അതിർത്തി തുറക്കില്ല; എതിർപ്പ് തുടർന്ന് ബിജെപി നേതാക്കൾ: പ്രതിസന്ധി രൂക്ഷം

Covid-KGD-02
SHARE

മനുഷ്യത്വരഹിതമായി മണ്ണിട്ട് മൂടിയ അതിർത്തികൾ ഉടൻ തുറക്കില്ലെന്ന നിലപാടിലുറച്ച് കർണാടക. ദക്ഷിണ കന്നഡ എം.പി നളിൻ കുമാർ കടീൽ അടക്കമുള്ള പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ എതിർപ്പാണ് അതിർത്തി തുറക്കാൻ തടസമാകുന്നത്. അതേസമയം ഇന്നും സംസ്ഥാന അതിർത്തിയായ തലപ്പാടിയിൽ കർണാടക പൊലീസ് ആമ്പുലൻസ് തടഞ്ഞു. ദേശീയ പാതയിലൂടെ കേരളത്തിൽ നിന്ന് കർണാടകയിലേയ്ക്ക് പ്രവേശിക്കാനുള്ള വഴി ബാരിക്കേഡുകൾ നിരത്തി പൂർണമായി അടച്ചു. 

താമരശേരി സി എച്ച് സെന്ററിന്റെ ആമ്പുലൻസ് രോഗിയെ കൊണ്ടുപോകാൻ കാത്തു കിടക്കുന്നു. ന്യുമോണിയ ബാധിച്ച് മംഗളൂരുവിൽ ചികിത്സയിലുള്ള ഏഴു വയസുകാരനെ കോഴിക്കോട്ടേയ്ക്ക് കൊണ്ടു പോകുന്നതിനു വേണ്ടി എത്തിയതാണ് റഹീമും സംഘവും.തലപ്പാടിയിൽ കർണാടക പൊലീസ് തടഞ്ഞു രേഖകൾ മുഴുവൻ കാണിച്ചെങ്കിലും അതിർത്തി കടക്കാൻ അനുമതി നൽകിയില്ല. മംഗളൂരുവിൽ നിന്നുള്ള ആമ്പുലൻസിൽ രോഗിയെ അതിർത്തിയിൽ എത്തിച്ച് ഇവിടെ നിന്ന് കൊണ്ടുപോകാനായിരുന്നു നിർദ്ദേശം.

 നാലു മണിക്കൂറിലധികം കാത്തു നിന്നാണ് റഹീമും സംഘവും കുട്ടിയുമായി മടങ്ങിയത്. മംഗളൂരുവിൽ ചികിത്സ തേടിയെത്തിയ നിരവധിപ്പേരെ ഇന്നും അതിർത്തിയിൽ നിന്ന് പൊലീസ് മടക്കി അയച്ചു. കർണാടക രജിസ്ട്രേഷനുള്ള ചരക്ക് വാഹനങ്ങൾ മാത്രമാണ് സുഗമമായി തലപ്പാടി കടന്നത്. ബി ജെ പി സംസ്ഥാന അധ്യക്ഷനും എംപിയുമായ നളിൻ കുമാർ കട്ടീൽ ഉൾപ്പെടെ ദക്ഷിണ കന്നഡയിൽ നിന്നുള്ള രാഷ്ട്രീയ നേതാക്കളുടെ പിടിവാശിയെ തുടർന്നാണ് അതിർത്തികൾ അടഞ്ഞ് കിടക്കുന്നത്.

വൃക്കരോഗികളടക്കം അടിയന്തിര ചികിത്സ വേണ്ടവർക്ക് മംഗളൂരുവിലേയ്ക്ക് പ്രവേശനം അനുവദിക്കണമെന്ന മംഗളുരു എം എൽ എ യു.ടി.ഖാദറിന്റെ ആവശ്യവും കർണാടക സർക്കാർ തള്ളി. ഇതിനു പിന്നാലെ തലപ്പടിയിൽ പൊലീസ് വിന്യാസം ശക്തമാക്കി. അതേസമയം കേരളത്തിലേക്ക് പച്ചക്കറിയുമായെത്തിയ ലോറി ഇന്നലെ രാത്രി കർണാടകയിലെ കോൾച്ചാറിൽ വച്ച് ആക്രമിക്കപ്പെട്ടു. മൂന്നംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...