രോഗമുക്തരുടെ എണ്ണം 50,000 കടന്നു; പഞ്ചാബ് മുന്നില്‍; രണ്ടാമത് കേരളം

108-ambulance-1
SHARE

കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നതിനിടെ ആശ്വാസമാകുന്നത് രോഗം ഭേദഗമാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിലാണ്. രാജ്യത്ത് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം അമ്പതിനായിരം കവിഞ്ഞു. 24 മണിക്കൂറിനിടെ 3250പേര്‍ക്ക് രോഗം മാറി. രോഗവ്യാപനം രൂക്ഷമായ മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും രോഗം മാറുന്നവരുടെ ദിവസക്കണക്ക് ശരാശരി 800ന് മുകളിലാണ്. ഗുജ്റാത്ത്,ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങള്‍ അമ്പത് ശതമാനത്തിനടുത്ത് രോഗമുക്തി നേടി. പഞ്ചാബും കേരളവുമാണ് രോഗമുക്തിയുടെ കാര്യത്തില്‍ മുന്‍പന്തിയില്‍. 

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഒന്നേകാല്‍ ലക്ഷമെന്നത് ഭീതിപ്പെടുത്തുന്ന കണക്കാണ്.  എന്നാല്‍ ഇവരില്‍ നിലവില്‍ രോഗ ബാധിതരായി ഉള്ളത് 69,597മാത്രമാണ് എന്നത് ഏറെ ആശ്വാസം നല്‍കും. ഇതുവരെ 51,784 കോവിഡ് ബാധിതര്‍ രോഗത്തെ അതിജീവിച്ചു. ആകെ രോഗികളുടെ 44 ശതമാനം വരുമിത്. ഓരോ ദിവസവും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതോടൊപ്പം രോഗമുക്തി നേരിടുന്നവരുടെ ശതമാനക്കണക്കും വര്‍ധിക്കുകയാണ്. രോഗ മുക്തി നേടുന്നവരുടെ എണ്ണത്തില്‍ മുന്‍പന്തിയിലുള്ളത് പഞ്ചാബാണ്. 2029 രോഗബാധിതരില്‍ 1847 പേരും രോഗത്തെ അതിജീവിച്ചു. 91 ശതമാനം പേരാണ് രോഗമുക്തരായത്.

നിലവില്‍ ചികിത്സയിലുള്ളത് 143 പേര്‍ മാത്രം. എഴുപത് ശതമാനം രോഗമുക്തിയുമായി കേരളമാണ് രണ്ടാമത്. ആകെ രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടില്‍ രോഗം മാറിയവരുടെ എണ്ണം അമ്പത് ശതമാനത്തിന് അടുത്താണ്. 14,753 രോഗികളില്‍ 7128 പേര്‍ക്ക് രോഗം മാറി. നിലവില്‍ ചികിത്സയിലുള്ളത് 7527 പേര്‍. മഹാരാഷ്ട്രയിലെ 12583പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്. 5880പേര്‍ക്ക് രോഗം മാറിയ ഗുജ്റാത്തും 5897 പേര്‍ക്ക് രോഗം മാറിയ ഡല്‍ഹിയും അമ്പത് ശതമാനത്തിനടത്തു രോഗികളെ ചികിത്സിച്ച് ഭേദമാക്കി. 

രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ രോഗമുക്തി നേടിയവരുടെ എണ്ണം അമ്പത് ശതമാനത്തിന് മുകളിലാണ്. ചുരുക്കത്തില്‍  പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം പിടിച്ചുനിര്‍ത്താനായാല്‍ കോവിഡില്‍ നിന്ന് മാസങ്ങള്‍ക്കകം രാജ്യത്തിന് പൂര്‍ണമുക്തി നേടാനാകുമെന്നാണ് ആരോഗ്യ വിദഗ്ധർ കണക്കുകൂട്ടുന്നത്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...