'ഫോൺ ഒാഫ് ചെയ്ത് വീട്ടിൽ പോയിരിക്കൂ': ക്വാറന്റീന്‍ ചോദിച്ചപ്പോൾ എംഎൽഎ: വിവാദം

expat
SHARE

തലസ്ഥാനത്ത് മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് ക്വാറന്റീന്‍ വൈകിയതില്‍ വീഴ്ചയുണ്ടായെന്ന് വ്യക്തമാക്കി എം.എല്‍.എയുടെ ഫോണ്‍സംഭാഷണം പുറത്ത്. ക്വാറന്റീന് സൗകര്യമില്ലെന്ന് പറഞ്ഞ കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റിനോട് ഫോണ്‍ ഓഫ് ചെയ്ത് വീട്ടില്‍ പോയിരിക്കാനാണ് നെയ്യാറ്റിന്‍കര എം.എല്‍.എ കെ.ആന്‍സലന്‍ പറഞ്ഞത്. ക്വാറന്റീന്‍ സൗകര്യമൊരുക്കിയിരുന്നെന്നും തന്നെ ഫോണ്‍വിളിച്ച് കുടുക്കിയതാണെന്നുമാണ് എം.എല്‍.എയുടെ പ്രതികരണം. 

കഴിഞ്ഞദിവസം ഷാര്‍ജയില്‍ നിന്ന് ചാട്ടേര്‍ഡ് വിമാനത്തിലെത്തിയ പൊഴിയൂര്‍ സ്വദേശികള്‍ക്ക് ക്വാറന്‍റീന്‍ സെന്റര്‍ കിട്ടാന്‍ ആറുമണിക്കൂര്‍ കാത്തിരിക്കേണ്ടി വന്നിരുന്നു. കുളത്തൂരില്‍ ക്വാറന്റീന്‍ സൗകര്യമുണ്ടോയെന്ന് ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ പഞ്ചായത്ത് പ്രസിഡന്റ് ബെന്‍സി ഭായിയെ വിളിച്ച് അന്വേഷിച്ചു. അവരുടെ കാര്യം റവന്യു ഉദ്യോഗസ്ഥര്‍ നോക്കിക്കോളും എന്നായിരുന്നു പഞ്ചായത്ത് പ്രസിഡന്റിനോട് എം.എല്‍.എ പറഞ്ഞത്. രാത്രി 9ന് കുളത്തൂര്‍ ലക്ഷ്യമാക്കി പ്രവാസികളുമായുള്ള വാഹനം പുറപ്പെട്ടതോടെ പഞ്ചായത്ത് പ്രസിഡന്റ് പരിഭ്രാന്തയായി എം.എല്‍.എയെ വിളിച്ചപ്പോഴാണ് ഫോണ്‍ ഓഫ് ചെയ്ത് വീട്ടില്‍ പോയിരിക്കാനുള്ള മറുപടി. 

ആവര്‍ത്തിച്ച് ചോദിച്ചപ്പോഴാണ് നെല്ലിമൂടില്‍ സ്കൂള്‍ തയ്യാറായിട്ടുണ്ട് എന്ന വിവരം എം.എല്‍.എ പഞ്ചായത്ത് പ്രസിഡന്റിനോട് പറയുന്നത്. ക്വാറന്‍റീന്‍ സൗകര്യം വൈകാന്‍ കാരണം പഞ്ചായത്ത് പ്രസിഡന്റിന്റെ അനാസ്ഥയാണെന്ന് എം.എല്‍.എ പ്രതികരിച്ചു. കോണ്‍ഗ്രസ് അംഗമായ പഞ്ചായത്ത് പ്രസിഡന്റ് രാഷ്ട്രീയ ലാക്കോടെ പ്രവര്‍ത്തിച്ചെന്നാണ് എം.എല്‍.എയുടെ ആക്ഷേപം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...