ഉത്രയുടെ കയ്യില്‍ രണ്ടുവട്ടം പാമ്പുകൊത്തി; ശരിവെച്ച് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

uthra-snake-suraj-3
SHARE

ഉത്രയുടെ കൊലപാതകത്തെപ്പറ്റിയുള്ള പൊലീസിന്റെ കണ്ടെത്തല്‍ ശരിവെച്ച് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. യുവതിയുടെ ഇടതു കൈയ്യില്‍ രണ്ടു തവണ പാമ്പ് കൊത്തിയിട്ടുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം ഉത്രയെ വകവരുത്താന്‍ സൂരജ് തീരുമാനിച്ചത് വിവാഹമോചനക്കേസ് ഒഴിവാക്കാനാണെന്ന നിഗമനത്തിലേക്കാണ് അന്വേഷണ സംഘം എത്തുന്നത്. സുരജിനെ ഇന്ന് അടൂര്‍ പറക്കോട്ടെ വീട്ടിലെത്തിച്ച് തെളിവെടുക്കും.

ഉത്രയുടെ മരണം പാമ്പ് കടിയേറ്റ് തന്നെയാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. യുവതിയുടെ കൈയ്യില്‍ രണ്ടു തവണ പാമ്പ് കൊത്തിയിട്ടുണ്ട്. ഈ സമയത്ത് ഉത്ര നിലവിളിക്കാതിരുന്നത് ഏതെങ്കിലും മരുന്നുകള്‍ ഉള്ളില്‍ ചെന്നിട്ടാണോ എന്ന് കണ്ടെത്താനായി ആന്തരീകാവയവങ്ങള്‍ രാസ പരിശോധനയ്ക്ക് വിധേയമാക്കും. ഉത്രയെ കടിച്ച പാമ്പിന്റെ ശരീരാവശിഷ്ടങ്ങള്‍ വിദഗ്ധ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. 

കൊലപാതകത്തിന് ദൃക്സാക്ഷികള്‍ ഇല്ലാത്തതിനാല്‍ പരമാവധി ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് ജില്ലാ ക്രൈംബ്രാഞ്ച്. സൂരജിന്റെ കഴിഞ്ഞ ഒരു വര്‍ഷത്തെ മൊബൈല്‍ ഫോണ്‍ കോള്‍ ലിസ്റ്റ് പരിശോധിക്കുന്നുണ്ട്. കേസില്‍ വാവാ സുരേഷിനെ പോലുള്ള പാമ്പ് പിടുത്തക്കാരുടെ സഹായം തേടും. ഉത്രയെ വകവരുത്താന്‍ സൂരജ് തീരുമാനിച്ചത് വിവാഹമോചനക്കേസ് ഒഴിവാക്കാനാണെന്ന നിഗമനത്തിലേക്കാണ് എത്തുന്നത്. 

സൂരജും വീട്ടുകാരും ഉത്രയെ നിരന്തരം മാനസികമായി പീഡിപ്പിക്കുന്നതിനാല്‍ അഞ്ചലിലെ വീട്ടിലേക്ക് കൂട്ടികൊണ്ടു വരാനും വിവാഹ മോചനം നേടാനും മാതാപിതാക്കള്‍ ആലോചിച്ചിരുന്നു. കേസ് കോടതിയില്‍ എത്തിയാല്‍  അരക്കോടിയിലധികം രൂപ മടക്കി നല്‍കേണ്ടി വരും എന്നുള്ളതിനാലാണ് സൂരജ് ഭാര്യയെ കൊല്ലാന്‍ തീരുമാനിച്ചത് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. വരുദിവസങ്ങളില്‍ സൂരജിന്റെ സഹോദരി ഉള്‍പ്പടെയുള്ളവരെ ചോദ്യം ചെയ്യും.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...