ഇരുട്ടടിയായി ഇന്ധനവില വര്‍ധന; തുടര്‍ച്ചയായ അഞ്ചാം ദിവസവും വില കൂട്ടി

fuel-price-hike-1
SHARE

രാജ്യത്ത് തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ധനവില കൂടി. കൊച്ചിയില്‍ പെട്രോളിന് 60 പൈസയും ഡീസലിന് 57 പൈസയും  കൂടി. അഞ്ചുദിവസം കൊണ്ട് പെട്രോളിന് 2.75 രൂപയും ഡീസലിന് 2.70രൂപയും കൂടി. 

രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ (ക്രൂഡ് ഓയിൽ) വില കുത്തനെ ഇടിഞ്ഞപ്പോൾ അതിന്റെ നേട്ടം ഉപയോക്താക്കൾക്കു നൽകാത്ത എണ്ണക്കമ്പനികൾ, ക്രൂഡ് വില ഉയർന്നുതുടങ്ങിയതോടെ പെട്രോൾ– ഡീസൽ വിലകൾ തുടർച്ചയായി ഉയർത്തുന്നു. കഴിഞ്ഞ മാസങ്ങളിൽ അസംസ്കൃത എണ്ണവില ചരിത്രത്തിലെ ഏറ്റവും താഴ്ചയിലെത്തിയിരുന്നു. എന്നാൽ ഒരു പൈസയുടെ നേട്ടം പോലും ജനങ്ങളിലെത്തിയില്ല.

നേട്ടം, സർക്കാരിനും എണ്ണക്കമ്പനികൾക്കും

രാജ്യാന്തര വിപണിയിലെ അസംസ്കൃത എണ്ണയുടെ (ബ്രെന്റ് ക്രൂഡ് ഓയിൽ) വില, ഇറക്കുമതിച്ചെലവ് (ഡോളറിനെതിരെ രൂപയുടെ മൂല്യം), വിവിധ നികുതികൾ, ശുദ്ധീകരണച്ചെലവ് തുടങ്ങിയവയെല്ലാം ഇന്ധനവിലയെ ബാധിക്കുന്നുണ്ട്. വില നിശ്ചയിക്കുന്ന പ്രധാനഘടകങ്ങളിലൊന്ന് (40% പ്രാതിനിധ്യം) അസംസ്കൃത എണ്ണവിലയാണ്. എന്നാൽ രാജ്യാന്തര വിപണിയിൽ വില കൂടുമ്പോൾ രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിലുണ്ടാകുന്ന മാറ്റം, വില കുറയുമ്പോൾ ഉണ്ടാകുന്നില്ലെന്നു കണക്കുകൾ വ്യക്തമാക്കുന്നു.

2014 ൽ അസംസ്കൃത എണ്ണവില ബാരലിന് 109 ഡോളറായിരുന്നപ്പോൾ പെട്രോൾ വില (കേരളത്തിൽ) ലീറ്ററിന് 77 രൂപയായിരുന്നു. കഴിഞ്ഞ ജനുവരിയിൽ അസംസ്കൃത എണ്ണയുടെ ശരാശരി വില 64 ഡോളറായപ്പോഴും പെട്രോളിന് 77 രൂപ. ഏപ്രിലിൽ വില 19.9 ഡോളറിലേക്കു കുറഞ്ഞപ്പോൾ പെട്രോൾ വിലയിലുണ്ടായ കുറവ് 6 രൂപയിൽ താഴെ.

ലോക്ഡൗണിനെ തുടർന്ന് കേന്ദ്രസർക്കാരിനുണ്ടായ നികുതി നഷ്ടം മൂലം അഡീഷനൽ എക്സൈസ് തീരുവ ഇതിനിടെ വർധിപ്പിച്ചിരുന്നു. എന്നാൽ ഇന്ധന വില ഉയർന്നില്ല. രാജ്യാന്തര വിപണിയിലെ എണ്ണ വിലക്കുറവിന്റെ നേട്ടം ജനങ്ങളിലെത്തിക്കാതെ ഈ വർധന അഡ്ജസ്റ്റ് ചെയ്തു. ലോക്ഡൗണിനെത്തുടർന്ന് ഉപയോഗം കുത്തനെ കുറഞ്ഞതോടെ ഓയിൽ മാർക്കറ്റിങ് കമ്പനികൾക്കുണ്ടായ നഷ്ടവും ഇളവ് ജനങ്ങൾക്കു നൽകാതെ നികത്തി.

വില ഇനിയും ഉയർന്നേക്കാം

പെട്രോൾ വില മൂന്നു മാസത്തിനുള്ളിൽ വീണ്ടും 80–85 രൂപ നിലവാരത്തിലേക്കെത്തുമെന്ന് വിദഗ്ധർ പറയുന്നു. രൂപയുടെ മൂല്യം ഇടിഞ്ഞതും അസംസ്കൃത എണ്ണവില 40 ഡോളറിന് മുകളിലെത്തിയതുമാണു കാരണങ്ങൾ. കോവിഡ് പ്രതിരോധത്തിനു കൂടുതൽ പണം ആവശ്യമായതിനാൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഉടൻ നികുതി കുറയ്ക്കാൻ സാധ്യതയില്ല. ഉൽപാദനം കുറയ്ക്കാനുള്ള തീരുമാനം ഒപെക് രാജ്യങ്ങൾ തുടരുകയും ചെയ്യുന്നു. ലോക്ഡൗണിനു കൂടുതൽ ഇളവുകൾ നൽകിയതോടെ അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങളിൽ ഡിമാൻഡും ഉയർന്നതും കാരണമാണ്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...