ഈ സ്വര്‍ണക്കടത്ത് തുടങ്ങിയിട്ട് ഇന്നേക്ക് ഒരുവര്‍ഷം; വന്‍ വെളിപ്പെടുത്തല്‍; ഉന്നതര്‍ വീഴും

abdul-hameed-845-gold-smugg
SHARE

തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ചാനലിലൂടെയുള്ള സ്വര്‍ണക്കള്ളക്കടത്ത് ആരംഭിച്ചിട്ട് ഇന്നേക്ക് ഒരുവര്‍ഷം. ആദ്യകടത്ത് 2019 ജൂലായ് 13ന്. ദുബായ് എയര്‍പോര്‍ട്ടിലെ നയതന്ത്ര കാര്‍ഗോ വഴി കേരളത്തിലേക്ക് അന്ന് 9 കിലോ സ്വര്‍ണം അയച്ചത് പെരിന്തല്‍മണ്ണ സ്വദേശി അബ്ദുല്‍ ഹമീദ്. സന്ദീപ് നായരാണ് തന്നെ അതിന് നിയോഗിച്ചതെന്ന് അബ്ദുല്‍ ഹമീദ് മനോരമ ന്യൂസിനോട് വെളിപ്പെടുത്തി. കടത്തിന് ഉന്നതകേന്ദ്രങ്ങളുടെ ഒത്താശയുണ്ടായിരുന്നുവെന്നും ഹമീദ് പറയുന്നു. സ്വര്‍ണക്കടത്തിന്റെ രേഖകളും ലഭിച്ചു. മനോരമ ന്യൂസ് ബിഗ് ബ്രേക്കിങ്.

K 3079135 എന്ന നമ്പരിലുള്ള പാസ്പോര്‍ട്ട് ഉപയോഗിച്ച് വാരിക്കോടന്‍ അബ്ദുല്‍ ഹമീദ് ദുബായില്‍ വിസിറ്റ് വിസയില്‍ പോയത് മൂന്നുതവണ. മൂന്നും നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം എയര്‍കാര്‍ഗോയില്‍ എത്തിച്ച് കൈമാറുക എന്ന സന്ദീപ് നായരുടെ നിര്‍ദേശം അനുസരിക്കാന്‍. രണ്ടുതവണ ദൗത്യം സുരക്ഷിതമായി പൂര്‍ത്തിയാക്കി. ഒരുതവണ ദുബായ് എയര്‍ കാര്‍ഗോ പാര്‍സല്‍ മടക്കി. എമര്‍ജന്‍സി ലാംപ്, ടാംഗ്, ടീ ബാഗ്, നിഡോ പൗഡര്‍ മുതലായ പേരുകള്‍ എഴുതി നിറച്ച ബാഗില്‍ കണ്ണഞ്ചിപ്പിക്കുന്ന സത്യവും ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്ന് ഹമീദിന് അറിയാമായിരുന്നു. 

ഇപ്പോള്‍ വിവാദമായ സ്വര്‍ണക്കടത്തില്‍ ഫൈസല്‍ ഫരീദ് എന്നയാള്‍ നിര്‍വഹിച്ചതായി ആരോപണം ഉയര്‍ന്ന അതേ ദൗത്യം അന്ന് നിര്‍വഹിച്ചത് ഹമീദ്. പക്ഷേ ആര്‍ക്കുവേണ്ടിയാണ് സ്വര്‍ണമെന്നോ പണം എങ്ങോട്ടുപോകുന്നുവെന്നോ അറിയില്ല.  മൂന്നാം തവണ പാര്‍സല്‍ കാര്‍ഗോ അധികൃതര്‍ മടക്കിയപ്പോള്‍ സന്ദീപ് തന്നെ ഈ മാര്‍ഗം നിര്‍ത്തിവച്ചു. പിന്നീട് സുരക്ഷിതമെന്ന് തോന്നിയ സമയത്ത് വീണ്ടും തുടങ്ങി. ആ സമയം തൊട്ട് ഹമീദ് കൂടെയില്ല. 

അബ്ദുല്‍ ഹമീദ് ദുബായില്‍ താമസിച്ചിട്ടേയില്ല. സ്വപ്നയേയും സരിത്തിനെയും റമീസിനെയും അറിയില്ല. പക്ഷേ ഓരോ തവണയും സ്വര്‍ണം അയക്കുമ്പോള്‍ അതിലെ ഉന്നതബന്ധം വ്യക്തമായിരുന്നു. പക്ഷേ തന്റെ അറിവ് ഇപ്പോള്‍ പുറത്തുപറയാന്‍ കഴിയുന്നതല്ല. മനോരമ ന്യൂസിന് ലഭിച്ച രേഖകള്‍ ഓരോന്നും അബ്ദുല്‍ ഹമീദിന്റെ വെളിപ്പെടുത്തലുകള്‍ ശരിവയ്ക്കുന്നു.  

ആദ്യത്തെ 9 കിലോ ഇപ്പോഴത്തെ 30 കിലോ ആയി വളരുന്നതിനിടയില്‍ കണ്ണികളും മാറിയിരിക്കാം. പക്ഷേ ഉന്നതകേന്ദ്രങ്ങളുടെ പങ്ക് സ്ഥിരമായി നിന്നു. രാജ്യത്തെ പ്രധാനപ്പെട്ട രണ്ട് ഏജന്‍സികള്‍ അന്വേഷിക്കുന്ന ഈ കേസില്‍ ഉന്നതബന്ധം പുറത്തുവരുന്നതു വരെ ഞങ്ങളും കാത്തിരിക്കുന്നു. ചിലതുകൂടി പറയാന്‍. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...