മലയാളി നഴ്സ് മരിച്ചത് അനാസ്ഥ കൊണ്ടെന്ന് മകൻ; ചികിത്സയിലും വീഴ്ച

nurse-ambika-1
SHARE

ഡല്‍ഹിയില്‍ മലയാളി നഴ്സ് അംബിക സനില്‍ കോവിഡ് ബാധിച്ച് മരിക്കാന്‍ കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമെന്ന് മകന്‍ അഖില്‍ മനോരമ ന്യൂസിനോട്. ഉപയോഗിച്ചതും ഗുണനിലവാരമില്ലാത്തതുമായ പിപിഇ കിറ്റുകള്‍ വേണ്ടത്ര അണുനശീകരണം ചെയ്യാതെ നല്‍കി ജോലി ചെയ്യിപ്പിച്ചു. പഴകിയതും കീറിയതുമായ മാസ്കുകള്‍ നല്‍കി അധികൃതര്‍ പണം വാങ്ങി. രോഗബാധിതയായിരുന്നപ്പോഴും നിര്‍ബന്ധിച്ച് ജോലിചെയ്യിപ്പിച്ചു. ചികില്‍സതേടിയ സഫ്ദര്‍ജങ് ആശുപത്രിയിലാകട്ടെ മരണസന്നയായി കിടന്നപ്പോഴും വെന്‍റിലേറ്റര്‍ സൗകര്യം പോലും സമയത്തിന് നല്‍കിയില്ലെന്ന് മകന്‍ പറയുന്നു.

മാലാഖമാരെന്ന വാഴ്ത്തലിനപ്പുറം രാജ്യതലസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകര്‍ നേരിടുന്ന ദുരവസ്ഥയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് അംബികയുടെ മകന്‍ അഖില്‍ നടത്തുന്നത്. ഡല്‍ഹി റജൗറി ഗാര്‍ഡന്‍ കല്‍റ ആശുപത്രിയിലാണ് അംബിക ജോലിചെയ്തിരുന്നത്. മേയ് 18നാണ് പനിയും ശരീരവേദനയും ഉള്‍പ്പെടെ കോവിഡ് രോഗലക്ഷണങ്ങള്‍ കണ്ടത്. എന്നിട്ടും ജോലിക്കെത്താന്‍ നിര്‍ബന്ധിച്ചു. ആശുപത്രിയിലാകട്ടെ കാര്യമായ സുരക്ഷാ മുന്‍കരുതലുകളൊന്നുമില്ലാതെയാണ് ജോലി ചെയ്യേണ്ടിവരുന്നത്. മരണ ശേഷം ആശുപത്രി അധികൃതര്‍ കുടുംബവുമായി ബന്ധപ്പെട്ടിട്ടില്ല.  

21ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ നിയന്ത്രണത്തിലുള്ള സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനഫലം വന്നത് 48 മണിക്കൂറിലധികം വൈകി. മരണത്തോടും മല്ലിടുമ്പോഴും അമ്മയ്ക്ക് വെന്‍റിലേറ്റര്‍ സൗകര്യമോ, മതിയായ പരിചരണമോ കിട്ടിയില്ലെന്ന് മകന്‍ പറയുന്നു. ഞായറാഴ്ച വൈകീട്ട് മരണം സംഭവിക്കുന്നു. ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിച്ച ആദ്യ നഴ്സാണ് അംബിക. നിയമപ്പോരാട്ടത്തിന് ഒരുങ്ങുകയാണ് കുടുംബം.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...