വി.മുരളീധരനെതിരെ വന്‍ വിമര്‍ശനം; ചര്‍ച്ചയേ ആയില്ലെന്ന് തള്ളി കെ.സുരേന്ദ്രന്‍

surendran-bjp-core
SHARE

ബിജെപി കോർ കമ്മിറ്റി യോഗത്തിൽ കേന്ദ്രമന്ത്രി വി മുരളീധരന് രൂക്ഷവിമർശനം. ഡി.ആർ.ഡി.ഒ കേസിൽ ഉൾപ്പെട്ടയാൾ മുരളീധരന്റെ ഓഫീസിലെ നിത്യസന്ദർശകനാണെന്നും പെഴ്സണൽ സ്റ്റാഫിൽ കോൺഗ്രസ് ബന്ധമുള്ളവരുണ്ടെന്നും   പി.കെ.കൃഷ്ണദാസ് പക്ഷം ആരോപിച്ചു. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി ആർ.എസ്. എസ് നിർദേശ പ്രകാരം ചേർന്ന യോഗം ഇക്കാര്യത്തിൽ പരസ്യപ്രതികരണം വിലക്കി. 

കോർഗ്രൂപ്പ് യോഗത്തിൽ പി.കെ.കൃഷ്ണദാസ് വിഭാഗം രൂക്ഷമായ ആരോപണങ്ങളാണ് വി.മുരളീധരനെതിരെ ഉന്നയിച്ചത്. കോൺഗ്രസ് ബന്ധമുള്ളവരാണ് കേന്ദ്ര മന്ത്രി വി.മുരളീധരന്റെ പെഴ്സണൽ സ്റ്റാഫിൽ ഉള്ളത്. പ്രവാസികളെ തിരിച്ചെത്തിക്കുന്നതിൽ അടക്കം ഇവരാണ്  തീരുമാനങ്ങൾ എടുക്കുന്നത്.  പാർടിക്കാരേക്കാൾ സ്വാധീനം മന്ത്രിയിൽ ഇവർക്കുണ്ടെന്നും കൃഷ്ണദാസ് പക്ഷം തുറന്നടിച്ചു.

ഡിആര്‍ഡിഓ കേസിൽ ഉൾപ്പെട്ടയാൾ മുരളീധരന്റെ ഓഫീസിലെ നിത്യസന്ദർശകനാണെന്ന ആരോപണവും യോഗത്തിലുയർന്നു. മുരളീധരനെ കടന്നാക്രമിച്ച  ദേശാഭിമാനി മുഖപ്രസംഗത്തിന് പിന്നാലെയാണ് കോർ ഗ്രൂപ്പിൽ മുരളിധരനെതിരെ കലാപക്കൊടി ഉയർന്നത്. എന്നാൽ ഇങ്ങനെയൊരു വിഷയമേ പാർട്ടി ചർച്ചചെയ്തില്ലെന്നാണ്

സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ പ്രതികരണം. 

പ്രവാസികളെ ദ്രോഹിക്കുന്ന സംസ്ഥാന സർക്കാർ നിലപാട് കേന്ദ്രം പരാജയപ്പെടുത്തിയതിൽ സിപിഎമ്മിനുള്ള അമർഷമാണ് ദേശാഭിമാനിയുടെ മുഖപ്രസംഗമെന്നും  കെ.സുരേന്ദ്രൻ ആരോപിച്ചു. 

ബി.ഡി.ജെ.എസ് നേതാവ് കെ.കെ.മഹേശന്റെ ആത്മഹത്യയിൽ പ്രതികരണത്തിന് ഇല്ലെന്നും സുരേന്ദ്രൻ പറഞ്ഞു. കൊച്ചിയിൽ പാർട്ടി ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണന്റെ വീട്ടിലായിരുന്നു  കോർ ഗ്രൂപ്പ് യോഗം. വി മുരളീധരനും വീഡിയോ കോൺഫറൻസിലൂടെ യോഗത്തിൽ പങ്കെടുത്തു.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...