സമരത്തിനിടെ കുഴഞ്ഞുവീണയാള്‍ മരിച്ചു; നടുറോഡില്‍ ജീവനായി പൊരുതി

ksrtc-01
SHARE

സ്വകാര്യബസിന്റെ ക്രമക്കേട് തടഞ്ഞ ഡി.ടി.ഒ യെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്ക് തിരുവനന്തപുരം നഗരത്തെ  സ്തംഭിപ്പിച്ചു. ആയിരക്കണക്കിന് യാത്രക്കാരെയും ജനത്തെയും  വലച്ച സമരത്തില്‍ കിഴക്കേക്കോട്ടയില്‍ അറുപതുകാരന്‍ കുഴഞ്ഞുവീണു മരിച്ചു. കടകംപള്ളി സ്വദേശി സുരേന്ദ്രനാണ് ജീവന്‍ നഷ്ട്മായത് . ആറു മണിക്കൂര്‍ തലസ്ഥാനത്തെ വലച്ച സമരത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കെ.എസ്.ആര്‍.ടി.സിക്ക് എതിരെ കേസ് എടുത്തു. പൊലീസുമായുള്ള ചര്‍ച്ചകള്‍ക്കൊടുവില്‍ വൈകിട്ട് അഞ്ചുമണിയോടെ  കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ പൊലീസ് വിട്ടയച്ചു.   സ്വകാര്യബസ് ലോബിയുടെ കളികളാണ് പ്രശ്നത്തിന് കാരണമെന്ന് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. 

തിരുവനന്തപുരം കിഴക്കേകോട്ടയിൽ അനധികൃത സർവ്വീസ് നടത്തിയ സ്വകാര്യ ബസിനെ തടഞ്ഞെന്ന കുറ്റത്തിന്  ‍ഡി‍ടിഒ സാംലോപ്പസ് ഉള്‍പ്പെടെ രണ്ടുപേരെ ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. കെ.എസ്.ആര്‍.ടി. സി ജീവനക്കാരെ  ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി റിമാന്‍ഡ് ചെയ്യാന്‍ നീക്കമുണ്ടായതോടെ രാവിലെ പത്തരയോടെ  കെ.എസ്.ആര്‍.ടി ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചു. 

കിഴക്കേകോട്ട, തമ്പാനൂര്‍, നെടുമങ്ങാട് ഡിപ്പോകളിലെ ജീവനക്കാര്‍ പണിമുടക്കിയതോടെ എല്ലാ സര്‍വീസുകളും നിലച്ചു. കിഴക്കേക്കോട്ടയില്‍ റോഡില്‍ കെഎസ്ആര്‍ടിസി ബസുകള്‍ നിരനിരയായി നിര്‍ത്തിയിട്ടതോടെ ഗതാഗതക്കുരുക്കില്‍ നഗരം നിശ്ചലമായി. ഉച്ചയ്ക്ക് സ്കൂള്‍വിട്ടുവന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വീടുകളില്‍ പോകാനാകാതെ നഗരത്തില്‍ കുടുങ്ങി. ആറ്റുകാല്‍ ഉല്‍സവത്തിനെത്തിയവര്‍ ഉള്‍പ്പെടെ മണിക്കൂറുകളായി കിഴക്കേക്കോട്ടയിലും തമ്പാനൂരിലുമായി  കുടുങ്ങി

ഉച്ചമുതല്‍ ബസ് കാത്ത് നിന്ന് കടകംപള്ളി സ്വദേശി സുരേന്ദ്രനാണ് വൈകിട്ട് മൂന്ന് മണിയോടെ കിഴക്കേകോട്ടയില്‍ കുഴഞ്ഞുവീണത്.  സമീപത്ത് നിന്ന് സ്ത്രീ പ്രാഥമിക ശുശ്രൂഷ  നല്‍കി  ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ജനറല്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.  മൃതദേഹം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. ഇതിനിടെ സുരേന്ദ്രൻ ഹൃദ്രോഗിയായിരുന്നുവെന്ന് സുഹൃത്ത് വെളിപ്പെടുത്തി

പൊലീസും കെ.എസ്.ആര്‍.ടി.സി ജീവനക്കാരും തമ്മിലുള്ള ചര്‍ച്ചകള്‍ ഫലംകാണാതെ വന്നതോട സമരം മണിക്കൂറുകള്‍ പിന്നിട്ടു. സമരം പരിധിവിട്ടതോടെ മനുഷ്യാവകാശ കമ്മീഷന്‍ കെ.എസ്.ആര്‍.ടി.സിക്ക് എതിരെ കേസ് എടുത്തു. കെ.എസ്.ആര്‍.ടി.സി എംഡിയോടും സിറ്റി പൊലീസ് കമ്മീഷണറോടും വിശദീകരണം തേടി. വൈകിട്ട് അഞ്ചുമണിയോടെ  ഡിടിഒ സാംലോപ്പസിനെ വിട്ടയച്ചപ്പോഴേക്കും ആയിരങ്ങള്‍ വലയുകയും ഒരു യാത്രക്കാരന്റെ ജീവന്‍ പൊലിയുകയും ചെയ്തു. അതും പോലെ കണക്കിലെടുക്കാതെ പൊലീസ് സ്റ്റേഷനില്‍ കെ.എസ്.ആര്‍.ടി.സി വിജയം ആഘോഷം നടത്തി 

നിഷ്പ്രയാസം പരിഹരിക്കാവുന്ന പ്രശ്നമാണ് കെ.എസ്.ആര്‍.ടി.സിയുടെുയും പൊലീസിന്റെയും പിടിവാശികൊണ്ട് സങ്കീര്‍ണമാക്കി തലസ്ഥാന നഗത്തെ സ്തംഭിപ്പിച്ചത്. വിരമിച്ച ഉന്നതനായ പൊലീസ് ഉദ്യോഗസ്ഥനാണ് കെ.എസ്.ആര്‍.ടി എം.ഡി എങ്കിലും ഇടപടേണ്ട സമയത്ത് ഇടപെട്ട് പ്രശ്നം പരിഹരിച്ചില്ല. 

സംഭവത്തിൽ ഗതാഗതമന്ത്രി കലക്ടറോട് റിപ്പോര്‍ട്ട് തേടി . സംഘർഷവും മരണവും കലക്ടർ അന്വേഷിക്കുമെന്നു മന്ത്രി എ.കെ. ശശീന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മിന്നല്‍ പണിമുടക്ക് നല്ല പ്രവണതയല്ലെന്ന് യൂണിയനുകള്‍ മനസിലാക്കണം . സമരത്തിലേക്ക് നയിച്ച കാരണങ്ങളും അന്വേഷിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. 

ആറുമണിക്കൂറോളം തലസ്ഥാന നഗരം സ്തംഭിച്ചതും ഒരു യാത്രക്കാരന്‍ മരിക്കാനിടയതും ഗുരുതരമായ വീഴ്ചയ്ക്ക് തെളിവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഇതെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും  ചെന്നിത്തല ആവശ്യപ്പെട്ടു

MORE IN BREAKING NEWS
SHOW MORE
Loading...
Loading...