ട്രംപ്– മോദി കൂടിക്കാഴ്ചയില്‍ മതസ്വാതന്ത്ര്യവും പൗരത്വവും ചര്‍ച്ചയാകും: വൈറ്റ് ഹൗസ്

modi-trump-meeting-4
SHARE

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് നടത്തുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ഇന്ത്യയിലെ മതസ്വാതന്ത്ര്യം വിഷയമാകുമെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍. പൗരത്വ ഭേഗദതി നിയമവും ദേശീയ പൗരത്വ റജിസ്റ്ററുമായി ബന്ധപ്പെട്ട് ഉയരുന്ന ആശങ്കകളില്‍ നരേന്ദ്ര മോദിയോട് വ്യക്തത തേടുമെന്നും വൈറ്റ്ഹൗസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

ഇന്ത്യയുടെ മതേതര ജനാധിപത്യ പാരമ്പര്യത്തെ അങ്ങേയറ്റം ബഹുമാനത്തോടെയാണ് കാണുന്നത്. ഇരുരാജ്യങ്ങളും ഇക്കാര്യങ്ങളില്‍ സമാനമായ മൂല്യങ്ങളാണ് പങ്കുവയ്ക്കുന്നത്. എങ്കിലും സമീപകാലത്തുയര്‍ന്നുവന്ന ചില കാര്യങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണെന്ന് പൗരത്വ ഭേദഗതി നിയമത്തെയും എന്‍.ആര്‍സിയെയും സൂചിപ്പിച്ച് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ പറയുന്നു. ഇക്കാര്യങ്ങള്‍ സംയുക്ത പ്രസ്താവനയിലും ഇടംപിടിച്ചേക്കുമെന്നും ഇവര്‍ സൂചിപ്പിക്കുന്നുണ്ട്. 

അതേസമയം, നമസ്തേ ട്രംപ് പരിപാടിയോട് അനുബന്ധിച്ച് കനത്ത സുരക്ഷയിലാണ് അഹമ്മദാബാദ് നഗരം. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കുന്ന പരിപാടിക്കായി ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരാണ് നഗരത്തിന് കാവലിരിക്കുന്നത്. 

‌പതിനേഴായിരം ഗുജറാത്ത് പൊലീസ് ഉദ്യോഗസ്ഥര്‍, ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കുന്ന എസ്പിജി, അമേരിക്കന്‍ പ്രസിഡന്റിന്റെ സുരക്ഷാവിഭാഗമായ സീക്രട്ട് സര്‍വീസ്. ആയുധധാരികളായ സൈനികരുടെ കരവലയത്തിലാണ് അഹമ്മദാബാദ് നഗരം. ട്രംപ് വന്നിറങ്ങുന്ന സര്‍ദാര്‍ പട്ടേല്‍ രാജ്യാന്തരവിമാനത്താവളത്തില്‍ നിന്നാരംഭിക്കുന്ന റോഡുഷോ അവസാനിക്കുന്ന മൊട്ടേര സ്റ്റേഡിയം വരെ പഴുതടച്ച സുരക്ഷ. സീക്രട്ട് സര്‍വീസസിന്റെ അത്യാധുനിക സുരക്ഷാ വാഹനങ്ങള്‍ വാഷിങ്ടണില്‍നിന്ന് കഴിഞ്ഞദിവസം അഹമ്മദാബാദില്‍ എത്തിച്ചിരുന്നു.

നമസ്തേ ട്രംപ് മെഗാ ഷോ നടക്കുന്ന മൊട്ടേര സ്റ്റേഡിയത്തില്‍ മൂന്ന് തലങ്ങളിലായാണ് സുരക്ഷ ക്രമീകരിച്ചിരിക്കുന്നത്. മോദിയും ട്രംപും ജനങ്ങളെ അഭിസംബോധന ചെയ്യുന്ന വേദിക്കരികില്‍ സീക്രട്ട് സര്‍വീസസും എസ്പിജിയും. സ്റ്റേഡിയത്തിന്റെ പുറത്തുള്ള തുണുകളോ‍ട് ചേര്‍ന്ന് സിആര്‍പിഎഫിന്റെ സായുധ സൈനികര്‍ കാവലിരിക്കും, ഏറ്റവും ഒടുവില്‍ സ്റ്റേഡിയത്തിന് പുറത്ത് ഗുജറാത്ത് പൊലീസിനാണ് സുരക്ഷാച്ചുമതല. 

നമസ്തേ ട്രംപ് മെഗാ ഷോ തുടങ്ങുന്നതിന് മൂന്നുമണിക്കൂര്‍ മുമ്പ് കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കും. വിവിഐപികള്‍ ഒരുമണിക്കൂര്‍ മുമ്പ് പ്രവേശിക്കണം. പരിപാടി അവസാനിച്ച് ഇരുരാഷ്ട്രത്തലവന്‍മാരും വേദി വിട്ടതിന് ശേഷമെ കാണികള്‍ക്ക് പുറത്ത് കടക്കാന്‍ അനുവാദമുള്ളു. അമേരിക്കന്‍ പ്രസിഡന്റ് ഡല്‍ഹിക്ക് തിരിച്ചതിന് ശേഷം മാത്രമാകും അഹമ്മദാബാദ് വിമാനത്താവളത്തിന്റെ രാജ്യാന്തര ടെര്‍മിനല്‍ സാധാരണ യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കുക.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...