കർഷകർക്ക് 2000 രൂപ; 8 കോടി കുടുംബങ്ങള്‍ക്ക് സൗജന്യ സിലിണ്ടർ; സാമ്പത്തിക പാക്കേജ്

nirmala-pressmeet
SHARE

 കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ 1,70,000 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. ഗ്രാമങ്ങളിലും നഗരങ്ങളിലും ഉള്ള പാവപ്പെട്ടവർക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കുമായാണു പാക്കേജ് പ്രഖ്യാപിച്ചത്. ഒരാളും വിശന്നിരിക്കേണ്ടിവരില്ലെന്നും ധനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരമാണ് പദ്ധതി നടപ്പിലാക്കുക. ആശുപത്രികളിലെ ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസും പ്രഖ്യാപിച്ചു. ഒരു ജീവനക്കാരന് 50 ലക്ഷം രൂപയുടെ കവറേജ് ലഭിക്കും. കോവിഡ് രോഗ ബാധിതരെ ചികിത്സിക്കുന്ന ഡോക്ടർമാർ, നഴ്സുമാർ, പാരാ മെഡിക്കൽ സ്റ്റാഫ്, ആശാ വർക്കർമാർ എന്നിവർക്കാണ് ആനുകൂല്യം ലഭിക്കുക. മൂന്ന് മാസത്തേക്കാണ് ഇൻ‌ഷുറൻസ്. ഇതിനകം കൊറോണ വൈറസ് നിയന്ത്രണ വിധേയമാകുമെന്നാണു കരുതുന്നതെന്നും മന്ത്രി പറഞ്ഞു. 

പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയിൽ 80 കോടി ഇന്ത്യക്കാരെ ഉൾക്കൊള്ളും. ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗം ഇതിൽ വരും. അടുത്ത മൂന്നു മാസം ഒാരോ മാസവും അഞ്ചു കിലോ ധാന്യം (ഗോതമ്പോ അരിയോ) സൗജന്യമായി ലഭിക്കും. ഇപ്പോൾ ലഭിക്കുന്ന അഞ്ചു കിലോയ്ക്കു പുറമേയാണിത്. കൂടാതെ ഒാരോ കിലോ പരിപ്പോ ഉഴുന്നോ പയറോ സൗജന്യമായി നൽകും. ഒരു മാസത്തിൽ രണ്ടു ഘട്ടമായി ഇതു വാങ്ങാം.

8.69 കോടി കർഷകർക്ക് അടിയന്തര സാമ്പത്തിക സഹായമായി 2,000 രൂപ വീതം നൽകും. ഏപ്രിൽ ആദ്യ വാരം തന്നെ ഇതു ലഭ്യമാകും. തൊഴിലുറപ്പ് കൂലി വർധിപ്പിച്ചു. വേതനം 202 രൂപയായി ഉയർത്തി. വിധവകൾക്ക് ആയിരം രൂപ നൽകും.

∙ വനിതകൾക്കു ജൻധൻ അക്കൗണ്ടില്‍ മൂന്നുമാസം 500 രൂപ വീതം നൽകും.

∙ എട്ടുകോടി പാവപ്പെട്ട കുടുംബങ്ങൾക്കു സൗജന്യ എൽപിജി സിലിണ്ടർ അനുവദിക്കും.

∙ചെറുകിട സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മൂന്നുമാസത്തെ പിഎഫ് തുക സർക്കാർ അടയ്ക്കും. നൂറ് തൊഴിലാളികൾ വരെയുള്ളതും അതിൽ 90 ശതമാനം പേർക്കും പതിനയ്യായിരം രൂപയിൽ താഴെ വരുമാനവും ആയിരിക്കണം.

∙ ഇപിഎഫ് നിക്ഷേപത്തിൽനിന്ന് 75 ശതമാനം മുൻകൂർ പിൻവലിക്കാൻ അനുമതി

∙ വൃദ്ധർ, വിധവകൾ, ദിവ്യാംഗജനം എന്നിവർക്കു മൂന്നു മാസത്തേക്ക് 1000 രൂപ

∙ വനിതാ സ്വയം സഹായ സംഘം– ദീൻദയാൽ പദ്ധതി പ്രകാരം 10 ലക്ഷം രൂപ വായ്പ 20 ലക്ഷം രൂപയാകും (7 കോടി സംഘങ്ങൾക്ക് സഹായം ലഭിക്കും)

∙ നിർമാണത്തൊഴിലാളികളുടെ ക്ഷേനിധി ഫണ്ടിലെ 31000 കോടി രൂപയിൽ നിന്ന് സംസ്ഥാന സർക്കാരുകൾ സഹായം നൽകണം. മൂന്നരക്കോടി റജിസ്റ്റർ ചെയ്ത ജീവനക്കാരാണുള്ളത്.

∙ ജില്ലാ മിനറൽ ഫണ്ട്– ഇതിൽ നിന്നുള്ള തുക സംസ്ഥാനങ്ങൾക്ക് കോവിഡ് തടയാനുള്ള നടപടികളുടെ ഭാഗമായി പരിശോധന ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഉപയോഗിക്കാം.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...