കൈവശമുള്ള എല്ലാ ഡേറ്റയും നശിപ്പിച്ചതായി സ്പ്രിൻക്ളർ; ഹർജിയും പിൻവലിച്ചു

pinarayi-sprinklr-high-cour
SHARE

കേരളത്തിലെ കോവിഡ് രോഗികളുമായി ബന്ധപ്പെട്ട് കൈവശമുള്ള എല്ലാ ഡേറ്റയും നശിപ്പിച്ചതായി സ്പ്രിൻക്ളർ. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഡേറ്റ നശിപ്പിച്ചതായി സ്പ്രിൻക്ളർ അറിയിച്ചത്. സംസ്ഥാന സർക്കാരിന്റെ നിർദേശം അനുസരിച്ചാണ് ബാക്ക് അപ്പ്‌ ഡേറ്റ അടക്കം എല്ലാ ഡേറ്റകളും നശിപ്പിച്ചത്. 

കേരളത്തിലെ കോവിഡ് രോഗികളുമായി ബന്ധപ്പെട്ടുള്ള എല്ലാ ഡേറ്റയും നശിപ്പിക്കാൻ ഏപ്രിൽ 24ന് ആണ് ഹൈക്കോടതി സ്പ്രിൻക്ളറിന് നിർദേശം നൽകിയത്. ഇതേതുടർന്ന് ബാക്ക് അപ്പ്‌ ഡേറ്റ സൂക്ഷിക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ വ്യക്തത തേടി മെയ്‌ 14ന് സ്പ്രിൻക്ളർ സംസ്ഥാന സർക്കാരിന് കത്ത് നൽകി. ഇതിനു മറുപടിയായി മെയ്‌ 16ന് ആണ് എല്ലാ ഡേറ്റകളും നശിപ്പിക്കാൻ സർക്കാർ സ്പ്രിൻക്ളറിന് നിർദേശം നൽകിയത്. കോവിഡ് രോഗികളുടെ ഡേറ്റ, സി ഡിറ്റിന്റെ നിയന്ത്രണത്തിലുള്ള ആമസോൺ വെബ് സെർവറിലേക്ക് മാറ്റിയ സാഹചര്യത്തിൽ സ്പ്രിൻക്ളറിന്റെ കൈവശമുള്ള ഡേറ്റ നശിപ്പിക്കണം എന്നാണ് ഐടി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ കത്തിൽ പറയുന്നത്. 

ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് സ്പ്രിൻക്ളറിന്റെ നടപടി. ഇതിനിടെ ബാക്ക് അപ്പ്‌ ഡേറ്റയുടെ കാര്യത്തിൽ വ്യക്തത തേടി സ്പ്രിൻക്ളർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സർക്കാർ നിർദേശം ഇല്ലാതെ ബാക്ക് അപ്പ്‌ ഡേറ്റ നശിപ്പിക്കുന്നത് കരാർ ലംഘനം ആകുമെന്നായിരുന്നു സ്പ്രിൻക്ളറിന്റെ വാദം. എന്നാൽ ബാക്ക് അപ്പ്‌ ഡേറ്റ നശിപ്പിച്ച സാഹചര്യത്തിൽ, ഇടക്കാല ഉത്തരവിൽ വ്യക്തത തേടിക്കൊണ്ടുള്ള ഹർജി പിൻവലിക്കുന്നതായും സ്പ്രിൻക്ളർ ഹൈക്കോടതിയെ അറിയിച്ചു. കേരളത്തിലെ കോവിഡ് രോഗികളുടെ വിവര ശേഖരണവും വിശകലനവും സ്പ്രിൻക്ളർ നൽകിയ അപ്ലിക്കേഷൻ ഉപയോഗിച്ച് സി ഡിറ്റ് നിർവഹിക്കുമെന്ന് കഴിഞ്ഞ ദിവസം സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...