സ്വപ്നയ്ക്കും സന്ദീപിനും കോവിഡ് ഇല്ല; നടപടികള്‍ക്ക് വേഗം കൂട്ടി എൻ.ഐ.എ

swapna
SHARE

സ്വപ്നയുടേയും സന്ദീപിന്റേയും കോവിഡ് പരിശോധനാഫലം നെഗറ്റിവ്. നേരത്തെ കൊച്ചിയിലെത്തിക്കുന്നതിന് മുമ്പ് ആലുവ ജില്ലാ ആശുപത്രിയില്‍ പ്രതികളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. വാളയാര്‍ ചെക്പോസ്റ്റ് വഴിയാണ് പ്രതികളെ കേരളത്തിലേക്ക് കൊണ്ടുവന്നത്. 

സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത  സ്വപ്ന സുരേഷ്,  സന്ദീപ് നായര്‍ എന്നിവര്‍ റിമാന്‍ഡില്‍. കൊച്ചി എന്‍ഐഎ പ്രത്യേകകോടതിയാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്. സ്വപ്ന സുരേഷിനെ തൃശൂര്‍ അമ്പിളിക്കല കോവിഡ് സെന്ററിലേക്ക് മാറ്റി. സന്ദീപ് നായരെ അങ്കമാലിയിലെ കോവിഡ് കെയര്‍ സെന്ററിലാക്കി. വന്‍സുരക്ഷയാണ്  രണ്ടിടത്തും ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്നലെ രാത്രി ബെംഗളുരുവില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്.

യാത്രയ്ക്കിടയില്‍ സ്വപ്നയെ കൊണ്ടുവന്ന എന്‍ഐഎ സംഘത്തിന്റെ വാഹനത്തിന്റെ ടയര്‍ പഞ്ചറായി. തുടര്‍ന്ന് സ്വപ്നയേയും  സന്ദീപിന്റെ വാഹനത്തിലേക്ക്  മാറ്റി. ദേശീയപാതയോരത്ത് പലയിടത്തും പ്രതികള്‍ക്കെതിരെ പ്രതിഷേധങ്ങളുണ്ടായി. എന്‍.ഐ.എ ഓഫിസ് വളപ്പില്‍ കടന്ന് പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് ലാത്തി വീശി.

സ്വപ്നയേയും സന്ദീപ് നായരേയും എന്‍ഐഎ പത്തുദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെട്ടു. എന്‍ഐഎയുടെ അപേക്ഷ കൊച്ചി എന്‍ഐഎ കോടതി നാളെ പരിഗണിക്കും. പ്രതികളുടെ കോവിഡ് പരിശോധന ഫലം നാളെ വന്നതിനുശേഷം  കോടതി തീരുമാനമെടുക്കും. കോടതി ഏര്‍പ്പെടുത്തിയ അഭിഭാഷകയാണ്  സ്വപ്നയ്ക്കും സന്ദീപിനുംവേണ്ടി ഇന്ന് ഹാജരായത്.

സ്വപ്നയും സന്ദീപും പിടിയിലായത് ബെംഗലൂരുവില്‍ നിന്ന് വിദേശത്തേക്ക് കടക്കാന്‍ പദ്ധതി തയാറാക്കുന്നതിനിടെ. രണ്ടു ദിവസം മുമ്പ് താമസിച്ചിരുന്ന ഹോട്ടല്‍ മാറി കൊറമംഗലയിലെ പുതിയ ഹോട്ടലിലെത്തി റൂമെടുത്ത് അരമണിക്കൂര്‍ പിന്നിടും മുമ്പ് ഇരുവരും പിടിയിലായി. ഇവരില്‍ നിന്ന് പാസ്പോര്‍ട്ടും മൂന്നുമൊബൈല്‍ ഫോണുകളും രണ്ടരലക്ഷം രൂപയും എന്‍ഐഎ പിടിച്ചെടുത്തു. നൈറ്റ് കര്‍ഫ്യൂവും കര്‍ശനപരിശോധനയും പിന്നിട്ടാണ് പ്രതികള്‍ ബെംഗളൂരുവിലെത്തിയത്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...