പാരിസ്ഥിതികലോല പ്രദേശങ്ങളുടെ വിജ്ഞാപനം വൈകുന്നു; സർക്കാരിനും വനംവകുപ്പിനും വീഴ്ച

eco-sensitive-zone-2
SHARE

സംസ്ഥാനത്തെ സംരക്ഷിത വനപ്രദേശങ്ങള്‍ക്ക് ചുറ്റും പാരിസ്ഥിതിക ലോലപ്രദേശങ്ങള്‍ വിജ്ഞാപനം ചെയ്യുന്നതില്‍ കാലതാമസം വരുത്തി സര്‍ക്കാരും വനംവകുപ്പും. പത്ത് കിലോമീറ്റര്‍ വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിഷ്കര്‍ഷിക്കുമ്പോള്‍, ഒരു കിലോമീറ്റര്‍മതിയെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. പ്രാദേശിക സമിതികള്‍ വിളിച്ചുചേര്‍ത്ത് വനത്തിനും ചുറ്റും താമസിക്കുന്നവരുടെ അഭിപ്രായം ചോദിക്കണമെന്ന നിര്‍ദ്ദേശവും അവഗണിക്കപ്പെട്ടു.

ദേശീയ ഉദ്യാനങ്ങള്‍, വന്യജീവിസങ്കേതങ്ങള്‍ എന്നിവക്ക് ചുറ്റും പത്ത് കിലോമീറ്റര്‍ പ്രദേശം പാരിസ്ഥിതിക ലോലപ്രദേശമായി പ്രഖ്യാപിക്കണമെന്നതാണ് കേന്ദ്ര നിര്‍ദ്ദേശം. പ്രാദേശിക സമിതികള്‍ രൂപീകരിച്ച് , ജനങ്ങളുടെ അഭിപ്രായം കേട്ടശേഷം ആവശ്യമായ പ്രദേശം നോട്ടിഫൈ ചെയ്യണമെന്ന നിര്‍ദ്ദേശം നടപ്പാക്കാതെ വനം വകുപ്പും സര്‍ക്കാരും ഒളിച്ചുകളിക്കുകയാണ്. ഇതിനിടെ ക്വാറി ഉടമകള്‍ നല്‍കിയ കേസില്‍, പാരിസ്ഥിതിക ലോലപ്രദേശങ്ങള്‍‍ ഉടന്‍ വിജ്ഞാപനം ചെയ്യാന്‍  ഹൈക്കോടതി കേന്ദ്ര വൈല്‍ഡ് ലൈഫ് ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയതും നടപ്പായിട്ടില്ല. ഇതില്‍ അപ്പീല്‍ പോകാനും വനം വകുപ്പ് ഇത് വരെ കൂട്ടാക്കിയിട്ടില്ല. ഇതോടെ വനപ്രദേശത്തെ ക്വാറികള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാനുള്ള വഴിയൊരുങ്ങും. കൂടാതെ റിസോര്‍ട്ടുകളുള്‍പ്പെടെയുള്ള വന്‍കിട നിര്‍മ്മാണങ്ങളും തുടരാനാവും.

കേന്ദ്രനിര്‍ദ്ദേശം കേരളം കേട്ടില്ലെന്ന് മാത്രമല്ല  പാരിസ്ഥിതിക ലോലപ്രദേശം ഒരു കീലോമീറ്ററായി ചുരുക്കിക്കൊണ്ട് ഉത്തരവിറക്കുകയും ചെയ്തു. നടപടിക്രമം പാലിക്കാതെ ഇറക്കുന്ന ഉത്തരവിന് നിയമസാധുതയില്ല. നിയമം പാലിച്ച്, സമയബന്ധിതമായി  കാര്യങ്ങൾ ചെയ്തില്ലെങ്കില്‍ ഒാരോ സംരക്ഷിത വനപ്രദേശത്തിന് ചുറ്റും 10 കിലോമീറ്റര്‍ തന്നെ പാരിസ്ഥിതിക ലോലപ്രദേശമാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.  ഇക്കാര്യങ്ങളില്‍ മുന്‍കൈയ്യെടുക്കേണ്ട വനം വകുപ്പ് സംസ്ഥാന ബൈല്‍ഡ് ലൈഫ് ബോര്‍ഡോ, പ്രാദേശിക സമിതികളോ പോലും വിളിച്ചുചേര്‍ക്കാതെ ഒളിച്ചുകളിക്കുകയുമാണ്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...