19 എംഎല്‍എമാരുമായി സച്ചിന്‍ പൈലറ്റ് ഡല്‍ഹിയില്‍; രാജസ്ഥാനിൽ പ്രതിസന്ധി?

രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് തന്നെ പിന്തുണയ്ക്കുന്ന എംഎൽഎമാരുമായി രാവിലെ ഡൽഹിയിലെത്തി. രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന ശ്രമങ്ങള്‍ക്കിടെയാണു സച്ചിനും സംഘവും ഡൽഹിയിൽ എത്തിയത്. കോൺഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിയുമായി സച്ചിൻ കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണു വിവരം. സോണിയയുടെ വിശ്വസ്തനും മുതിർന്ന നേതാവുമായ അഹമ്മദ് പട്ടേലുമായി സച്ചിൻ സംസാരിച്ചിരുന്നു.

പൈലറ്റിനെ അനുകൂലിക്കുന്ന 16 എംഎൽഎമാരും മൂന്നു സ്വതന്ത്ര എംഎൽഎമാരും ഇന്നലെ തന്നെ ഡൽഹിയിൽ എത്തിയിരുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോൺഗ്രസ് എംഎൽഎമാരെ കൈക്കൂലി കൊടുത്തു പാട്ടിലാക്കാൻ മൂന്നു സ്വതന്ത്ര എംഎൽഎമാർ ശ്രമിച്ചുവെന്ന് ആരോപിച്ച് ഗെലോട്ട് ഇവര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഈ അന്വേഷണം തന്നെ പിന്തുണയ്ക്കുന്നവരെ ലക്ഷ്യമിട്ടാണെന്നാണു സച്ചിന്റെ ആരോപണം.

സർക്കാരിനെ അട്ടിമറിക്കാൻ ശ്രമമെന്നു കാട്ടി സച്ചിൻ പൈലറ്റിനോടു ജയ്പുർ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സമൻസ് അയച്ചെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. ഇന്ത്യൻ ശിക്ഷാനിയമം 120–ബി അനുസരിച്ചാണു സമൻസ്. രാജസ്ഥാൻ എടിഎസും എസ്ഒജിയുമാണ് ഉപമുഖ്യമന്ത്രി കൂടിയായ പൈലറ്റിനെതിരെ സമൻസ് അയച്ചിരിക്കുന്നത്. ഇതു പൈലറ്റും മുഖ്യമന്ത്രി അശോക് ഗെലോട്ടും തമ്മിലുള്ള ബന്ധത്തിലെ വിള്ളൽ ആഴത്തിലാക്കി.

ഗെലോട്ട് തന്നെ ഒതുക്കാൻ ശ്രമിക്കുന്നതായി സച്ചിൻ ശനിയാഴ്ച രാത്രി വൈകി പട്ടേലിനോട് പറഞ്ഞിരുന്നു. എന്നാൽ സച്ചിനുനേരെ ഒരു നീതികേടും ഉണ്ടാവില്ലെന്ന ഉറപ്പ് പട്ടേൽ നൽകിയെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഗെലോട്ടും പൈലറ്റും തമ്മിലുണ്ടാകുന്ന അസ്വാരസ്യങ്ങളിൽ കോൺഗ്രസ് നേതൃത്വം അങ്കലാപ്പിലാണ്. സമാന സാഹചര്യമാണു മധ്യപ്രദേശിലുണ്ടായത്. സർക്കാരിനെ അട്ടിമറിച്ച് ബിജെപിയുടെ കൈപിടിക്കാൻ ജ്യോതിരാദിത്യ സിന്ധ്യയെ പ്രേരിപ്പിച്ചതു കമൽനാഥുമായുള്ള അഭിപ്രായവ്യത്യാസമാണ്.