കോവിഡുള്ള ആൾക്കൊപ്പം ജോലി ചെയ്തവരെ ക്വാറന്റീനിലാക്കിയില്ല: ഗുരുതരവീഴ്ച

Quranteen-02
SHARE

കൊച്ചിയിൽ ആരോഗ്യ പ്രവർത്തകന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യവകുപ്പിന്റെ കടുത്ത അനാസ്ഥ പുറത്ത്. രോഗബാധിതനായ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ 21ന് നെടുമ്പാശേരിയിൽനിന്ന് മടങ്ങിയിട്ടും കൂടെ ജോലിചെയ്തവരെ ക്വാറന്റീൻ ചെയ്യുന്നതിൽ വലിയ വീഴ്ചസംഭവിച്ചു. ജീവനക്കാരെ ക്വാറന്റീൻചെയ്യണമെന്ന് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത് ഇന്നലെ മാത്രം. ഉത്തരവിന്റെ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു.  

ഇന്നലെ കൊച്ചിയിൽ കോവിഡ് സ്ഥിരീകരിച്ച ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ നെടുമ്പാശേരിയിൽനിന്ന് പനിയുമായി മടങ്ങിയത് 21നാണ്. തൊട്ടുപിന്നാലെ 22ന് രാജ്യാന്തര സർവീസുകൾ നിർത്തിവച്ചതോടെയാണ് ഡോക്ടർമാരും നഴ്സുമാരുമടക്കമുള്ള ആരോഗ്യ സംഘവും വിമാനത്താവളം വിട്ടത്. ക്വാറന്റീനിൽ പോകേണ്ടതല്ലേയെന്ന് നഴ്സുമാരടക്കം ചോദിച്ചെങ്കിലും അനുകൂല നിലപാടുണ്ടായില്ല. ജില്ലയിലെ പി.എച്ച്‌.സികളിൽ നിന്നടക്കം എത്തിയവർ ഇതിനിടെ അതാത് കേന്ദ്രങ്ങളിലേക്ക് മടങ്ങി. ഇന്നലെ ഇതേ ടീമിലുണ്ടായിരുന്ന ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പക്ഷെ കാര്യങ്ങൾ കൈവിട്ടു. 

വിമാനത്താവള ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ അവരുടെ അവസാന ജോലിദിവസംതൊട്ട് 14ദിവസം ഹോം ക്വാറന്റീൻ ചെയ്യേണ്ടതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഉത്തരവിറക്കിയതും ഇന്നലെ മാത്രമാണ്. 22ന് നെടുമ്പാശേരിയിലെ ഡ്യൂട്ടി അവസാനിപ്പിച്ച് പോയ മെഡിക്കൽ സംഘത്തിലുള്ളവർ ഈ ഒരാഴ്ചയ്ക്കുള്ളിൽ  ജോലിസ്ഥലത്തുൾപ്പടെ ബന്ധപ്പെട്ടത് നൂറുകണക്കിന് പേരുമായാണെന്ന്കൂടി അറിയുമ്പോഴാണ് ഈ വീഴ്ചയുടെ ആഴം മനസിലാവുക. കോവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകന്റെ നില തൃപ്തികരമാണെങ്കിലും ഇപ്പോഴുണ്ടായിട്ടുള്ള സാഹചര്യം അതീവഗുരുതരമാണ്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...