണ് ഗെഹ്‌ലോട്ട് പക്ഷം പറയുന്നത്. കൂടുതൽ എംഎൽഎ മർ സച്ചിൻ പക്ഷത്തേക്ക് കൂറ് മാറാതിരിക്കാൻ  എംഎൽഎ മാരെ റിസോർട്ടിൽ പാർപ്പിച്ചിരിക്കുകയാണ്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ,  അജയ് മാക്കൻ തുടങ്ങിയ നേതാക്കളും ജയ്‌പുരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. അതേസമയം വിശ്വാസവോട്ടെടുപ്പ് നടന്നാൽ വിട്ട് നിൽക്കാൻ സർക്കാരിനെ ഇത് വരെ പിന്തുണച്ചിരുന്ന ഭാരതീയ ട്രൈബൽ പാർട്ടി രണ്ട് എംഎൽഎ മാർക്ക് നിർദേശം നൽകി. സാഹചര്യം നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന  ബിജെപി ഗെഹ്‌ലോട്ട് സർക്കാർ വിശ്വാസവോട്ടെടുപ്പ് തേടണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെട്ടേക്കും.