ജോസ് കെ. മാണി ഇടത്തോട്ട്തന്നെ; എൽഡിഎഫിൽ സമവായമാകുന്നു

jose-kodiyeri-kanam-02
SHARE

ജോസ് കെ.മാണിയെ സഹകരിപ്പിക്കാൻ സി.പി.ഐ ഒഴികെയുള്ള  ഘടകക്ഷികളുമായി  സി.പി.എം ധാരണയായി. എൽ.ഡി.എഫ് യോഗത്തിന് മുൻപ് സമവായം തേടി സി.പി.എം നേതൃത്വം ഘടകകക്ഷി നേതാക്കളുമായി ടെലിഫോണിൽ നടത്തിയ ചർച്ചയിലാണ് മുന്നണി വിപുലീകരണത്തിനു സാധ്യത തെളിഞ്ഞത്. ഇടതുമുന്നണിയിലെ മറ്റൊല്ലാവരും സിപിഎം നിലപാടിനെ പിൻതുണച്ചതോടെ സിപിഐക്കും മറ്റു വഴികളില്ലെന്ന് ഉന്നത സിപിഎം വൃത്തങ്ങൾ മനോരമ ന്യൂസിനോട് പറഞ്ഞു.

ജോസ് കെ മാണിയെ എകെജി സെന്ററിന്റെ പടി ചവിട്ടിക്കില്ലെന്ന സിപിഐയുടെ വാശിക്ക് അധികം ആയുസുണ്ടാവില്ല. ജോസ് കെ മാണിയുമായി പിന്നാമ്പുറ ചർച്ചകൾ നടത്തുന്ന സിപിഎം , ഇക്കാര്യം സിപിഐ ഒഴികെയുള്ള ഘടകകക്ഷികളെ അറിയിച്ചു. യുഡിഎഫിൽ പിളർപ്പുണ്ടാക്കണമെന്നും മുന്നണി വിപുലീകരിക്കണമെന്നും സിപിഎം നേതൃത്വം ഘടകകക്ഷി നേതാക്കളുമായി ടെലിഫോണിൽ ആശയവിനിമയം നടത്തി. സിപിഐ ഒഴികെയുള്ളവർ ജോസ് കെ മാണിയെ കൂടെകൂട്ടാൻ പച്ചക്കൊടി കാട്ടിയിട്ടുണ്ട്.

സിപിഐയുമായി ഉഭയകക്ഷി ചർച്ച നടത്താനിരിക്കെ മറ്റു പാർട്ടികളുടെ സമ്മതം സിപിഎമ്മിന് മുതൽകൂട്ടാണ്. മൽസരിക്കുന്ന സീറ്റുകൾ നഷ്ടമാകുമോ എന്നതാണ് സിപിഐയുടെ ആശങ്കയെങ്കിൽ അത് പരിഹരിച്ച് സമവായമുണ്ടാക്കും. സിപിഐയുടെ  എതിർപ്പിന് പ്രസക്തിയില്ലെന്ന് മുതിർന്ന സിപിഎം നേതാക്കൾ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ സഹകരണം തുടർന്ന് മുന്നണി പ്രവേശനം എന്നതാണ് സിപിഎം ജോസ് കെ മാണിയുമായുള്ള ധാരണ. 

ഇടതുവിരുദ്ധരായ അണികളെ രാഷ്ട്രീയ സാഹചര്യം ബോധ്യപ്പെടുത്താൻ സമയം വേണ്ടി വരുമെന്ന് ജോസ് കെ മാണി തന്നെ സിപിഎം നേതൃത്വത്തോട് പറഞ്ഞിട്ടുണ്ട്. 2005 ൽ ഡിഐസി തദ്ദേശ തിരഞ്ഞെടുപ്പിൽ സഹകരിച്ചിട്ട് അടുത്ത് തിരഞ്ഞെടുപ്പിന് യുഡിഎഫിൽ ചേക്കേറിയ അനുഭവം ഇടതുമുന്നിക്കുണ്ട്. അത് ആവർത്തിക്കാതിരിക്കാൻ കൃത്യമായ ധാരണ ജോസ് കെ മാണിയുമായി സിപിഎമ്മുണ്ടാക്കും.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...