ആപ്പുകളുടെ നിരോധനം: ഇന്ത്യ ഡബ്ല്യൂടിഒ ചട്ടങ്ങള്‍ ലംഘിച്ചെന്ന് ചൈന

chinese-apps-1
SHARE

ചൈനീസ് ആപ്പുകളുടെ നിരോധനത്തോടെ ഇന്ത്യ ലോകവ്യാപാര സംഘടന (ഡബ്ല്യൂടിഒ) യുടെ ചട്ടങ്ങള്‍ ലംഘിച്ചെന്ന് ചൈന. സാമ്പത്തിക, വ്യാപാര സഹകരണത്തില്‍ ഇരുപക്ഷത്തുമുളള നേട്ടം മനസിലാക്കി വിവേചനപരമായ നടപടികള്‍ ഇന്ത്യ ഉപേക്ഷിക്കണം. നീതിപൂര്‍വകമായ ബിസിനസ് അന്തരീക്ഷം ഇന്ത്യ ഒരുക്കണമെന്നും ഇന്ത്യയിലെ ചൈനീസ് നയതന്ത്രകാര്യാലയം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. 

അതേസമയം, നിരോധനത്തിന് പിന്നാലെ പ്ലേസ്റ്റോറുകളില്‍ നിന്ന് ആപ്പ് നീക്കി ടിക് ടോക്.  ഉപയോക്താക്കളുടെ വിവരങ്ങള്‍ ചൈനയുള്‍പ്പെടേ ഒരു വിദേശസര്‍ക്കാരിനും നല്‍കിയിട്ടില്ലെന്നും ടിക് ടോക് ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു. ആപ്പുകളുടെ നിരോധനത്തില്‍ ആശങ്ക രേഖപ്പെടുത്തി ചൈനീസ് വിദേശകാര്യമന്ത്രാലയം രംഗത്തെത്തി. അതിര്‍ത്തിയിലെ വീഴ്ചകളില്‍ നിന്നു മുഖംരക്ഷിക്കാനുള്ള നടപടി മാത്രമാണ് നിരോധനമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 

നിരോധനം പ്രാബല്യത്തില്‍ വരുന്നതിന്  മുമ്പ് തന്നെ ആപ്പിള്‍ സ്റ്റോറില്‍ നിന്നും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ്  ടിക് ടോക് സ്വമേധയ നീക്കം ചെയ്തു. മറ്റ് ആപ്പുകളും പ്ലേസ്റ്റോറുകളില്‍ നിന്ന് അപ്രത്യക്ഷമായി.  സര്‍ക്കാര്‍ ഉത്തരവ് പൂര്‍ണമായും പാലിക്കുമെന്ന് ടിക് ടോക് ഇന്ത്യ തലവന്‍ നിഖില്‍ ഗാന്ധി പ്രസ്താവനയില്‍ അറിയിച്ചു. ചൈനയുള്‍പ്പെടേ ഒരു രാജ്യത്തെയും സര്‍ക്കാരിന് ഉപയോക്താക്കളുടെ വിവരങ്ങള്‍ നല്‍കിയിട്ടില്ല. വിവര സംരക്ഷണം, സുരക്ഷ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഇന്ത്യന്‍ നിയമങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു. നിരോധിക്കപ്പെട്ട 59 ആപ്പുകളുടെ പ്രതിനിധികളുമായി അടുത്ത നാല്‍പ്പത്തിയെട്ട് മണിക്കൂറുകള്‍ക്കകം സര്‍ക്കാര്‍ സമിതി ചര്‍ച്ച നടത്തും.

ആഭ്യന്തര–നിയമ–വാര്‍ത്ത വിതരണ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരും ആദയനികുതി വകുപ്പിന്‍റെയും  ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോന്‍സ് ടീമിലെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്നതായിരിക്കും സമിതി. ഇന്ത്യയുടെ നടപടി കടുത്ത ആശങ്കയുണ്ടാക്കുന്നതാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് പറ‍‍ഞ്ഞു. രാജ്യാന്തര, പ്രേദേശിക നിയമങ്ങളും നിയന്ത്രണങ്ങളും അനുസരിച്ച് മാത്രമേ പ്രവര്‍ത്തികാവൂ എന്ന് ചൈനീസ് കമ്പനികള്‍ക്ക് സര്‍ക്കാര്‍ എല്ലാ കാലത്തും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

അതേസമയം ചൈനീസ് കമ്പനികള്‍ ഉള്‍പ്പെടേയുള്ള വിദേശ നിക്ഷേപകരുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ബാധ്യത ഇന്ത്യക്കുണ്ടെന്നും വിദേശകാര്യ വക്താവ് പറഞ്ഞു. ആപ്പുകളുടെ നിരോധനം അതിര്‍ത്തിയിലെ പരാജയം മറക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ പൊടിക്കൈ മാത്രമാണെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. പേടിഎമില്‍ നിക്ഷേപമുള്ളതുകൊണ്ടാണോ ചൈനീസ് കമ്പനി അലിബാബയെ നിരോധിക്കാത്തതെന്ന് കോണ്‍ഗ്രസ് എം.പി മനീഷ് തിവാരി ചോദിച്ചു. 

നിരോധിച്ച ആപ്പുകള്‍ വി.പി.എന്‍ വഴി ഉയോഗിച്ചാല്‍ എന്തുചെയ്യാനാകുമെന്നും അദ്ദേഹം ചോദിച്ചു. മെയ്ക്ക്ഇന്‍ ഇന്ത്യയെന്ന് പറഞ്ഞ് നടക്കുന്ന ബി.ജെ.പിയുടെ ഭരണകാലത്ത് ചൈനയില്‍ നിന്നുള്ള ഇറക്കുമതി കുത്തനെ ഉയര്‍ന്നതായി മുന്‍അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...