ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു

PTI8_2_2017_000110A
SHARE

ഛത്തീസ്ഗഡ് പ്രഥമ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു. 74 വയസായിരുന്നു. റായ്പുരിലെ ആശുപത്രിയില്‍ ഉച്ചയ്‍ക്ക് മൂന്നരയ്ക്കായിരുന്നു അന്ത്യം. സംസ്കാരം നാളെ നടക്കും. പ്രഭാതഭക്ഷണം കഴിക്കുന്നതിനിടെ തളര്‍ന്നുവീണ അജിത് ജോഗിയെ ഈമാസം ഒന്‍പതിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞദിവസം ഹൃദയസ്തംഭനമുണ്ടായതിനെ തുടര്‍ന്ന് ആരോഗ്യനില വഷളാവുകയായിരുന്നു. ഭോപ്പാല്‍ സര്‍വകലാശാലയില്‍ നിന്ന് എന്‍ജിനിയറിങ് ബിരുദം ഒന്നാം റാങ്കോടെ പാസായ ജോഗി 1970ല്‍ സിവില്‍ സര്‍വീസ് പരീക്ഷ പാസായി. 

നീണ്ട പന്ത്രണ്ടുവര്‍ഷക്കാലം ജില്ലാ കളക്ടറായി സേവനമനുഷ്ഠിച്ച ശേഷമാണ് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തിയത്. രണ്ടുതവണ രാജ്യസഭാംഗവും ഒരുതവണ ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 2000ത്തില്‍ ഛത്തീസ്ഗഡ് രൂപീകരിച്ചപ്പോള്‍ മുഖ്യമന്ത്രിയായി. 2004ല്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ശരീരത്തിന്റെ പാതി ചലനമറ്റു. 2016ല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. തുടര്‍ന്ന് ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഡ് എന്ന പാര്‍ട്ടിയുണ്ടാക്കി. 

ഛത്തീസ്ഗഡിലെ കിങ്മേക്കർ

ഛത്തീസ്ഗഡ് എന്ന ഗോത്രഭൂമിയിലെ ഒരു കാലത്തെ കിങും കിങ്മേക്കറുമായിരുന്നു അജിത് പ്രമോദ് കുമാർ ജോഗി. സംസ്ഥാനം രൂപീകരിച്ചപ്പോൾ ആദ്യ മുഖ്യമന്ത്രി. ഇന്ത്യയിൽ മുഖ്യമന്ത്രി പദവിയിലെത്തിയ ആദ്യ ഐഎഎസുകാരൻ. സ്വന്തം ജനകീയതയും ജാതിയുടെ പിൻബലവും ദുർവാശികളും ഒരുപോലെ കരുത്തും ദൗർബല്യവുമാക്കിയ നേതാവ്. ജോഗി ഇഫക്ടിലാണ് കോൺഗ്രസ് ഛത്തീസ്ഗഡിൽ ആഴത്തിൽ വേരാഴ്ത്തിയത്. അതേ ജോഗിയെ അപ്രസക്തനാക്കിയാണ് ഒടുവിൽ അധികാരത്തിലേയ്ക്ക്ക്ക് തിരിച്ചുവന്നതും.

തളർന്നിരിക്കാൻ, തകർന്നുപോകാൻ അജിത് ജോഗി ഒരിക്കലും ഒരുക്കമായിരുന്നില്ല. മരണവുമായി ചൂത് കളിക്കുന്ന മാവോയിസ്റ്റ് മണ്ണിൽ പാതി നഷ്ടമായ ജീവനുമായി കരുക്കൾ നീക്കിയ കൗശലക്കാരനായ നേതാവ്. 1946 ഏപ്രിൽ 29ന് ജനനം. ബിലാസ്പുരിൽ. ഭോപ്പാൽ സർവകലാശാലയിൽ നിന്ന് ഒന്നാം റാങ്കോടെ എൻജിനിയറിങ് ബിരുദം. 1970ൽ സിവിൽ സർവീസിൽ. രാജീവ് ഗാന്ധി വിമാനം പറത്തി റായ്പൂരിലെത്തുമ്പോൾ സ്വീകരിക്കാൻ എത്തിയിരുന്ന ചുറുചുറുക്കും കാര്യപ്രാപ്തിയുമുള്ള യുവ കലക്ടർ. 1984ൽ രാജീവിന്റെ വിളികേട്ട് രാഷ്ട്രീയത്തിലേയ്ക്ക്. 86 മുതൽ 98വരെ രാജ്യസഭാംഗം. 98 ൽ റായ്ഗഢിൽ നിന്ന് ലോക്സഭയിലേയ്ക്ക്. കോൺഗ്രസ് ചീഫ് വിപ്പും എംപിസിസി വർക്കിങ് പ്രസിഡന്റുമായി. 2000ൽ ഛത്തീസ്ഗഢ് പിറവിയെടുത്തപ്പോൾ ആദ്യ മുഖ്യമന്ത്രിയായി. 2003 ഡിസംബർ 6 വരെ ഭരണം കൈയ്യാളി. അധികാരം ജോഗിയെ ഏകാധിപതിയാക്കി. മുതിർന്ന നേതാക്കളെ വെട്ടിയൊതുക്കി. 

കേബിൾ ശൃംഖല, ഒളിംപിക്സ് അസോസിയേഷൻ, വ്യവസായങ്ങൾ, ഹോട്ടലുകൾ എല്ലാം വരുതിയിൽ. ഭരണത്തിൽ മകൻ അമിത്തിന്റെ സ്വാധീനവും. 2003ൽ ബിജെപി എംഎൽഎമാരെ ചാക്കിട്ട് പിടിക്കാൻ ശ്രമിച്ചതോടെ ജോഗിയുടെ ഗ്രഹണകാലം തുടങ്ങി. സോണിയാ ഗാന്ധിയുടെ വിശ്വസ്തനായിരുന്ന ജോഗിക്ക് 10 ജൻപഥിൽ പ്രവേശനം നിഷേധിക്കപ്പെട്ടു. ഇതിനിടെ അനധികൃത സ്വത്ത് സമ്പാദനം, വ്യാജരേഖ ചമയ്ക്കൽ, കൊലപാതകം തുടങ്ങിയ കേസുകൾ. 2004ൽ ലോക്സഭാ ടിക്കറ്റ് നൽകി കോൺഗ്രസ് തിരിച്ചുവരാൻ അവസരം കൊടുത്തു. 

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ വാഹനാപകടത്തിൽ ശരീരത്തിന്റെ പാതി ചലനമറ്റു. മകൻ അമിത്തിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയപ്പോൾ 2016ൽ പുതിയ പാർട്ടിയുണ്ടാക്കി. ജനതാ കോൺഗ്രസ് ഛത്തീസ്ഗഡ്. ഭാര്യ രേണു, മകൻ അമിത്, മരുമകൾ റിച്ച. കുടുംബാംഗങ്ങളെല്ലാം സജീവ രാഷ്ട്രീയത്തിൽ. ബിഎസ്പിക്കൊപ്പം ചേർന്ന് 2018 ൽ തിരിച്ചു വരവിന് ശ്രമിച്ചെങ്കിലും അജിത് ജോഗിക്ക് കണക്കൂട്ടലുകൾ തെറ്റി.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...