ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ നില ഗുരുതരം; തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി

boris-johnson-01
SHARE

കോവിഡ് ബാധിതനായ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി. ലണ്ടനിലെ സെന്‍റ് തോമസ് ആശുപത്രിയിലുള്ള പ്രധാനമന്ത്രിക്ക് മികച്ച പരിചരണം ലഭിക്കുന്നുണ്ടെന്ന് ബ്രിട്ടിഷ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മാര്‍ച്ച് 27നാണ് ബോറിസ് ജോണ്‍സന് കോവിഡ് സ്ഥിരീകരിച്ചത്.

കോവിഡിനെ ഭയക്കാനില്ലെന്നും ആശുപത്രി സന്ദര്‍ശനത്തിനിടെ എല്ലാവര്‍ക്കും ഹസ്തദാനം നല്‍കിയെന്ന് പറയുകയും ചെയ്ത ബോറിസ് ജോണ്‍സണ്‍ രോഗബാധയെ തുടക്കം മുതല്‍ നിസാരമായാണ് കണ്ടത്. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ നയത്തിലും കണ്ട ഈ നിസാരവല്‍ക്കരണം രാജ്യത്ത് രോഗം അതിവേഗം പടരുന്നതിനും ഇടയാക്കി. മാര്‍ച്ച് 27ന് ട്വിറ്ററിലൂടെ പ്രധാനമന്ത്രി താന്‍ രോഗബാധിതനാണെന്ന് അറിയിച്ചു. ഗര്‍ഭിണിയായ ഭാര്യയിലും രോഗലക്ഷണങ്ങള്‍ കണ്ടു. ക്വാറന്‍റീനില്‍ കഴിയുമ്പോളും പ്രധാനമന്ത്രി വിഡിയോ കോണ്‍ഫറന്‍സിങ് വഴി കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. പനിയും ശ്വാസതടസവുമടക്കമുള്ള രോഗലക്ഷണങ്ങള്‍ വഷളായതോടെ ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ഇന്നലെയാണ് തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റിയത്.

തല്‍ക്കാലം വെന്‍റിലേറ്റര്‍ ആവശ്യമില്ലെന്ന് ആശുപത്രി വ‍ൃത്തങ്ങള്‍ അറിയിച്ചു. വിദേശകാര്യ സെക്രട്ടറി ഡോമിനിക് റാബിനാണ് പ്രധാനമന്ത്രിയുടെ താല്‍ക്കാലിക ചുമതല.ബോറിസ് ജോണ്‍സണുമായി അടുത്തിടപഴകിയ സര്‍ക്കാര്‍ ഉന്നതരില്‍ പലര്‍ക്കും രോഗം പിടിപെട്ടു.  പ്രധാനമന്ത്രിയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ എലിസബത്ത് രാജ്ഞിയെ അറിയിച്ചു. ജോണ്‍സണ്‍ വേഗം സുഖം പ്രാപിക്കട്ടെയെന്ന് ലോകനേതാക്കള്‍ ആശംസിച്ചു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...