പൊളിഞ്ഞ് സ്വപ്നയുടെ ജാമ്യനീക്കം; കുരുക്കു മുറുക്കി എൻഐഎ: കേസിന് ചടുലവേഗം

swapna-team-03
SHARE

സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ അന്വേഷണം ആരംഭിച്ചതോടെ സ്വപ്ന സുരേഷിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ പ്രസക്തി നഷ്ടപ്പെട്ടു. എന്‍.ഐ.എ അന്വേഷിക്കുന്ന കേസുകളില്‍ എന്‍.ഐ.എ കോടതികളിലാണ് പ്രതികള്‍ ജാമ്യാപേക്ഷ നല്‍കേണ്ടത്. എന്‍.ഐ.എ പ്രത്യേക കോടതിയുടെ ഉത്തരവുകള്‍ക്കെതിരായ അപ്പീലുകള്‍ മാത്രമാണ് ഹൈക്കോടതിക്ക് പരിഗണിക്കാനാകൂ. 

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ കേസ് റജിസ്റ്റര്‍ ചെയ്തതോടെ പൊളിഞ്ഞത് കസ്റ്റംസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം നേടാനുള്ള സ്വപ്ന സുരേഷിന്‍റെ നീക്കങ്ങളാണ്. 2013ലെ കേരള ഹൈക്കോടതിയുടെ തന്നെ ഉത്തരവനുസരിച്ച് എന്‍ഐഎ കേസുകളില്‍ ഹൈക്കോടതിക്ക് നേരിട്ട് മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ പരിഗണിക്കാനാവില്ല. എന്‍ഐഎ ആക്ട് അനുസരിച്ച് ഇത്തരം കേസുകളില്‍ ഹൈക്കോടതിക്ക് അപ്പീലറ്റ് അധികാരം മാത്രമാണുള്ളത്. മുന്‍കൂര്‍ ജാമ്യത്തിനായി പ്രതികള്‍ എന്‍ഐഎ പ്രത്യേക കോടതിയെയാണ് ആദ്യം സമീപിക്കേണ്ടത്. ഈ കോടതിയുടെ ഉത്തരവുകള്‍ ചോദ്യം ചെയ്ത് മാത്രമേ ഹൈക്കോടതിയെ സമീപിക്കാന്‍ കഴിയൂ. 2013 ഡിസംബര്‍ 12ന് മമ്മൂഞ്ഞി തളങ്കാടി മഹ്മൂദും കേരള സര്‍ക്കാരും തമ്മിലുള്ള കേസിലാണ് ഹൈക്കോടതി, എന്‍ഐഎ കേസുകളിലെ അധികാര പരിധി സംബന്ധിച്ച സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. എന്‍ഐഎ കേസ് റജിസ്റ്റര്‍ ചെയ്തതിനാല്‍ ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്ന് കസ്റ്റംസിന്‍റെയും എന്‍.ഐ.എയുടെയും അഭിഭാഷകര്‍ കോടതിയില്‍ നിലപാടെടുത്തിരുന്നു.

ഈ സാഹചര്യത്തില്‍ ചൊവ്വാഴ്ച ഹര്‍ജിയുടെ സാധുത തന്നെയായിരിക്കും കോടതി ആദ്യം പരശോധിക്കുക. കസ്റ്റംസ് അറസ്റ്റ് ചെയ്ത സരിതിനായി സിജെഎം കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നുവെങ്കിലും എന്‍ഐഎ കേസ് വന്നതോടെ ആ ജാമ്യാപേക്ഷയും അപ്രസക്തമായി. 

അതേസമയം, എന്‍.ഐ.എ ഏറ്റെടുത്തതോടെ സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം ചടുലവേഗത്തില്‍. അര്‍ധരാത്രിയില്‍ തന്നെ എന്‍.ഐ.എ സംഘം കൊച്ചി കസ്റ്റംസ് ഓഫിസിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. പ്രതികള്‍ക്കുമേലുള്ള കുരുക്ക് മുറുകുമെന്ന് ഉറപ്പായി. സ്വപ്നാ സുരേഷ് അടക്കമുള്ള പ്രതികള്‍ എന്‍.ഐ.എയുടെ വലയില്‍പ്പെട്ടതായാണ് സൂചന. കേസില്‍ കസ്റ്റംസിനുള്ള നിയമപരിമിതികളെല്ലാം എന്‍.ഐ.എ ഏറ്റെടുത്തതോടെ ഇല്ലാതായി.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...