
കലാലയങ്ങളിലെ രാഷ്ട്രീയ നിരോധിച്ച ഹൈക്കോടതി വിധി മറികടക്കാന്‍ നിയമനടപടിയെടുക്കുമെന്ന് എസ്.എഫ്.ഐ. സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് സംസ്ഥാന സെക്രട്ടറി സച്ചിന്‍ദേവ് ആവശ്യപ്പെട്ടു.
പഠിക്കുക എന്നത് വിദ്യാര്‍ഥിയുടെ മൗലിക അവകാശമാണെന്ന് എടുത്തു പറഞ്ഞാണ് ഹൈക്കോടതി കലാലയങ്ങളിലെ വിദ്യാര്‍ഥി സമരങ്ങള്‍ നിരോധിച്ചത്. കലാലയങ്ങളുടെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്ന തരത്തിലുള്ള ഒരു സമരങ്ങളും പാടില്ല. കലാലയങ്ങള്‍ക്ക് ഉള്ളില്‍ ധര്‍ണ, ഘരാവോ, പ്രകടനം തുടങ്ങിയവയും ഹൈക്കോടതി വിലക്കി.
പഠിപ്പു മുടക്കിയുള്ള സമരങ്ങള്‍ നടത്തുകയോ, ഇത്തരം സമരങ്ങളില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുകയോ ചെയ്യരുത്. പഠിക്കുകയെന്ന വിദ്യാര്‍ഥിയുടെ മൗലികാവകാശം തടയാന്‍ ആര്‍ക്കും അധികാരമില്ല. കലാലയങ്ങള്‍ പഠനത്തിനുള്ള കേന്ദ്രങ്ങളാണ്. സമരങ്ങള്ക്കുള്ളതല്ല. ആശയസംവാദത്തിനും സര്‍ഗസംവാദത്തിനും കലാലയങ്ങള്‍ വേദിയൊരുക്കണമെന്നും ജസ്റ്റിസ് പിബി സുരേഷ് കുമാറിന്റെ ഉത്തരവില്‍ പറയുന്നു.
സ്കൂളുകള്‍ക്കും കോളജുകള്‍ക്കും ഈ നിര്‍ദേശങ്ങള്‍ ബാധകമാണ്. ഡിജിപി, ഡിപിഐ, വിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവര്‍ ഉത്തരവ് നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കണം. കാന്പസിനകത്തെ സമാധാനാ അന്തരീക്ഷം ഉറപ്പാക്കാന്‍ പോലിസ് സംരക്ഷണം തേടി വിവിധ സ്കൂള്‍ കോളജ് മാനേജ്മെന്റുകള്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്.
അതേസമയം, കലാലയങ്ങളിലെ സംഘടനാസ്വാതന്ത്ര്യം ഇല്ലാതാക്കുന്ന വിധിയാണ് ഹൈക്കോടതിയില്‍നിന്ന് ഉണ്ടായതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പ്രതികരിച്ചു. പ്രതിഷേധിക്കാനും പഠിപ്പുമുടക്കാനും എല്ലാവര്ക്കും അവകാശമുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.