ആരോഗ്യനില ഗുരുതരം; എങ്ങനെ രോഗം പകര്‍ന്നെന്നതില്‍ ആശങ്ക; യാത്രാവഴി ഇതാ

tvm-covid
SHARE

തിരുവനന്തപുരം പോത്തന്‍കോട് കോവിഡ് സ്ഥിരീകരിച്ച അറുപത്തിയെട്ടുകാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഇദേഹത്തിന് വിദേശബന്ധവും, രോഗബാധിതരുമായി സമ്പര്‍ക്കവും ഇല്ലാത്തതിനാല്‍ രോഗബാധ എവിടെ നിന്നാണെന്ന് കണ്ടെത്താനായിട്ടില്ല. സമൂഹവ്യാപനമെന്ന ആശങ്കയില്ലെന്നും ഇദേഹം പങ്കെടുത്ത പൊതുച‍ടങ്ങുകളെക്കുറിച്ച് അന്വേഷിക്കുകയാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

പോത്തന്‍കോട് സ്വദേശിയുടെ ആരോഗ്യനിലയും അദേഹത്തിന് എവിടെ നിന്ന് രോഗം പടര്‍ന്നുവെന്ന ചോദ്യവും ആശങ്കയാവുകയാണ്. അദേഹമോ അടുത്ത ബന്ധുക്കളോ വിദേശത്ത് പോയിട്ടില്ല. വിദേശത്ത് നിന്ന് വന്നവരുമായും രോഗബാധിതരുമായും ഇടപെട്ടതിന്റെ വിവരങ്ങളുമില്ല. അതിനാല്‍ മാര്‍ച്ച് 2 മുതലുള്ള ഇദേഹത്തിന്റെ യാത്രാവിവരങ്ങള്‍ പൂര്‍ണമായി പരിശോധിക്കുകയാണ്. 

ഇദ്ദേഹം മാര്‍ച്ച് 2 ന് വിവാഹത്തിലും 13ന് തൊട്ടടുത്ത മുസ്ളീം പള്ളിയിലും 18ന് അടുത്ത ബന്ധുവിന്റെ മരണാനന്തരചടങ്ങിലും അന്ന് തന്നെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും പോയിട്ടുണ്ട്. ഇദേഹം പങ്കെടുത്ത വിവാഹത്തില്‍ കാസര്‍കോട്, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് പേരെത്തിയെന്ന് സംശയമുണ്ട്.  മറ്റ് ചടങ്ങുകളില്‍ വിദേശബന്ധമുള്ള ആരെങ്കിലും പങ്കെടുത്തോയെന്നും അന്വേഷിച്ച് വരികയാണ്. പനിയേ തുടര്‍ന്ന് 23ന് സ്വകാര്യ മെഡിക്കല്‍ കോളജിലെത്തിയപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. അവിടെ ആദ്യം നടത്തിയ പരിശോധനാഫലം നെഗറ്റീവായിരുന്നതും ആശയക്കുഴപ്പത്തിന് ഇടയാക്കുന്നു.

ശ്വാസം മുട്ടലുള്‍പ്പെടെ പലവിധ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതാണ് ആരോഗ്യനില ഇപ്പോള്‍ കൂടുതല്‍ വഷളാക്കിയത്. ഇതിനിടെ ഹൃദയാഘാതവും സംഭവിച്ചതോടെ വെന്റിലേറ്ററിലാണ്.  ചികിത്സക്കായി ഡോക്ടര്‍മാരുടെ വിദഗ്ധ സംഘത്തെ നിയോഗിച്ചു. 

പോത്തന്‍കോട് സ്വദേശിയുടെ യാത്രാവിവരം: 

മാര്‍ച്ച് 2 –പോത്തന്‍കോട് അരിയോട്ടുകോണത്തിന് വിവാഹസത്കാരം

മാര്‍ച്ച് 13–വീടിന് സമീപത്തെ മുസ്ളീം പള്ളി

മാര്‍ച്ച് 18–പോത്തന്‍കോട് മരണാനന്തര ചടങ്ങ്

മാര്‍ച്ച് 18–വേങ്ങോട് പ്രാഥമിക ആരോഗ്യകേന്ദ്രം

മാര്‍ച്ച് 23ന് –വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളജ്

മാര്‍ച്ച് 23–തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഐസലേഷന്‍ വാര്‍ഡ്

വിവാഹത്തില്‍ കാസര്‍കോട്, ചെന്നൈ സ്വദേശികള്‍ പങ്കെടുത്തതായി സംശയം. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...