കോവിഡ്; സാമ്പത്തികത്തേക്കാൾ പ്രാധാന്യം മനുഷ്യജീവന്; നരേന്ദ്രമോദി

narendramodi-g20
SHARE

കോവിഡ് വ്യാപനത്തിനെതിരെയും സാമ്പത്തിക മേഖലയിലെ ആശങ്ക ഒഴിവാക്കുന്നതിനുമായി ഒരുമിച്ചു നീങ്ങുമെന്നു ജി20 രാജ്യങ്ങൾ. സൗദിയുടെ അധ്യക്ഷതയിൽ ചേർന്ന വെർച്വൽ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർ പങ്കെടുത്തു.  സമൂഹത്തിലെ ദുർബലവിഭാഗങ്ങളെയാണ് കേന്ദ്രീകരിക്കേണ്ടതെന്നും  ലോകാരോഗ്യസംഘടനയെ ശക്തിപ്പെടുത്തണമെന്നും മോദി ആവശ്യപ്പെട്ടു.

കോവിഡ് 19 നെ പ്രതിരോധിക്കുന്നതിനും നിലവിലെ സാമ്പത്തിക അസ്ഥിരത ലഘൂകരിക്കുന്നതിനുള്ള നടപടികൾക്കുമായാണ് സൌദി ഭരണാധികാരി സൽമാൻ രാജാവ് അടിയന്തര ജി20 ഉച്ചകോടിവിളിച്ചുചേർത്തത്. കോവിഡ് 19കാരണമുണ്ടായ സാമ്പത്തിക, സാമൂഹിക,  ആഘാതങ്ങൾ നേരിടാൻ ആഗോള സമ്പദ്‌വ്യവസ്ഥയിൽ അധികമായി അഞ്ചു ട്രില്യൺ ഡോളർ   ജി20 രാജ്യങ്ങൾ ഉറപ്പാക്കുമെന്നു തീരുമാനിച്ചു. സാമ്പത്തിക നേട്ടങ്ങളെക്കാൾ മനുഷ്യ ജീവനാണ് പ്രാധാന്യം നൽകേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയിൽ പറഞ്ഞു. 

മഹാമാരി സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും മോദി വ്യക്തമാക്കി. കോവിഡ്19 നെ പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ജി20 രാജ്യങ്ങൾ അഭിനന്ദിച്ചു. ജനങ്ങളുടെ ജോലിയും വരുമാനവും സംരക്ഷിക്കുക, ആത്മവിശ്വാസം പുനസ്ഥാപിക്കുക, സാമ്പത്തിക സ്ഥിരത കാത്തുസൂക്ഷിക്കുക, സാമ്പത്തിക വളർച്ച പുനരുജ്ജീവിപ്പിക്കുക, വ്യാപാരവിതരണ ശൃംഖലയിലെ തടസങ്ങൾ കുറയ്ക്കുക തുടങ്ങിയവയാണ് ഉച്ചകോടിയുടെ പ്രധാന തീരുമാനങ്ങൾ. കോവിഡ് വ്യാപനം തടയുന്നതിനും സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കുന്നതിനും പരസ്പര സഹകരണത്തോടെയുള്ള നടപടികൾ ആവശ്യമാണെന്നു സൌദി ഭരണാധികാരി സൽമാൻ രാജാവ് പറഞ്ഞു. യുഎൻ, ലോകാരോഗ്യസംഘടന,  രാജ്യാന്തര തൊഴിലാളി സംഘടന, രാജ്യാന്തര വ്യാപാര സംഘടനാ പ്രതിനിധികളും ഉച്ചകോടിയിൽ പങ്കെടുത്തു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...