വന്ദേഭാരത് മിഷൻ മൂന്നാംഘട്ടം; കൊച്ചിയിലേക്ക് 14 ചാര്‍ട്ടേഡ് വിമാനങ്ങളെത്തും

kochi-airport-1
SHARE

വന്ദേഭാരത് മൂന്നാംഘട്ടത്തിന്റെ ഭാഗമായി കൊച്ചിയിലേക്ക് കൂടുതല്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍. ഒാസ്ട്രേലിയ, ഗള്‍ഫ്, യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നായി 14 ചാര്‍ട്ടേഡ് വിമാനങ്ങളാണ് ഒരാഴ്ചയ്ക്കുള്ളില്‍ നെടുമ്പാശേരിയിലേക്ക് എത്തുന്നത്. പ്രത്യേക വിമാനങ്ങളെ സ്വീകരിക്കാനുള്ള സജ്ജീകരണങ്ങളെല്ലാം പൂര്‍ത്തിയായതായി സിയാല്‍ അറിയിച്ചു. 

വിവിധ കമ്പനികളും, ഏജന്‍സികളുമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള പ്രവാസികളെ കേരളത്തിലേക്ക് എത്തിക്കുന്നതിനായി പ്രത്യേക വിമാനങ്ങള്‍ നെടുമ്പാശേരിയിലേക്ക് ചാര്‍ട്ടര്‍ ചെയ്തിരിക്കുന്നത്. ജൂണ്‍ 10 മുതല്‍ 18 വരെ മാത്രം എത്തുന്നത് 14 ചാര്‍ട്ടര്‍ വിമാനങ്ങള്‍. മൂവായിരത്തിലധികം പ്രവാസികളാണ് ഈ വിമാനങ്ങളിലായി ഒരാഴ്ചക്കുള്ളില്‍ നാട്ടിലെത്തുക. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമേ അല്‍ജീരിയ, ഘാന ,താജിക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും കൊച്ചിയിലേക്ക് സര്‍വീസുകള്‍ ചാര്‍ട്ടര്‍ ചെയ്തിട്ടുണ്ട്. 

എത്ര ചാര്‍ട്ടര്‍ വിമാനങ്ങള്‍ വന്നാലും സൗകര്യമൊരുക്കാന്‍ സജ്ജമാണെന്ന് സിയാല്‍ അറിയിച്ചിട്ടുണ്ട്.   ഈ മാസം 21 വരെ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ 15 വിമാനങ്ങള്‍ ഗള്‍ഫില്‍ നിന്ന് കൊച്ചിയിലേക്ക് സര്‍വീസ് നടത്തും. അബുദബി, സലാല, ദോഹ, കുവൈത്ത്, ദുബായ്, മസ്ക്കറ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവാസികളാണ് ഈ വിമാനങ്ങളിലെത്തുക. 11,13,20 തിയതികളിലായി സിംഗപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുമെത്തും. ജൂണ്‍ 23നാണ് സിഡ്നിയില്‍ നിന്നും ഡല്‍ഹി വഴിയുള്ള എയര്‍ഇന്ത്യയുടെ വിമാനം കൊച്ചിലെത്തുന്നത്. 29നാണ് വിയറ്റ്്നാമില്‍ നിന്നുള്ള എയര്‍ഇന്ത്യയുടെ രണ്ടാമത്തെ സര്‍വീസ്. മാള്‍ട്ടയില്‍ നിന്നുള്ള പ്രത്യേക വിമാനം ജൂണ്‍ 16ന് ശേഷമേ ഉണ്ടാവുകയുള്ളൂവെന്ന് സിയാല്‍ അറിയിച്ചു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...