കോവിഡ് ഭീതിയില്‍ ഓഹരി വിപണി കുപ്പൂകുത്തി; രൂപയുടെ മൂല്യമിടിഞ്ഞു

sensex-2
SHARE

കോവിഡ് ഭീതിയിൽ തകർന്നടിഞ്ഞ് ഇന്ത്യൻ ഓഹരി വിപണികൾ. വ്യാപാരത്തിനിടെ സെൻസെക്സ് 3100 പോയിന്റ് താഴ്ന്നു. ഓഹരിവിപണികളിൽ ഒറ്റ ദിവസം കൊണ്ട് ഉണ്ടാകുന്ന റെക്കോർഡ് ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്.  മഹാമാരിയായി കോവിഡ് വൈറസ് ബാധയെ ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചതാണ് ഓഹരി വിപണികൾക്ക് തിരിച്ചടിയായത്.

സെൻസെക്സ് 2919 പോയിന്റ് താഴ്ന്ന് 32, 778 ലും നിഫ്റ്റി 868 പോയിന്റ് താഴ്ന്ന 9590 ലും  വ്യാപാരം അവസാനിപ്പിച്ചു. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ ഇടിവുണ്ടായി. ഒരു ഡോളറിന് വില 74 രൂപയ്ക്ക് മുകളിലാണ് വ്യാപാരം നടക്കുന്നത്.

അമേരിക്കൻ വിപണികളിൽ 6 ശതമാനം നഷ്ടം രേഖപ്പെടുത്തി. ഇന്ത്യൻ ഓഹരിവിപണികളിൽ ഏറ്റവും കൂടുതൽ ഇടിവ്  ഉണ്ടായത് ഏവിയേഷൻ ഓഹരികളിലാണ്. സ്പൈസ് ജെറ്റ് ഓഹരികൾ 18 ശതമാനം ഇടിഞ്ഞു. രാജ്യാന്തര വിപണിയിൽ ക്രൂഡ് വിലയിൽ ഇടിവ് തുടരുകയാണ്. അസംസ്കൃത എണ്ണ വില ബാരലിന് 33 ഡോളറായി. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും അമേരിക്കയിലേക്കുള്ള വരവിന് നിരോധനം ഏർപ്പെടുത്തിയതാണ് ക്രൂഡ് വിലയെ ബാധിച്ചത്. 

കോവിഡ് വ്യാപനത്തില്‍ വിറച്ച് ലോകം. 121 രാജ്യങ്ങളില്‍ കോവിഡ് 19  സ്ഥിരീകരിച്ചു. മരണസംഖ്യ 4292 ആയി ഉയര്‍ന്നു. ഒന്നേകാല്‍ ലക്ഷംപേരില്‍ രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു.  ഇറ്റലിയിലും ഇറാനിലും സൗത്ത് കൊറിയയിലും രോഗബാധിതരുടെ എണ്ണം അതിവേഗം വര്‍ധിക്കുകയാണ്. അമേരിക്കയും കുവൈറ്റും സൗദിയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ യാത്രാവിലക്ക് ഉള്‍പ്പെടെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. 

ഇന്നലെ ഒറ്റദിവസം മാത്രം ഇറ്റലിയില്‍ കോവിഡ് 19 ബാധിച്ച് മരിച്ചത് 200 പേരാണ്. സൂപ്പര്‍മാര്‍ക്കറ്റുകളും മെഡിക്കല്‍ ഷോപ്പുകളും ഒഴികെ എല്ലാ സ്ഥാപനങ്ങളും അടച്ചു. ജനസംഖ്യയില്‍ ഭൂരിഭാഗവും വീടുകളില്‍ തന്നെ കഴിയുകയാണ്.  കോവിഡ് 19 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ബ്രിട്ടന്‍ ഒഴികെ  യൂറോപ്പിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് അമേരിക്ക 30 ദിവസത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി. പ്രസിഡന്‍റ് ട്രംപിന്‍റെ യൂറോപ്പിലെ എല്ലാ പരിപാടികളും റദ്ദാക്കി. എന്‍ബിഎ സീസണ്‍ അനിശ്ചിതകാലത്തേക്ക് റദ്ദാക്കി.  കോവിഡ് സ്ഥിരീകരിച്ച ഹോളിവുഡ് താരം ടോം ഹാങ്ക്‌സിനും ഭാര്യ റീത്ത വില്‍സണും ഓസ്ട്രേലിയയില്‍ ഐസോലേഷനിലാണ്. ഇറാനില്‍ മരണസംഖ്യ 400 കവിഞ്ഞു.

സൗത്ത് കൊറിയയില്‍ കോവിഡ് ബാധിച്ച 7000 പേരില്‍ 54 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. കുവൈത്ത് വിമാനത്താവളങ്ങള്‍ അടച്ചു. രണ്ടാഴ്ചത്തേക്ക് പൊതു അവധി പ്രഖ്യാപിച്ചു. വിദേശികള്‍ രാജ്യത്ത് പ്രവേശിക്കുന്നത് സൗദിയും വിലക്കി. ഇഖാമയുള്ളവര്‍ക്ക്  തിരിച്ചെത്താന്‍ 72 മണിക്കൂര്‍ സമയം അനുവദിച്ചു. ആരോഗ്യമേഖലയിലുള്ളവര്‍ക്ക് വിലക്ക് ബാധരകമല്ല.   ലോകമൊട്ടാകെ പൊതുവായ ഒരു ഭീഷണി നേരിടുകയാണെന്നും ഇതിനെതിരെ ഒറ്റക്കെട്ടായി പോരാടണമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് പറഞ്ഞു.

തായ്ലന്‍ഡില്‍ 11 പേര്‍ക്ക്  ഇന്ന് രോഗം സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച ശേഷം ചൈനയില്‍ ഏറ്റവും കുറഞ്ഞ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇന്നാണ്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...