കോഴിക്കോട് നിരോധനാജ്ഞ; 144 പ്രഖ്യാപിച്ചു; അഞ്ചു പേരി‍ൽക്കൂടുതല്‍ ഒത്തുകൂടരുത്

calicut-emergency
SHARE

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയിൽ 144 പ്രഖ്യാപിച്ചു. അഞ്ചുപേരി‍ല്‍ക്കൂടുതല്‍ ഒത്തുകൂടരുത്. ഉല്‍സവങ്ങള്‍ അടക്കം മതപരമായ ചടങ്ങുകള്‍ക്ക് പൂര്‍ണവിലക്ക് ഏർപ്പെടുത്തി. പലചരക്കുകടകളും മരുന്നുകടകളും രാവിലെ 10 മുതല്‍ വൈകിട്ട് 7 വരെ തുറക്കും. 

സംസ്ഥാനത്ത് 15 പേരില്‍ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. അഞ്ചുപേര്‍ കാസര്‍കോട്, നാലുപേര്‍ കണ്ണൂരില്‍. കോഴിക്കോട് രണ്ടുപേര്‍. മലപ്പുറത്തും എറണാകുളത്തും രണ്ടു പേർ വീതം. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത് 64 പേർ. 59,295 പേര്‍ നിരീക്ഷണത്തില്‍. വീടുകളില്‍ നിരീക്ഷണത്തിലുള്ളത് 58981 പേര്‍. ആശുപത്രികളില്‍ 314 പേർ. സ്രവസാംപിള്‍ പരിശോധിച്ച 2744 പേര്‍ക്ക് രോഗമില്ല. 

കൂടുതല്‍ പേരിലേക്ക് രോഗം പകരാതിരിക്കാന്‍ അതീവജാഗ്രത വേണമെന്നു ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ആരോഗ്യ വകുപ്പ് തയാറെടുത്തുവെന്നും മന്ത്രി പറഞ്ഞു. 

ജനങ്ങള്‍ ജാഗ്രത പുലര്‍ത്തി സാമൂഹ്യ അകലം പാലിച്ച് സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ കൃത്യമായി നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ പ്ലാന്‍ ബിയില്‍ തന്നെ പിടിച്ചു നില്‍ക്കാനാകും. അതല്ല വലിയ തോതില്‍ സമൂഹ വ്യാപനമുണ്ടായാല്‍ പ്ലാന്‍ സിയിലേക്ക് കടക്കും. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളുടെ പൂര്‍ണ ഇത് നടപ്പാക്കുക.  പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം സ്ഥലം കണ്ടെത്തിയിട്ടുണ്ട്. അവിടെയെല്ലാം അത്യാവശ്യമില്ലാത്ത വിഭാഗങ്ങള്‍ ഒഴിപ്പിച്ച് രോഗികളുടെ എണ്ണം പരമാവധി കുറച്ച് സൗകര്യമൊരുക്കും. 81 സര്‍ക്കാര്‍ ആശുപത്രികളും 41 സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടെ 122 ആശുപത്രികളിലായി 3028 ഐസലേഷന്‍ കിടക്കകളാണ് കണ്ടെത്തിയിരിക്കുന്നത്

സംസ്ഥാനത്തെ 7 ജില്ലകൾ പൂർണമായി അടച്ചിടാൻ തീരുമാനിച്ചിട്ടില്ലെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. കേരളത്തിലെ 7 ജില്ലകളിലും പുതുതായി ഒരു നിയന്ത്രണവും ഏർപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടില്ല. എന്നാൽ നേരത്തേ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നതിനുള്ള  നിർദേശങ്ങൾ നൽകിയിട്ടുമുണ്ട്. കാസർകോട് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്തു കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി, സംസ്ഥാനത്തു ഇന്നു രാത്രി 9 കഴിഞ്ഞാലും ജനങ്ങൾ കൂട്ടമായി പുറത്തിറങ്ങുന്നതിനും ആഘോഷങ്ങളിൽ ഏർപ്പെടുന്നതിനും നിയന്ത്രണമുണ്ടെന്നു സർക്കാർ അറിയിച്ചു. ഇതു സംബന്ധിച്ച് ഇന്നലെ (ശനിയാഴ്ച) തന്നെ വ്യക്തമായ ഉത്തരവ് ജില്ലാ കലക്ടർമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും നൽകിയിട്ടുള്ളതായി ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു.  കാസർകോട് ജില്ല പൂർണമായും അടച്ചു. അവശ്യസർവീസുകളായ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾ, പെട്രോൾ പമ്പുകൾ തുടങ്ങിയവ തുറക്കാം. ഹോട്ടലുകളും റസ്റ്ററന്റുകളിലും കൂട്ടം കൂടിയിരിക്കാൻ അനുവദിക്കില്ല. സംസ്ഥാന അതിർത്തി അടച്ചു. 

യാത്രാ വാഹനങ്ങൾക്കു പുറത്തേക്കു പോകാനോ അകത്തേക്കു വരാനോ ആകില്ല. ചരക്കു വാഹനങ്ങൾക്ക് ഈ നിയന്ത്രണമില്ല. ജില്ലാ അതിർത്തികൾ കടന്നു സ്വകാര്യ വാഹനങ്ങൾക്കു പോകാം. പൊതുഗതാഗത സംവിധാനങ്ങൾ ദീർഘദൂരത്തിൽ അനുവദിക്കില്ല. അടുത്ത ജില്ലകളിലേക്കു തൽക്കാലം അനുവദിക്കും. ഇക്കാര്യത്തിൽ വ്യക്തമായ തീരുമാനം പിന്നീട് ഉണ്ടാകും. കൊച്ചി മെട്രോ പ്രവർത്തിക്കില്ല. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...