മോദി രാജ്യത്തെ അഭിസംബോധന ചെയ്യും; സ്കൂളും തീയറ്ററും ഉടനില്ല: അറിയാം

Narendra Modi
SHARE

രാജ്യത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂലൈ 31വരെ തുറക്കില്ല. കണ്ടെയ്ന്‍‍മെന്‍റ് സോണുകളിലെ സമ്പൂര്‍ണ അടച്ചിടല്‍ തുടരും. രാത്രി കര്‍ഫ്യുവിന്‍റെ സമയം കുറച്ചു. അടുത്ത ഘട്ടത്തിലെ അണ്‍ ലോക്ഡൗണിന്‍റെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇക്കാര്യങ്ങള്‍. അഞ്ചാംഘട്ട ലോക്ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകീട്ട് 4ന് രാജ്യത്തെ അഭിസംബോധന ചെയ്യും. 

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായതില്‍ നിലവിലെ മാര്‍ഗനിര്‍ദേശത്തില്‍ കാര്യമായ മാറ്റങ്ങളില്ലാതെയാണ് പുതിയത് പുറത്തിറക്കിയിട്ടുള്ളത്. സ്കൂളുകളും കോളേജുകളും പരിശീലന കേന്ദ്രങ്ങളും ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂലൈ 31വരെ തുറക്കില്ല. എന്നാല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലെ പരിശീലന കേന്ദ്രങ്ങള്‍ ജൂലൈ 15 മുതല്‍ തുറക്കാം. ഇവയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ മാര്‍ഗരേഖ പഴ്നല്‍കാര്യ വകുപ്പ് പുറത്തിറക്കും. രാജ്യാന്തര വിമാന സര്‍വീസുകള്‍ ഉടന്‍ തുടങ്ങില്ല. ആഭ്യന്തരമന്ത്രാലയം അനുമതി നല്‍കുന്ന വിമാനങ്ങള്‍ക്ക് പറക്കാം. ആഭ്യന്തര വിമാന സര്‍വീസുകളും ട്രെയിന്‍ സര്‍വീസുകളും ഘട്ടംഘട്ടമായി കൂടുതല്‍ ആരംഭിക്കും. മെട്രോ റെയില്‍, സിനിമഹാള്‍, ജിം, നീന്തല്‍ക്കുളങ്ങള്‍, ഉല്ലാസകേന്ദ്രങ്ങള്‍, തീയറ്ററുകള്‍,  ഒാഡിറ്റോറിയം എന്നിവ തല്‍ക്കാലം അടഞ്ഞു കിടക്കും. ബാറുകളില്‍ ഇരുന്ന് മദ്യപിക്കാന്‍ അനുവദിക്കില്ല. കോവിഡ് വ്യാപന സാഹചര്യം വിലയിരുത്തി ഇവ തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. 

ആളുകള്‍ ഒത്തുചേരുന്ന മത, രാഷ്ട്രീയ, സാംസ്ക്കാരിക, പരിപാടികള്‍ക്കുള്ള വിലക്ക് തുടരും. കര്‍ഫ്യു രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാക്കി. നേരത്തെ ഒന്‍പതു മുതല്‍ അഞ്ചുവരെയായിരുന്നു. 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍, 10 വയസില്‍ താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, മറ്റ് രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്ക് പുറത്തിറങ്ങുന്നതിനുള്ള നിയന്ത്രണം തുടരും. കടകളില്‍ സ്ഥലസൗകര്യമനുസരിച്ച് അഞ്ചില്‍ കൂടുതല്‍ ആളുകള്‍ക്ക് പ്രവേശിക്കാം. പൊതു ഇടങ്ങളില്‍ ആറടി അകലം പാലിക്കണം. മുഖാവരണം ധരിക്കണം. വിവാഹങ്ങള്‍ക്ക് പരമാവധി 50പേരെയും മരണാനന്തരച്ചടങ്ങുകള്‍ക്ക് പരമാവധി 20 പേരെയും മാത്രമേ അനുവദിക്കൂ. തമിഴ്നാടും മഹാരാഷ്ട്രയും ലോക്ഡൗണ്‍ നീട്ടി. ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തിനിടെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...