ലോക്ഡൗണിൽ ജനങ്ങളോട് മര്യാദ വേണം; കടുപ്പിച്ച് ഡിജിപി

behra-2
SHARE

ലോക്ഡൗണില്‍ ജനങ്ങളോട് അപമര്യാദയായി പെരുമാറിയാൽ ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കും. മാന്യത ഉറപ്പാക്കേണ്ടത് സി.ഐമാരും ഉയർന്ന ഉദ്യോഗസ്ഥരുമെന്ന് ഡിജിപി. ബലപ്രയോഗവും മോശം പെരുമാറ്റവും ശ്രദ്ധയിൽ പെട്ടെന്നും ഡി.ജി.പി. പറഞ്ഞു. ഉദ്യോഗസ്ഥര്‍ പരിധി വിടരുതെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെയാണ് ഡി.ജി.പിയുടെ ഇടപെടൽ. 

സമ്പൂര്‍ണ അടച്ചിടല്‍ മൂന്നാം ദിവസത്തേക്ക് കടന്നതോടെ അനാവശ്യയാത്രക്കാരെ തടയാന്‍ നിലപാടും നടപടിയും കടുപ്പിച്ച് പൊലീസ്. നിര്‍ദേശങ്ങള്‍ ലംഘിച്ച് യാത്ര ചെയ്ത അഞ്ഞൂറിലധികംപേര്‍ക്കെതിരെ ഇന്ന് കേസെടുത്തു. നാന്നൂറോളം പേരെ അറസ്റ്റ് ചെയ്തതിനൊപ്പം ഒട്ടേറെപ്പേരുടെ വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് റോഡില്‍ തിരക്ക് കുറഞ്ഞ് തുടങ്ങി. അതേസമയം അവശ്യവിഭാഗക്കാരോട് പോലും പൊലീസ് മോശമായി പെരുമാറുന്നുവെന്ന പരാതിയും ഉയരുന്നുണ്ട്. 

മൂന്നാം ദിനത്തില്‍ പൊലീസിന്റെ രൂപവും ഭാവവും മാറി. റോഡുകളില്‍ ബാരിക്കേഡ് വച്ചു. ലാത്തിയുടെ അകമ്പടിയോടെയായി പരിശോധന. ഉപദേശം കേള്‍ക്കാത്തവരോടുള്ള ഭാഷ കടുപ്പിച്ചു. അവശ്യവിഭാഗമാണങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡ്, അല്ലങ്കില്‍ വ്യക്തമായ കാരണമുള്ള സത്യവാങ്മൂലം. ഇതു രണ്ടുമില്ലാത്ത വാഹനങ്ങളെല്ലാം തടഞ്ഞു. ഇതോടെ കാഴ്ചകാണാന്‍ ഇറങ്ങുന്നവര്‍ കുറഞ്ഞു.

തിരുവനന്തപുരത്ത് ഗവണ്‍മെന്റ് സര്‍വീസ് എന്ന നോട്ടീസും ഒട്ടിച്ചെത്തിയ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെതിരെ കേസെടുത്തു. കെ.എസ്.എഫ്.ഐ ജീവനക്കാരന്‍ എന്ന സത്യവാങ്മൂലത്തിലെഴുതി കാറില്‍ വന്ന ഇദേഹത്തെ ചോദ്യം ചെയ്തപ്പോള്‍ പഴം വാങ്ങാന്‍ പോയതാണെന്ന് മറുപടി. കാര്‍ സഹിതം പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോടും ഒട്ടേറെ വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. ഇവയെല്ലാം ഏപ്രില്‍ 14 വരെ സ്റ്റേഷനില്‍ സൂക്ഷിക്കും.

കോഴിക്കോടും തിരുവനന്തപുരത്തും കൊച്ചിയിലും കലക്ടറുടെയും എസ്.പിമാരുടെയും നേതൃത്വത്തില്‍ പച്ചക്കറി, പലവ്യഞ്ജന കടകളില്‍ പരിശോധിച്ച്  അമിതലാഭം തടയാനുള്ള നടപടികള്‍ തുടങ്ങി.

അതേസമയം അനാവശ്യയാത്രക്കാരെ പിടികൂടുമ്പോള്‍ ആവേശം കൂടിപ്പോകുന്ന പൊലീസ് അവശ്യവിഭാഗക്കാരോടും മോശമായി പെരുമാറുന്നുണ്ട്. പച്ചക്കറി മാര്‍ക്കറ്റിലെ പരിശോധനക്കിടെ കൊണ്ടോട്ടി നഗരസഭാ സെക്രട്ടറിക്കും മര്‍ദനമേറ്റു.

ശ്രീകാര്യത്തെ ഡോക്ടറായ ഭാര്യയെ ആശുപത്രിയില്‍ കൊണ്ടാക്കിയ ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചതായും പരാതി ഉയര്‍ന്നു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...