ലോക്ഡൗൺ നീട്ടാൻ തീരുമാനമായില്ലെന്ന് കേന്ദ്രം: കോവിഡിൽ മരണം: 28

lockdown
SHARE

കോവിഡ്  ലോക്ഡൗണ്‍ ഏപ്രില്‍ പതിനാലിന് ശേഷം നീട്ടുമെന്ന വാര്‍ത്തകള്‍ തള്ളി കേന്ദ്രസര്‍ക്കാര്‍. ഇത്തരം വാര്‍ത്തകള്‍ അദ്ഭുതപ്പെടുത്തുന്നതാണ് കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ പറഞ്ഞു. രാജ്യത്ത് കോവിഡ് ബാധിച്ച്  മരിച്ചവരുടെ എണ്ണം 30 ആയി. 1160 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 102 പേര്‍ക്ക് രോഗം ഭേദമായി. കുടിയേറ്റ തൊഴിലാളികളുടെ പലായനം തടയാന്‍ ഡല്‍ഹിയില്‍ അര്‍ധസൈനികരെ രംഗത്തിറക്കി. കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി എടുത്ത നടപടികള്‍ വ്യക്തമാക്കാന്‍ കേന്ദ്രത്തോട് സുപ്രീംകോടതിയും നിര്‍ദേശിച്ചു.  

കോവിഡ് 19ന്‍റെ വ്യാപനം തടയാന്‍ രാജ്യം അടച്ചുപൂട്ടിയിട്ട് ഇന്ന് ആറാം ദിവസം. കോവിഡ് ബാധിതരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. ലോക്ഡൗണ്‍ ആരംഭിച്ച മാര്‍ച്ച് 24ന് 564 രോഗബാധിതരാണ് ഉണ്ടായിരുന്നത്. ഇന്നത് 1150 പിന്നിട്ടു. ഓരോ അ‍ഞ്ച് ദിവസം കൂടുമ്പോഴും ഇരട്ടി വര്‍ധനയുണ്ടാകുന്നതാണ് നിലവിലെ അവസ്ഥ. ഇത് തുടര്‍ന്നാല്‍ ലോക്ഡൗണ്‍ അവസാനിക്കേണ്ട ഏപ്രില്‍ പതിനാലിന് കോവിഡ് ബാധിരുടെ എണ്ണം രണ്ടായിരത്തി അഞ്ഞൂറിലേക്ക് കടക്കും. ഈ സാഹചര്യത്തിലാണ് ലോക്ഡൗണ്‍ നീട്ടുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ അദ്ഭുതപ്പെടുത്തുന്നതാണെന്നും ലോക്ഡൗണ്‍ നീട്ടുന്ന കാര്യം നിലവില്‍ ആലോചനയിലേ ഇല്ലായെന്നുമാണ് ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ വ്യക്തമാക്കുന്നത്. കുടിയേറ്റ തൊഴിലാളികള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്കിടയിലുള്ള പരിഭ്രാന്തി ശമിപ്പിക്കുകയെന്ന ലക്ഷ്യവും ക്യാബിനറ്റ് സെക്രട്ടറിയുടെ പ്രസ്താവനയ്ക്ക് പിന്നിലുണ്ടെന്നാണ് വിവരം. കുടിയേറ്റ തൊഴിലാളികളുടെ പലായനം തടയാന്‍ സംസ്ഥാന അതിര്‍ത്തികള്‍ സീല്‍ ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഡല്‍ഹി–യുപി അതിര്‍ത്തി അടച്ച് കേന്ദ്രസേന ഏറ്റെടുത്തു. ഇവിടെ അര്‍ധസൈനികര്‍ റൂട്ട് മാര്‍ച്ച് നടത്തി. 

നാട്ടിലേക്ക് പോകാന്‍ ആനന്ദ് വിഹാറില്‍ ബസ് കാത്തുനിന്ന തൊഴിലാളികളെ ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറ്റി. ഉത്തരാഖണ്ഡിലെ ഇന്ത്യ–നേപ്പാള്‍ അതിര്‍ത്തിയിലും തൊഴിലാളികള്‍ അതിര്‍ത്തി കടക്കാന്‍ കാത്തുനില്‍ക്കുന്നുണ്ട്. ഡല്‍ഹി ആര്‍.എം.എല്‍, സഞ്ജയ് ഗാന്ധി ആശുപത്രികളില്‍ കോവിഡ് ബാധിതരെ നോക്കുന്ന ഡോക്ടര്‍മാരെയും നഴ്സുമാരുമാരെയും താമസിപ്പിക്കാന്‍ കേന്ദ്രം പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഏറ്റെടുത്തു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...