കൂടുതൽ നേതാക്കളെ ലക്ഷ്യംവച്ച് ജോസഫ്; ഫ്രാന്‍സിസ് ജോര്‍ജിനെ പാർട്ടിയിലെത്തിക്കാൻ നീക്കം

pj-joseph-2
SHARE

ജോണി നെല്ലൂരിന് പിന്നാലെ കൂടുതല്‍ കേരള കോണ്‍ഗ്രസ് നേതാക്കളെ കൂടെക്കൂട്ടാനുള്ള നീക്കങ്ങള്‍ ഊര്‍ജിതമാക്കി പി.ജെ.ജോസഫ്. ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജിനെ പാളയത്തിലെത്തിക്കാനാണ് നീക്കം. ഇതോടൊപ്പം കുട്ടനാട് സീറ്റിന്‍റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഇന്ന് കോട്ടയത്ത് നേതൃയോഗം ചേരും.

സമാനചിന്താഗതിയുള്ളവരെ കൂടെക്കൂട്ടി ഐക്യ കേരള കോണ്‍ഗ്രസെന്ന ആശയത്തിന് പിന്നാലെയാണ് പി.ജെ. ജോസഫ്. ജേക്കബ് ഗ്രൂപ്പിലെ ഒരു വിഭാഗത്തെ ഒപ്പംകൂട്ടാനായതിന്‍റെ ആത്മവിശ്വാസത്തിലാണ് തുടര്‍ നീക്കങ്ങള്‍.  തന്‍റെ വിശ്വസ്തരില്‍ ഒരാളായ ഫ്രാന്‍സിസ് ജോര്‍ജാണ് ഇനിയുള്ള ലക്ഷ്യം. കെ.എം. മാണിയുടെ കുടുംബാധിപത്യത്തില്‍ പ്രതിഷേധിച്ചാണ് ഫ്രാന്‍സിസ് ജോര്‍ജും കൂട്ടരും ജനാധിപത്യ കേരള കോണ്‍ഗ്രസ് രൂപീകരിച്ചത്. ജോസ് ജോസഫ് വിഭാഗങ്ങള്‍ ഭിന്നിച്ചതോടെ ജോസഫുമായി അടുക്കാനുള്ള സാഹചര്യങ്ങള്‍ അനുകൂലമാണ്. പ്രാഥമിക ചര്‍ച്ചകള്‍ നടന്നെങ്കിലും കുട്ടനാട് സീറ്റാണ് തടസം. കുട്ടനാട്ടില്‍ കെ.സി. ജോസഫിനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് ഫ്രാന്‍സിസ് ജോര്‍ജിന്‍റെ ആഗ്രഹം. 

നേരത്തെ രണ്ട് തവണ മത്സരിച്ച കെസിക്ക് മണ്ഡലം സുപരിചിതമാണ്. എന്നാല്‍ ജോസഫ് ഈ നിര്‍ദേശം അംഗീകരിച്ചിട്ടില്ല. കഴിഞ്ഞ തവണ മത്സരിച്ച ജേക്കബ് എബ്രഹാമിനെ ജോസഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ അനിശ്ചിതത്വമാണ് ഫ്രാന്‍സിസ് ജോര്‍ജിന്‍റെ മടക്കത്തിനുള്ള ഏക തടസമെന്നാണ് സൂചന. ഇതിനിടെയാണ് കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന അഭ്യൂഹം ശക്തമായത്. 

കുട്ടനാട് സീറ്റ് വിട്ടു നല്‍കണമെങ്കില്‍ മൂവാറ്റുപുഴയോ മറ്റേതെങ്കിലും സീറ്റോ കിട്ടണമെന്ന നിലപാടിലാണ് പിജെ. യുഡിഎഫിന്‍റെ മുതിര്‍ന്ന നേതാക്കള്‍ ഇക്കാര്യത്തില്‍ ഉറപ്പു തന്നെ നല്‍കേണ്ടിവരും. പാര്‍ട്ടിക്കുള്ളിലെ അഭിപ്രായം കൂടി ആരാഞ്ഞ ശേഷം തീരുമാനം ജോസഫ് യുഡിഎഫിനെ അറിയിക്കും. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...