ആറ് ജില്ലകളിൽ ആശങ്ക; ഉറവിടമറിയാത്ത 60 കോവിഡ് രോഗബാധയെപ്പറ്റി പഠിക്കും

ambulance-2
SHARE

സംസ്ഥാനത്തെ അറുപത് ഉറവിടമറിയാത്ത കോവിഡ് രോഗബാധ പഠിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം. രോഗവ്യാപന പഠനം നടത്താൻ ആരോഗ്യ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർമാരെ ചുമതലപ്പെടുത്തി. മേയ് 4 നു ശേഷമാണ് 49 പേരുടെ രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

തിരുവനന്തപുരത്ത് മരിച്ച ഫാ കെ ജി വർഗീസ്, കൊല്ലത്ത് മരിച്ച നിലയിൽ ആശുപത്രിയിലെത്തിച്ച സേവ്യർ , രോഗമുക്തനായശേഷം  മരിച്ച കൊല്ലം സ്വദേശി അബ്ദുൾ കരീം , കണ്ണൂർ ധർമടത്ത് മരിച്ച ആസിയയുടേയും കുടുംബാംഗങ്ങളുടേയും രോഗബാധ , ചക്ക തലയിൽ വീണതിന് ചികിൽസ തേടിയപ്പോൾ കോവിഡ് സ്ഥിരീകരിച്ച കാസർകോട്ടെ ഓട്ടോ റിക്ഷാ ഡ്രൈവർ തുടങ്ങിയവർക്ക് എങ്ങനെ രോഗം വന്നെന്ന്  വ്യക്തമല്ല. മാർച്ച് 23 മുതൽ ജൂൺ 6 വരെ സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 60 പേരുടെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല.  മേയ് 4 മുതൽ ജൂൺ ആറു വരെയുള്ള ദിവസങ്ങളിലാണ് ഇതിൽ 49 എണ്ണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കണ്ണൂർ, മലപ്പുറം, പാലക്കാട്, തൃശൂർ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതൽ ഉറവിടമറിയാത്ത രോഗബാധിതർ. കഴിഞ്ഞ ദിവസത്തെ  അവലോകനയോഗത്തിൽ വിഷയം ചർച്ചയായതോടെയാണ് രോഗവ്യാപന പഠനം നടത്താൻ മുഖ്യമന്തി നിർദേശിച്ചത്. ആരോഗ്യ വകുപ്പിനാണ് ചുമതല. ഈ കണക്കുകൾ ഐസിഎംആറിനും നൽകും. ഇതിനു പുറമേ  തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം മരിച്ച വി രമേശൻ , മണക്കാട്  മൊബൈൽ കട നടത്തുന്നയാൾ, കണ്ണൂരിലെ എക്സൈസ് ഡ്രൈവർ, തൃശൂരിലെ ഉറവിടമറിയാത്ത രോഗബാധിതർ തുടങ്ങിയവയും ആശങ്കപ്പെടുത്തുന്നതാണ്.

കേരളത്തിൽ നിന്ന് തമിഴ്നാട്,  കർണാടക സംസ്ഥാനങ്ങളിലേയ്ക്ക് പോയ 50 ഓളം പേർക്ക് ചെന്നയുടൻ അവിടെ രോഗം സ്ഥിരീകരിച്ചതും അതിജാഗ്രത ആവശ്യപ്പെടുന്നു. സമൂഹ വ്യാപനമുണ്ടായോ എന്നറിയാൻ നടത്തിയ  ആന്റിബോഡി പരിശോധന ഫലം സർക്കാർ പുറത്തുവിട്ടിട്ടില്ല. ദിവസേന രോഗബാധിതരാകുന്നവരുടെ എണ്ണത്തിനപ്പുറം  കൃത്യമായ കണക്കുകൾ പുറത്തുവിട്ട് ജനങ്ങൾക്ക് രോഗവ്യാപനത്തിന്റെ യഥാർഥ ചിത്രം നൽകണമെന്നാണ് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...