
സിപിഎം ബന്ധമുണ്ടെന്ന ബിജെപി ആരോപണത്തെക്കുറിച്ച് ഒന്നുംപറയാനില്ലെന്ന് കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ അനീഷ് പി രാജന്. എല്ലാം കമ്മീഷണര്‍ പറയുമെന്നും അദ്ദേഹം കൊച്ചിയില്‍ പ്രതികരിച്ചു. വിഡിയോ കാണാം.
സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് ഉദ്യോഗസ്ഥനെതിരെ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് രംഗത്തെത്തിയിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥന് അനീഷ് രാജനെ പേരെടുത്ത് പറഞ്ഞാണ് സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രിയുടെ ഓഫിസിനെ സംരക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ പ്രസ്താവന ഇറക്കുകയാണെന്നാണ് വിമര്‍ശനം. മുഖ്യമന്ത്രിയെ പുകഴ്ത്തുന്ന അനീഷ് രാജന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് സഹിതമാണ് വിമര്‍ശനം.
ടി. സിദ്ദിഖിന്റെ കുറിപ്പ് ഇങ്ങനെ: ‘ഇന്ന് മുഖ്യമന്ത്രി പത്രക്കാർക്ക് മുന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ രക്ഷിക്കാൻ കൂട്ടുപിടിച്ചിരിക്കുന്നത്, അനീഷ് ബി രാജ് എന്ന കസ്റ്റംസ് ജോയിന്റ് കമ്മീഷ്ണറെയാണു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരും വിളിച്ചിട്ടില്ല എന്ന് കസ്റ്റംസ് പറഞ്ഞു, എന്ന വാദമാണു മുഖ്യമന്ത്രി ഉയർത്തിയത്. അനീഷ് ബി രാജിന്റേതാണു ആ വാക്കുകൾ. അനീഷ് രാജിന്റെ വാക്കുകളിൽ മുഖ്യമന്ത്രി തൂങ്ങി നിൽക്കുകയാണെങ്കിൽ ചിലത് പറയാനുണ്ട്. ആരാണു ഈ അനീഷ് ബി രാജ്? എറണാകുളം കോർപറേഷനിലെ 2010-15 കാലഘട്ടത്തിലെ സിപിഐഎമ്മിന്റെ കൗൺസിലറായിരുന്ന പിആർ റനീഷിന്റെ നേരെ സഹോദരനാണു. എറണാകുളം ഏരിയ കമ്മിറ്റി മെമ്പർ കൂടിയാണു പിആർ റനീഷ്. നഗരത്തിലെ അറിയപ്പെടുന്ന സിപിഐഎം പ്രവർത്തകൻ കൂടിയാണു. അദ്ദേഹത്തിന്റെ സ്വന്തംസഹോദരനാണെന്ന് മാത്രമല്ല; ഒരേ വീട്ടിലാണു അവർ താമസിക്കുന്നതും. അനീഷ് രാജിനെ ഉപയോഗിച്ച് തെളിവുകൾ മായ്ച്ച് കളഞ്ഞ് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണു മുഖ്യമന്ത്രി നടത്തുന്നത്. എത്രയും വേഗം കേസ് സിബിഐക്ക് കൈമാറിയാൽ അല്ലാതെ ഈ കേസ് മുന്നോട്ട് പോവില്ല.’ അദ്ദേഹം കുറിച്ചു.