ഉന്നത ഉദ്യോഗസ്ഥരടക്കം ഫോൺ വിളി പട്ടികയിൽ; ദുരൂഹത വര്‍ധിപ്പിച്ച് ഫോണ്‍ രേഖ

swapna-01
SHARE

നയതന്ത്ര സ്വർണക്കടത്തുകേസിലെ പ്രതികളുടെ ഉന്നത ബന്ധം കണ്ടെത്താന്‍ ഫോണ്‍ രേഖകള്‍ കേന്ദ്രീകരിച്ച് അന്വേഷണം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം ഒട്ടേറെപ്പേരുമായി സ്വപ്ന സുരേഷ് നിരന്തരം ഫോണ്‍ വിളിച്ചിരുന്നതായി എന്‍.ഐ.എയ്ക്ക് തെളിവ് ലഭിച്ചു. വിദേശത്തേക്കുള്ള വിളികളും കണ്ടെത്തിയത് ദുരൂഹത വര്‍ധിപ്പിക്കുന്നതായി അന്വേഷണസംഘത്തിന്റെ നിഗമനം.

ഒളിവില്‍  പോയ സ്വപ്ന സുരേഷിനായി തിരച്ചില്‍ തുടങ്ങിയ വെള്ളിയാഴ്ച തന്നെ എന്‍.ഐ.എ സംഘം സ്വപ്നയുടെ മൂന്ന് മൊബൈല്‍ ഫോണുകള്‍ നിരീക്ഷണത്തിലാക്കിയിരുന്നു. ഇതില്‍ രണ്ട് നമ്പറുകളുടെ ഒരുമാസത്തെ ഫോണ്‍വിളികളുടെ വിവരങ്ങളും ശേഖരിച്ചു. ഇതോടെയാണ് ഉന്നത ഉദ്യോഗസ്ഥരുമായുള്ള അടുത്ത ബന്ധം സ്ഥിരീകരിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്. 

മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി ശിവശങ്കറിന്റെ നമ്പരിലേക്കും തിരിച്ചും വിളികളുണ്ട്. സംസ്ഥാനത്തെ പ്രധാനപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ നമ്പരിലേക്കും സ്വപ്ന വിളിച്ചിട്ടുണ്ട്. ഉന്നതര്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇരുപതോളം പേര്‍ പട്ടികയിലുണ്ടെന്നാണ് വിവരം. പലതും ഔദ്യോഗികബന്ധത്തിന്റെ പേരിലുള്ള വിളികളെന്ന് വ്യാഖ്യാനിക്കാം. അതിനാല്‍ കൂടുതല്‍ ദിവസങ്ങളിലെ ഫോണ്‍ രേഖകളെടുക്കാനാണ് ശ്രമം. 

ഇതില്‍ തുടര്‍ച്ചയായുള്ള വിളികള്‍ കണ്ടാല്‍ അവരെ കേന്ദ്രീകരിച്ച് അന്വേഷിക്കും. അതേസമയം വിദേശങ്ങളിലേക്കുള്ള വിളികളും പട്ടികയിലുണ്ട്. ഇത് സ്വര്‍ണക്കടത്തിന്റെ ആസൂത്രണമാണോയെന്ന സംശയം അന്വേഷണസംഘത്തിനുണ്ട്. ഈ നമ്പരുകള്‍ നിരീക്ഷണത്തിലാക്കി. വിദേശബന്ധവും ഉന്നതബന്ധവും ഒരുപോലെ വ്യക്തമാകുന്നതിനാല്‍ സ്വപ്നയുടെ ഫോണ്‍ വിളികള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം നിര്‍ണായകമാവും. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...