
എട്ട് മാസത്തോളം നീണ്ടുനിന്ന വീട്ടുതടങ്കലില്‍ നിന്നും ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയ്ക്ക് മോചനം. ഒമറിനെതിരെ ദേശീയ സുരക്ഷ നിയമം ചുമത്തിയത് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. തടവില്‍ കഴിഞ്ഞിരുന്ന ശ്രീനഗറിലെ ഹരിനിവാസില്‍ നിന്നും ഉച്ചയ്ക്ക് രണ്ടുമണിയോടെ അദ്ദേഹം പുറത്തിറങ്ങി. ജീവിതത്തിനും മരണത്തിനുമിടയിലുള്ള പോരാട്ടമാണ് നടത്തുന്നതെന്നും തടവില്‍ കഴിയുന്ന മുഴുവന്‍ പേരെയും മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്ത ഓഗസ്റ്റ് അഞ്ചിന് ശേഷം നടന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പിതാവ് ഫറൂഖ് അബ്ദുല്ലയ്ക്കും മാതാവിനുമൊപ്പം നില്ക്കുന്ന ചിത്രം ഓമര്‍ ട്വിറ്ററില്‍ പങ്കുവച്ചു. ഫറൂഖ് അബ്ദുല്ലയെ കഴിഞ്ഞ മാസമാണ് മോചിപ്പിച്ചത്. ഒമറിന്റെ തടവ് ചോദ്യം ചെയ്ത് സഹോദരി സാറാ അബ്ദുല്ല സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇത് പരിഗണിച്ച കോടതി മോചനകാര്യത്തില്‍ ഉടന്‍ തീരുമാനമറിയിക്കാന്‍ കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശിച്ചിരുന്നു.