നടന്നത് ക്രൂരപീഡനം; തെളിവുണ്ട്; ഇടപെട്ട് ഹൈക്കോടതി; കസേര തെറിച്ചു

Thuthukudi-Report1
SHARE

തൂത്തുകുടി ഇരട്ട കസ്റ്റഡി മരണത്തില്‍ പൊലീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ പ്രഥമ ദൃഷ്ട്യ തെളിവുണ്ടെന്ന് മദ്രാസ് ഹൈക്കോടതി. ക്രൂരമായ മര്‍ദനമാണ് നടന്നതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതായും കോടതി പറഞ്ഞു. സി.ബി.ഐ ഏറ്റെടുക്കുന്നത് വരെ കേസ് അന്വേഷണം ക്രൈം ബ്രാഞ്ച് സി.ഐ‍.ഡി വിഭാഗം അന്വേഷിക്കാനും കോടതി ഉത്തരവിട്ടു. തൊട്ടുപിന്നാലെ തൂത്തുക്കുടി എസ്.പി,  ദക്ഷിണമേഖല ഐ.ജി എന്നിവരെ സര്‍ക്കാര്‍ സ്ഥലം മാറ്റി.

എ.സി.പിക്കും ഡി.സി.പിക്കുമെതിരെ ക്രിമിനല്‍ കോടതി അലക്ഷ്യ നടപടികള്‍ ആരംഭിച്ചതോടെ  സോണല്‍ ഡി.ഐ.ജിക്കൊപ്പം തിരുനല്‍വേലി ഐ.ജിയും കോടതിയില്‍ നേരിട്ടു ഹാജരായി. കസ്റ്റഡി മരണത്തെ കുറിച്ച് അന്വേഷിച്ച കോവി‍ല്‍പെട്ടി മജിസ്ട്രേറ്റിന്റെ റിപ്പോര്‍ട്ടു പരിഗണിച്ച കോടതി പൊലീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ പ്രാഥമിക തെളിവുണ്ടെന്ന് വ്യക്തമാക്കി. ക്രൂരമര്‍ദ്ദനത്തിന്റെ വിവരങ്ങളാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉള്ളതെന്നും കോടതി എടുത്തു പറഞ്ഞു. സി.ബി.ഐ കേസ് എറ്റെടുക്കാന്‍ വൈകുമെന്ന് നിരീക്ഷിച്ച കോടതി മരിച്ചവരുടെ കുടുംബത്തിന് നീതി നിഷേധിക്കപെടാന്‍ പാടില്ലെന്ന് വ്യക്തമാക്കി. തുടര്‍ന്നാണ് സിബിഐ ഏറ്റെടുക്കുന്നത് വരെ തമിഴ്നാട് പൊലീസിന്റെ  ക്രൈം ബ്രാഞ്ച് സിഐ.ഡി വിഭാഗത്തോടു അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടത്. ഇന്ന് തന്നെ സാത്താന്‍കുളം സ്റ്റേഷനിലെത്തി കേസ് രേഖകള്‍ ഏറ്റെടുത്ത് അന്വേഷണം ആരംഭിക്കണമെന്നും കോടതി വ്യക്തമാക്കി. കോവില്‍പെട്ടി മജിസ്ട്രേറ്റിന്റെ അന്വേഷണം തടസപെടുത്തിയ തൂത്തുകുടി എ.എസ്.പി  കെ. കുമാര്‍ ,ഡി.എസ്.പി സി. പ്രതാപന്‍ , സാത്താന്‍കുളം സ്റ്റേഷനിലെ പൊലീസുകാരന്‍ മഹാരാജന്‍ എന്നിവരെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. 

മജിസ്ട്രേറ്റിനോട് എങ്ങിനെ പെരുമാറണമെന്നു പോലും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കറിയില്ലെയെന്നും  കോടതി ആരാഞ്ഞു. മഹാരാജനെ സസ്പെന്ഡ് ചെയ്തെന്നും മറ്റുരണ്ടുപേരെ സ്ഥലമാറ്റാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് മൂവരോടും  പ്രത്യേകം അഭിഭാഷകരെ നിയോഗിക്കാന്‍ കോടതി നിര്‍ദേശിച്ചു. ഇവര്‍ക്കെതിരെയുള്ള കോടതി അലക്ഷ്യ നടപടി പ്രത്യേകം തുടരുമെന്നും  ജസ്റ്റിസുമാരാ പി.എന്‍ പ്രകാശും  ബി. പുകഴേന്തിയും അടങ്ങിയ മധുര ബെഞ്ച് വ്യക്തമാക്കി.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...