9 പേർക്ക് കൂടി കോവിഡ്; സ്ഥിതി ഗുരുതരം; നിയന്ത്രണം ശക്തമാക്കും: മുഖ്യമന്ത്രി

cm-covid-press-meet
SHARE

സംസ്ഥാനത്ത് ഇന്നു ഒന്‍പതുപേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. മൂന്നുപേര്‍ എറണാകുളത്തും രണ്ടുപേര്‍ വീതും പാലക്കാടും പത്തനംതിട്ടയിലുമാണ്. ഇടുക്കിയിലും കോഴിക്കോട് ഓരോരുത്തർക്ക് രോഗം സ്ഥിരീകരിച്ചു. 

നാലു പേർ ദുബായിൽ നിന്നും വന്നവരാണ്. ഒരാൾ യുകെയിൽ നിന്നും മറ്റൊരാൾ ഫ്രാൻസിൽ നിന്നും വന്നവരാണ്. മൂന്നുപേര്‍ക്ക് വൈറസ് ബാധിച്ചത് രോഗികളുമായുള്ള സമ്പര്‍ക്കം വഴിയാണ്. ഇന്ന് രോഗം ബാധിച്ചവരില്‍ ടാക്സി ഡ്രൈവറും ഉൾപ്പെടുന്നു. 

ആകെ ചികില്‍സയിലുള്ളത് 112 പേരാണ്. ഇതിൽ ആറുപേരുടെ പരിശോധനാഫലം നെഗറ്റിവാണ്. 76,542 പേർ നിരീക്ഷണത്തിലുണ്ട്. 76,010 പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നു. 12 പേർ രോഗമുക്തി നേടി. കോട്ടയം ചെങ്ങളത്തെ ദമ്പതികള്‍ക്ക് രോഗം മാറി. ഇന്ന് ആറുപേരുടെ പരിശോധനാഫലം നെഗറ്റിവാണ്. ഇതുവരെ ആകെ 12 പേര്‍ക്ക് രോഗം മാറി. 

‘സ്ഥിരി ഗുരുതരം’

സ്ഥിതി കൂടുതല്‍ ഗൗരവമാകുകയാണ്. സംസ്ഥാനം കൂടുതല്‍ ശക്തമായ നിയന്ത്രണങ്ങളിലേക്ക് പോകും. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കടുത്ത നടപടി വരും. തിരിച്ചറിയല്‍ കാര്‍ഡോ പാസോ ഇല്ലാതെ പുറത്തിറങ്ങരുത്. ന്യായമായ കാര്യങ്ങള്‍ക്കുമാത്രമേ പുറത്തിറങ്ങാവൂ. അല്ലെങ്കിൽ ഭവിഷ്യത്തുണ്ടാകും. വിലക്ക് നടപ്പാക്കേണ്ടത് ജില്ലാ പൊലീസ് മേധാവിയുടെ വ്യക്തിപരമായ ഉത്തരവാദിത്തമാണ്. സമൂഹവ്യാപനം ഇതുവരെയില്ല. എന്നാൽ ഭീഷണി നിലനില്‍ക്കുന്നു. സാമൂഹിക വ്യാപനമെന്ന വാൾ തലയ്ക്കു മീലെ തൂങ്ങിനിൽക്കുന്നുണ്ട്. 

പകര്‍ച്ചവ്യാധി തടയാനുള്ള  ഓര്‍ഡിനന്‍സിന് അംഗീകാരം

പകര്‍ച്ചവ്യാധി തടയാനുള്ള നടപടി കര്‍ശനമാക്കുന്നതിനുള്ള ഓര്‍ഡിനന്‍സിന് അംഗീകാരമായി. സംസ്ഥാന അതിര്‍ത്തികള്‍ അടച്ചിടാം. ഗതാഗതം നിയന്ത്രിക്കാം. പൊതുസ്ഥലങ്ങളിലും ആരാധനാലയങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്താം. സാനിറ്റൈസര്‍ നിര്‍മാണവസ്തുക്കള്‍ വാങ്ങുന്നതിന് ടെന്‍ഡര്‍ വേണ്ട. ബിവറേജസ് മദ്യവില്‍പനശാലകളും കള്ളുഷാപ്പുകളും അടച്ചു. 

പട്ടിണി ഒഴിവാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ കമ്യൂണിറ്റി കിച്ചണ്‍ തുടങ്ങണം. ഭക്ഷണം ആവശ്യമുള്ള അര്‍ഹരായവരുടെ കൃത്യമായ കണക്ക് ശേഖരിക്കണം. പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാന്‍ ടെലിഫോണ്‍ നമ്പര്‍ നല്‍കും

പാചകക്കാരേയും വിതരണക്കാരേയും തദ്ദേശസ്ഥാപനങ്ങള്‍ കണ്ടെത്തണം. 15 കിലോ സൗജന്യ അരിക്കൊപ്പം എല്ലാവര്‍ക്കും പലവ്യഞ്ജനക്കിറ്റും നല്‍കും. റേഷൻ കാർഡ് ഉടമകൾക്കായിരിക്കും നൽകുക. നെല്ല് സംഭരണത്തിനു കൃത്യമായ നടപടി സ്വീകരിക്കണം

പ്രതിഷേധം വകവയ്ക്കാന്‍ കഴിയില്ല

ഗുരുതരരോഗങ്ങള്‍ ബാധിച്ചവര്‍ക്ക് സാമൂഹ്യസുരക്ഷ ഉറപ്പാക്കും. ആശുപത്രികളില്‍ കിടക്കുന്നവര്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും അവിടെത്തന്നെ ഭക്ഷണം ഏർപ്പെടുത്തും. നെല്ല് കൊയ്യുന്നത് അവശ്യസേവനമായി പ്രഖ്യാപിച്ചു. 

യന്ത്രം ഉപയോഗിച്ച് കൊയ്ത്ത് ഉടന്‍ പൂര്‍ത്തിയാക്കാന്‍ കലക്ടര്‍മാര്‍ ഇടപെടണം. കേരളത്തിനുപുറത്തുള്ളവര്‍ ഇപ്പോള്‍ നാട്ടിലേക്ക് വരാന്‍ ശ്രമിക്കരുത്. പ്രധാനമന്ത്രിയുടെ വാക്കുകളോട് പൂര്‍ണമായി യോജിക്കുന്നു. എല്ലാവരും എവിടെയാണ് അവിടെത്തന്നെ തുടരുക. മറ്റു മാർഗങ്ങളില്ല. കേരള അതിര്‍ത്തിക്കുള്ളില്‍ വന്നവരെ എത്തിയ സ്ഥലങ്ങളില്‍ ക്വാറന്റീന്‍ ചെയ്യും. 

പ്രതിഷേധം വകവയ്ക്കാന്‍ കഴിയില്ല. സാഹചര്യം മനസിലാക്കി എല്ലാവരും പെരുമാറണം. 1069 കോടി രൂപയുടെ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വിതരണം 27ന് തുടങ്ങും. വെല്‍ഫെയര്‍ ബോര്‍ഡുകള്‍ വഴിയുള്ള പെന്‍ഷനും വിതരണം ചെയ്യും. ആകെ 54 ലക്ഷം പേര്‍ക്ക് രണ്ടുമാസത്തെ പെന്‍ഷന്‍ നൽകും. ലോക്ക് ഡൗണ്‍ കാലത്ത് വീടുകളില്‍ പച്ചക്കറി കൃഷി തുടങ്ങണം. ഏതു പ്രായക്കാർക്കും ചെയ്യാവുന്നതാണ് പച്ചക്കറി കൃഷി. കൂട്ടംകൂടി ചെയ്യാതിരിക്കാൻ ശ്രമിക്കുക.

കോവിഡ് ജാഗ്രതയുടെ ഭാഗമായി നാളെ മുതൽ വാർത്താസമ്മേളനമുണ്ടാകില്ല. പകരം സംവിധാനം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു

MORE IN BREAKING NEWS
SHOW MORE
Loading...
Loading...